Thalassery : തലശ്ശേരിയിൽ ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുകയാണെന്ന് കമ്മീഷണർ; രണ്ട് ദിവസം കൂടി നിരോധനാജ്ഞ

By Web TeamFirst Published Dec 4, 2021, 7:11 AM IST
Highlights

നിരോധനാജ്ഞ  ലംഘിച്ച ബിജെപിക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും. നഗരത്തിൽ എല്ലായിടത്തും കൂടുതൽ പൊലീസിനെ വിന്യസിച്ചു.  രാഷ്ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കുമെന്നും കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. 

കണ്ണൂർ: തലശ്ശേരിയിൽ (Thalassery) ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുകയാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ. നിരോധനാജ്ഞ  ലംഘിച്ച ബിജെപിക്കാർക്കെതിരെ (BJP)  കർശന നടപടി ഉണ്ടാകും. നഗരത്തിൽ എല്ലായിടത്തും കൂടുതൽ പൊലീസിനെ വിന്യസിച്ചു.  രാഷ്ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കുമെന്നും കമ്മീഷണർ ആർ ഇളങ്കോ (R Ilango) അറിയിച്ചു. 
 
സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ തലശ്ശേരിയിൽ രണ്ട് ദിവസം കൂടി നിരോധനാജ്ഞ തുടരും. ആളുകൾ അനാവശ്യമായി നഗരത്തിലേക്ക് എത്തരുതെന്നും കൂട്ടം കൂടി നിൽക്കരുതെന്നും പൊലീസ് അറിയിച്ചു. ഇന്നലെ നിരോധനാജ്ഞ ലംഘിച്ച് മാർച്ച് നടത്തിയതിന് ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപടെ അഞ്ചുപേർക്കെതിരെ കേസെടുത്തിരുന്നു. എസ്‍ഡിപിഐ- ആർഎസ്എസ് സംഘർഷം ഒഴിവാക്കാൻ തലശ്ശേരി മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്. 

നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർ തടിച്ചു കൂടിയതിനെ തുടർന്ന് ഇന്നലെ വൈകിട്ടോടെ വൻ സംഘർഷാവസ്ഥയാണ് ഉണ്ടായത്. തലശ്ശേരിയിലെ ബിജെപി ഓഫീസിന് മുന്നിൽ ഒത്തുചേർന്ന പ്രവർത്തകർ അവിടെ നിന്നും മുദ്രാവാക്യം വിളിയുമായി സിപിഎം ഓഫീസിലേക്ക് വരികയായിരുന്നു. ഏതാണ്ട് മുന്നൂറോളം ബിജെപി പ്രവർത്തകർ തലശ്ശേരി ടൗണിൽ എത്തിയിരുന്നു. ന​ഗരത്തിൻ്റെ വിവിധ ഭാ​ഗങ്ങളിലായി ബിജെപി പ്രവ‍ർത്തകർ തമ്പടിച്ചു നിന്നു. പത്ത് മിനിറ്റിനകം പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പൊലീസ് ബിജെപി പ്രവ‍ർത്തകരോട് ആവശ്യപ്പെടുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തതിനെത്തുടർന്ന് പ്രവർത്തകർ പിന്നീട് പിരിഞ്ഞുപോകുകയായിരുന്നു.

രണ്ട് ദിവസം മുൻപ് കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ ചരമവാർഷിക ദിനത്തിൽ ബിജെപി - ആർഎസ്എസ് പ്രവർത്തകർ തലശ്ശേരി ന​ഗരത്തിൽ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിൽ വർ​ഗീയചേരിതിരിവുണ്ടാക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഭവം വിവാദമായതിനെ തുട‍ർന്ന് കണ്ടാലറിയുന്ന 25 ആർഎസ്എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെ പ്രകടനത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം എസ്.‍ഡിപിഐ, യൂത്ത് ലീ​ഗ്, സിപിഎം സംഘടനകൾ തലശ്ശേരി ടൗണിൽ മുദ്രാവ്യം വിളിച്ചിരുന്നു. എസ്‍ഡിപിഐ പ്രകടനത്തിനിടെ വ‍ർ​ഗ്​ഗീയ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ഇന്ന് ബിജെപി പ്രവർത്തകർ വീണ്ടും പ്രകടനം നടത്തും എന്ന് പ്രഖ്യാപിച്ചു. ഇതോടെ തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ണൂർ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

click me!