വനിതകളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത് ; നിയമവ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന് ഡിജിപി

By Web TeamFirst Published Jan 22, 2020, 8:06 PM IST
Highlights

'സ്ത്രീകളുടെ വീട്ടിൽ വച്ചോ അവ‍ക്ക് സൗകര്യപ്രദമായ സ്ഥലത്തുവച്ചോ വനിതാ ഉദ്യോഗസ്ഥർ വേണം മൊഴിയെടുക്കേണ്ടത്'. 

തിരുവനന്തപുരം: പരാതിക്കാരോ, സാക്ഷികളോ ആയ വനിതകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന് ഡിജിപി. ഇതുസംബന്ധിച്ച് കർശന വ്യവസ്ഥകൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് ഡിജിപി സ്റ്റേഷൻ ഹൗസ് ഓഫീസര്‍മാര്‍ക്ക് സർക്കുലറയച്ചു. വ്യവസ്ഥകള്‍ ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി മുന്നറിയിപ്പ് നൽകി. കുറ്റകൃത്യത്തിന് ഇരയാകുന്ന സ്ത്രീക്ക് നിയമസംരക്ഷണം നൽകുന്നതിനൊപ്പം അവർ‍ക്ക് വൈദ്യസഹായവും നൽകണം. സ്ത്രീകളുടെ വീട്ടിൽ വച്ചോ അവ‍ക്ക് സൗകര്യപ്രദമായ സ്ഥലത്തുവച്ചോ വനിതാ ഉദ്യോഗസ്ഥർ വേണം മൊഴിയെടുക്കേണ്ടത്. വിവരശേഖരണ വിഡിയോയിൽ പകർത്തണം. വനിതകൾ നൽകുന്ന മൊഴികള്‍ ഒപ്പിട്ടുവാങ്ങേണ്ട ആവശ്യവുമില്ലെന്നും ഡിജിപി നിർദ്ദേശിച്ചു.

ഡിജിപിയുടെ സര്‍ക്കുലര്‍

ഒരു വനിത നല്‍കുന്ന വിവരങ്ങളും മൊഴിയും സ്വീകരിക്കുന്നതിന് ക്രിമിനല്‍ നടപടി നിയമ സംഹിത പ്രകാരം വ്യക്തമാക്കിയിട്ടുളള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം.  ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 326(എ), 326(ബി), 354, 354(എ), 354(ബി), 354(സി), 354(ഡി), 375, 376, 376(എ), 376(ബി), 376(സി), 376(ഡി), 376(ഇ), 509 എന്നീ വകുപ്പുകള്‍ പ്രകാരമുളള കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ സ്ത്രീ അക്കാര്യം അറിയിക്കുന്ന പക്ഷം ഒരു വനിതാ പൊലീസ് ഓഫീസറോ വനിതാ ഓഫീസറോ ആ വിവരം രേഖപ്പെടുത്തേണ്ടതാണ്. കുറ്റകൃത്യത്തിന് വിധേയയാകുന്ന സ്ത്രീകള്‍ക്ക് നിയമസംരക്ഷണവും ആരോഗ്യ പ്രവര്‍ത്തകരുടേയോ വനിതാ സംഘടനകളുടേയോ രണ്ടുകൂട്ടരുടേയുമോ സഹായവും ലഭ്യമാക്കണം.  

കുറ്റകൃത്യത്തിന് വിധേയയാകുന്ന സ്ത്രീ താല്‍ക്കാലികമായോ സ്ഥിരമായോ ശാരീരികമോ മാനസികമോ ആയി വൈകല്യം നേരിടുന്നവരാണെങ്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത് കുറ്റകൃത്യത്തിന് വിധേയയായ സ്ത്രീയുടെ വീട്ടില്‍ വച്ചോ അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തുവച്ചോ ആയിരിക്കണം.  ഒരു സ്പെഷ്യല്‍ എഡ്യൂക്കേറ്ററുടേയോ ഇന്‍റര്‍പ്രട്ടറുടേയോ മെഡിക്കല്‍ ഓഫീസറുടേയോ സാന്നിധ്യത്തില്‍ വേണം വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഈ വിവരശേഖരണം കഴിയുന്നതും വീഡിയോയില്‍ പകര്‍ത്തേണ്ടതാണ്.  ക്രിമിനല്‍ നടപടി നിയമ സംഹിത 161(3) വകുപ്പ് പ്രകാരമുളള മൊഴി ഓഡിയോ വീഡിയോ സങ്കേതങ്ങള്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യാവുന്നതാണ്.  വനിതകള്‍ നല്‍കുന്ന മൊഴികള്‍ ഒപ്പിട്ടുവാങ്ങേണ്ട ആവശ്യവുമില്ല.

ക്രിമിനല്‍ നടപടി നിയമ സംഹിതയിലെ 161(1) വകുപ്പിന്‍റെ പ്രോവിസോ പ്രകാരം ഒരു സ്ത്രീയേയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്താന്‍ പാടില്ല.  മാത്രമല്ല അവരുടെ മൊഴി രേഖപ്പെടുത്തുന്നത് അവരുടെ താമസസ്ഥലത്ത് വച്ചായിരിക്കുകയും വേണം.  കേസന്വേഷണവും ചോദ്യം ചെയ്യലും നടത്തുന്ന ഉദ്യോഗസ്ഥര്‍ വ്യക്തികളുടെ നിയമപരവും മാനുഷികവുമായ അവകാശങ്ങളെ മാനിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

click me!