
ആലപ്പുഴ: സിഐടിയുവിൽ സംഘടനാ ദൗർബല്യങ്ങൾ നിലനിൽക്കുന്നതായി ആലപ്പുഴയിലെ സംസ്ഥാന സമ്മേളന സമ്മേളനത്തിന്‍റെ പ്രവർത്തന റിപ്പോർട്ട്. ചില നേതാക്കൾ സാമ്പത്തിക താൽപര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്നുവെന്നും, കെഎസ്ആർടിസിയിൽ സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങൾ ഫലം കണ്ടില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
സിഐടിയുവിന്‍റെ സംസ്ഥാന നേതാക്കളിൽ പലരും സംഘടനാ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന ഗുരുതര വിമർശനവും പ്രവർത്തന റിപ്പോർട്ട് ഉന്നയിക്കുന്നു. മുൻ മന്ത്രി എസ് ശർമ്മയുടെ പേര് എടുത്ത് പറഞ്ഞ് വിമർശനമുണ്ട്. തൊഴിലാളികളുടെ അംഗത്വം വർധിപ്പിക്കുന്നത് ലക്ഷ്യംകണ്ടില്ലെന്നും വടക്കൻ ജില്ലകളിൽ കോഴിക്കോടും പാലക്കാടും ഒഴികെ ജില്ലാ നേതൃത്വങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ആലപ്പുഴയിലെ ജില്ലാ നേതാക്കളുടെ പ്രവർത്തനത്തെ സംഘടനാ റിപ്പോർട്ടിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. കെഎസ്ആർടിസിയിൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങളിൽ തൊഴിലാളികൾ അസംത്യപ്തരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കോർപ്പറേഷനെ രക്ഷിക്കാൻ സർക്കാർ നടത്തിയ ഇടപെടലുകൾ വേണ്ടത്ര പ്രതിഫലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അശാസ്ത്രീയ പരിഷ്കാരങ്ങൾ കാരണം തൊഴിലാളികൾ അസംതൃപ്തരാണെന്നും ജനാധിപത്യ അവകാശങ്ങൾ പോലും ഹനിക്കപ്പെടുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ ഇന്നും നാളെയും ചർച്ച നടക്കും. പതിനാലാം സംസ്ഥാന സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്തു. വിവിധ തൊഴിലാളി യൂണിയൻ നേതാക്കൾ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam