ലാഭം 166.92 കോടി: നിക്ഷേപകർക്ക് 27% ലാഭവിഹിതം നൽകാൻ തീരുമാനിച്ച് സിയാൽ

By Web TeamFirst Published Jun 30, 2019, 4:06 PM IST
Highlights

ഓഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് 15 ദിവസം വിമാനത്താവളം അടച്ചിടേണ്ടി വന്നെങ്കിലും മൊത്തവരുമാനത്തിൽ 17.52 % വർധനവ് നേടി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 166.92 കോടി രൂപയുടെ ലാഭം നേടി. ഇതേത്തുടർന്ന് നിക്ഷേപകർക്ക് 27 % ലാഭവിഹിതം നൽകാൻ തീരുമാനിച്ചു. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് ഈ തീരുമാനം എടുത്തത്.

മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 650.34 കോടി രൂപയുടെ മൊത്തവരുമാനമാണ് സിയാൽ നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 553.41 കോടി രൂപയായിരുന്നു. ഓഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് 15 ദിവസം വിമാനത്താവളം അടച്ചിടേണ്ടി വന്നെങ്കിലും മൊത്തവരുമാനത്തിൽ 17.52 % വർധനവ് നേടി. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സിയാലിന്‍റെ ലാഭം 166.92 കോടി രൂപയാണ്. 

കഴിഞ്ഞ വർഷത്തേക്കാൾ 7 ശതമാനം വർധനവാണുണ്ടായത്. സിയാൽ ഡ്യൂട്ടി ഫ്രീ ആന്‍റ് റീട്ടെയ്ൽ സർവീസസ് ലിമിറ്റഡ് ഉൾപ്പെടെ 100 ശതമാനം ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ വരുമാനം കൂടി കണക്കിലെടുക്കുമ്പോൾ 807.36 കോടി രൂപയുടെ മൊത്ത വരുമാനവും 184.77 കോടി രൂപ ലാഭവും നേടി. 30 രാജ്യങ്ങളിൽ നിന്നായി 18,000ത്തിലധികം നിക്ഷേപകരുള്ള സിയാലിന്‍റെ രജത ജൂബിലി വർഷമാണിത്. 

വിമാനത്താവളം പ്രവർത്തനം തുടങ്ങിയിട്ട് 20 വർഷം പിന്നിട്ടു. 2004 മുതൽ മുതൽ മുടങ്ങാതെ ലാഭവിഹിതം നൽകുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെക്കൂടാതെ സിയാൽ ഡയറക്ടർ ബോർഡ് അംഗവും മന്ത്രിയുമായ വി എസ് സുനിൽ കുമാർ, സിയാൽ മാനേജിങ് ഡയറക്ടർ വി ജെ കുര്യൻ തുടങ്ങിയവരും ബോർഡ് യോഗത്തിൽ പങ്കെടുത്തു.
 

click me!