
തിരുവനന്തപുരം: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമര്‍ശം ഏറെ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. തങ്ങളുടെ മുന്നില്‍ വരുന്ന വിഷയങ്ങളെ വിലയിരുത്തി ഉത്തരവ് നല്‍കുവാന്‍ കോടതിക്ക് അവകാശമുണ്ട്. എന്നാല്‍ ഈ കേസില്‍ പരാതിക്കാരിയുടെ വസ്‌ത്ര ധാരണത്തെക്കുറിച്ച് നടത്തിയ കോടതിയുടെ പരാമര്‍ശം സുപ്രീംകോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത്തരം കേസുകളുടെ വിചാരണയില്‍ കോടതി നടപടികൾ അതിജീവിതയ്ക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതാകരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശമുണ്ട്.
പരാതിക്കാരിയെ പ്രതിയുടെ അഭിഭാഷകന്‍ ക്രോസ് വിസ്‌താരം നടത്തുമ്പോൾ പോലും അവരെ അവഹേളിക്കുന്ന ചോദ്യങ്ങളോ, പരാമര്‍ശങ്ങളോ ഉണ്ടാകരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കെയാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായിരിക്കുന്നത്.
ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം പൗരന് ഉറപ്പ് നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം കൂടിയാണ് വസ്‌ത്ര ധാരണത്തെ സംബന്ധിച്ചുള്ള കോടതി പരാമര്‍ശമെന്നും സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ വ്യക്തമാക്കി.
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിച്ചത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിക്കുന്നുണ്ട്.
സിവിക് ചന്ദ്രന് അനുകൂലമായ കോടതി വിധി; അപ്പീലുമായി സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് എതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്. സെഷൻസ് കോടതി ജാമ്യം നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടും. കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറാണ് ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ സിവിക് ചന്ദ്രന് വിചിത്ര വാദങ്ങൾ ഉന്നയിച്ച് മുൻകൂര്‍ ജാമ്യം അനുവദിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam