Asianet News MalayalamAsianet News Malayalam

സംസ്ഥാന സെക്രട്ടറി തൊഴിലാളികൾക്കൊപ്പം, ജില്ലാ സെക്രട്ടറി മേയർക്കൊപ്പവും; ഓണസദ്യ വലിച്ചെറിഞ്ഞതിൽ രണ്ടഭിപ്രായം

പ്രതിഷേധിക്കുന്നവരെ ജോലിയിൽ നിന്ന് പുറത്താക്കുന്ന പാർട്ടിയല്ല സിപിഎം എന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എന്തിന്‍റെ പേരിലായാലും ഭക്ഷണം വലിച്ചറിഞ്ഞത് അവിവേകമാണെന്ന് ആനാവൂർ നാഗപ്പൻ 

CPM state secretary supports corporation workers in Onam feast controversy
Author
First Published Sep 9, 2022, 7:11 PM IST

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയതിന് നടപടി നേരിട്ട ശുചീകരണ തൊഴിലാളികളെ തള്ളിപ്പറഞ്ഞും ഒപ്പം കൂട്ടിയും സിപിഎം. പ്രതിഷേധിക്കുന്നവരെ ജോലിയിൽ നിന്ന് പുറത്താക്കുന്ന പാർട്ടിയല്ല സിപിഎം എന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. അതേസമയം എന്തിന്‍റെ പേരിലായാലും ഭക്ഷണം വലിച്ചറിഞ്ഞത് അവിവേകമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശുചീകരണ തൊഴിലാളികൾക്കെതിരെ നടപടിയെടുത്ത തിരുവനന്തപുരം മേയറുടെ നടപടിയെ ചൊല്ലിയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വിരുദ്ധാഭിപ്രായം പങ്കുവച്ചത്.

ജോലിയെല്ലാം നേരത്തെ തീർത്തിട്ടും ഓണാഘോഷത്തിന് തൊട്ടു മുമ്പ് അറവുമാലിന്യം പെറുക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെകർ ആവശ്യപ്പെട്ടതിനെതിരെയായിരുന്നു ശനിയാഴ്ച സിഐടിയു തൊഴിലാളികൾ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിഷേധിച്ചത്. രാവിലെ അഞ്ചു മണിക്കെത്തി എട്ടരയോടെ ഓണാഘോഷത്തിലേക്ക് കടക്കാൻ പോകുന്നതിനിടെ അറവു മാലിന്യം പെറുക്കാൻ ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടര്‍ തൊഴിലാളികളെ കൊണ്ടുപോയി. തിരിച്ചെത്തിച്ചത് ഒന്നരയോടെ. ജോലി കഴിഞ്ഞ് ക്ഷീണിതരായെത്തിയ തൊഴിലാളികൾ സ്വന്തം പണം മുടക്കി വാങ്ങിയ സദ്യ കഴിക്കാനെടുത്തപ്പോൾ ആറിത്തണുത്തിരുന്നു. തുടർന്നായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.

ഓണാഘോഷമുണ്ടെന്ന് മുൻകൂട്ടി അറിയിച്ചിട്ടും പ്രതികാരബുദ്ധിയോടെ ജെഎച്ച്ഐ വിനോദ് പണിയെടുപ്പിച്ച് ഓണാഘോഷം കുളമാക്കിയതിനെതിരെയായിരുന്നു പ്രതിഷേധം. സദ്യ മാലിന്യക്കുപ്പയിൽ തള്ളിയ ഏഴ് സ്ഥിരം തൊഴിലാളികൾക്കെതിരെ പക്ഷേ നഗരസഭ നടപടിയെടുത്തു. 7 സ്ഥിരം തൊഴിലാളികളെ സസ്പെൻഡ് ചെയ്ത മേയർ ആര്യ രാജേന്ദ്രൻ, നാല് താത്കാലികക്കാരെ പിരിച്ചുവിട്ടു. ഇതിനു പിന്നാലെ മേയറുടെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 

ജീവനക്കാര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് മേയര്‍ക്കെതിരെ ഇടത് പ്രൊഫൈലുകളിൽ നിന്നടക്കം വിമര്‍ശനമുയര്‍ന്നു. ഇതിനിടയിലാണ് തൊഴിലാളികളെ പിന്തുണച്ചു കൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റേയും തള്ളിക്കൊണ്ടുള്ള ജില്ലാ സെക്രട്ടറിയുടേയും പ്രതികരണം എത്തിയിരിക്കുന്നത്. അതിവേഗമെടുത്ത നടപടിയിൽ സിഐടിയുവിൽ അമർഷം നിലനിൽക്കെയാണ് ആര്യാ രാജേന്ദ്രനെ ആനാവൂര്‍ പിന്തുണച്ചത്. പ്രശ്നം മേയർ തന്നെ തീർക്കുമെന്ന് ആനാവൂർ പറയുന്നുണ്ടെങ്കിലും ഒത്തുതീർപ്പ് ശ്രമങ്ങൾ പാർട്ടിയും നടത്തുന്നുണ്ട്. കോഴിക്കോട് നിന്നി നാളെ തിരിച്ചെത്തുന്ന മേയറുമായി സിഐടിയു ചർച്ച നടത്തി തൊഴിലാളികളെ തിരിച്ചെടുപ്പിക്കാനാണ് നീക്കം .

 

Follow Us:
Download App:
  • android
  • ios