
കൊച്ചി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിലും പ്രതിഷേധങ്ങൾ തുടരുന്നു. കളമശ്ശേരിയിലെ കുസാറ്റില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പഠിപ്പ് മുടക്കി വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പ്രകടനം നടത്തി. പ്രകടനം പൊലീസ് തടഞ്ഞു. വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. സമരം ചെയ്ത ഒരു വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിരിഞ്ഞു പോയില്ലെങ്കില്‍ എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കുമെന്ന് പൊലീസ് അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഭരണ-പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സത്യഗ്രഹവും നടക്കുന്നുണ്ട്. കേന്ദ്ര നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് സംയുക്ത പ്രതിഷേധത്തിന് ഒരുങ്ങിയത്. തിരുവനന്തപുരത്ത് പ്രതിഷേധത്തിന് ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുന്നു എന്ന അപൂര്‍വ്വത കൂടിയുണ്ട്.
എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. റെയിൽവേ സ്റ്റേഷന് മുന്നിൽ ആദ്യം മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ പിന്നീട് സ്റ്റേഷനുള്ളില്‍ കടന്ന് പാളത്തിൽ കുത്തിയിരുന്നു. ഈ സമയം സ്റ്റേഷനിൽ ഉണ്ടായിരുന്ന ട്രെയിനിനു മുകളിൽ കയറിയും പ്രതിഷേധിച്ചു. പ്രതിഷേധം കാരണം സൗത്ത് റെയിൽവേ സ്റ്റേഷൻ വഴി കടന്നുപോകേണ്ട രണ്ട് ട്രെയിനുകൾ നോർത്തിലൂടെ വഴി തിരിച്ചുവിട്ടു. രണ്ട് മണിക്കൂറോളം പ്രതിഷേധം സംഘടിപ്പിച്ച ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. കോഴിക്കോടും തലശ്ശേരിയിലും പ്രതിഷേധക്കാര്‍ ട്രെയിൻ തടഞ്ഞു. പെരിന്തൽമണ്ണയിൽ രാജ്യറാണി എക്സ്പ്രസ് തടഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam