ഓണസദ്യ വലിച്ചെറിഞ്ഞതിന്റെ പേരിലെ നടപടി: സമ്മർദ്ദം ശക്തമാക്കി സിഐടിയു,  എം.വി.ഗോവിന്ദന് കത്ത് നൽകും

By Web TeamFirst Published Sep 10, 2022, 2:04 PM IST
Highlights

ഏകപക്ഷീയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കത്ത് നൽകാനാണ് സിഐടിയുവിന്റെ തീരുമാനം

തിരുവനന്തപുരം: ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയതിന്റെ പേരിൽ ശുചീകരണ തൊഴിലാളികൾക്കെതിരെ എടുത്ത നടപടി പിൻവലിക്കണമെന്ന് സിഐടിയു. ഏകപക്ഷീയമായ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കത്ത് നൽകാനാണ് സിഐടിയുവിന്റെ തീരുമാനം. നടപടി പിൻവലിച്ചില്ലെങ്കിൽ തിങ്കളാഴ്ച കോര്‍പ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് ശുചീകരണ തൊഴിലാളികളും വ്യക്തമാക്കി. ഓണസദ്യ വലിച്ചെറിഞ്ഞതിന്റെ പേരിൽ 7 തൊഴിലാളികളെ സസ്പെൻഡ് ചെയ്യുകയും നാല് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഓണാവധിക്ക് ശേഷം തിങ്കളാഴ്ച കോർപ്പറേഷൻ ഓഫീസ് തുറക്കാനിരിക്കെയാണ് സിഐടിയു സമ്മർദ്ദം ശക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വിരുദ്ധാഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു. പ്രതിഷേധിക്കുന്നവരെ ജോലിയിൽ നിന്ന് പുറത്താക്കുന്ന പാർട്ടിയല്ല സിപിഎം എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചത്. അതേസമയം എന്തിന്‍റെ പേരിലായാലും ഭക്ഷണം വലിച്ചറിഞ്ഞത് അവിവേകമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സംസ്ഥാന സെക്രട്ടറി തൊഴിലാളികൾക്കൊപ്പം, ജില്ലാ സെക്രട്ടറി മേയർക്കൊപ്പവും; ഓണസദ്യ വലിച്ചെറിഞ്ഞതിൽ രണ്ടഭിപ്രായം

ജോലിയെല്ലാം നേരത്തെ തീർത്തിട്ടും ഓണാഘോഷത്തിന് തൊട്ടു മുമ്പ് അറവുമാലിന്യം പെറുക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആവശ്യപ്പെട്ടതിനെതിരെയായിരുന്നു ശനിയാഴ്ച സിഐടിയു തൊഴിലാളികൾ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിഷേധിച്ചത്. രാവിലെ അഞ്ചു മണിക്കെത്തി എട്ടരയോടെ ഓണാഘോഷത്തിലേക്ക് കടക്കാൻ പോകുന്നതിനിടെ അറവു മാലിന്യം പെറുക്കാൻ ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടര്‍ തൊഴിലാളികളെ കൊണ്ടുപോയി. തിരിച്ചെത്തിച്ചത് ഒന്നരയോടെ. ജോലി കഴിഞ്ഞ് ക്ഷീണിതരായെത്തിയ തൊഴിലാളികൾ സ്വന്തം പണം മുടക്കി വാങ്ങിയ സദ്യ കഴിക്കാനെടുത്തപ്പോൾ ആറിത്തണുത്തിരുന്നു. തുടർന്നായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.

 

click me!