സിവിക് ചന്ദ്രൻ കേസ്: 'പുറത്തുവന്നത് മെയിൽ ഷോവനിസം'; സെഷൻസ് കോടതി പരാമർശത്തിൽ വ്യാപക പ്രതിഷേധം

Published : Aug 17, 2022, 12:11 PM ISTUpdated : Aug 17, 2022, 12:16 PM IST
സിവിക് ചന്ദ്രൻ കേസ്: 'പുറത്തുവന്നത് മെയിൽ ഷോവനിസം'; സെഷൻസ് കോടതി പരാമർശത്തിൽ വ്യാപക പ്രതിഷേധം

Synopsis

 ജഡ്ജിമാർക്കും മജിസ്ട്രേട്ടുമാർക്കും ജെൻഡർ ട്രെയിനിംഗ് കൊടുക്കണം എന്ന് കെ.അജിത, വിവരക്കേട് എന്നേ പറയാൻ കഴിയൂ എന്ന് ഹൈക്കോടതി മുൻ ജഡ്‍ജി ജസ്റ്റിസ് കെമാൽ പാഷ 

കോഴിക്കോട്:  സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി ജഡ്‍ജിയുടെ വിവാദ പരാമർശത്തിൽ വ്യാപക പ്രതിഷേധം. നിയമ വിദഗ്‍ധരും എഴുത്തുകാരും വനിതാ പ്രവർത്തകരും കോടതി ഉത്തരവിനെതിരെ രംഗത്തെത്തി. 

ജസ്റ്റിസ് കെമാൽ പാഷ, റിട്ടയേ‍‍ർഡ് ജസ്റ്റിസ്
ഇത്തരത്തിൽ എഴുതി വയ്ക്കുന്നതിനെ വിവരക്കേട് എന്നേ പറയാൻ കഴിയൂ എന്ന് ഹൈക്കോടതി മുൻ ജഡ്‍ജി ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. ഒരിക്കിലും ഒരു കോടതി എഴുതി വയ്ക്കേണ്ട ഒന്നല്ല ഇത്തരം വിചാകങ്ങൾ. ഇന്നത്തെ കാലത്ത്, പ്രത്യേകിച്ച് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും വേണ്ടി ഇത്രയധികം വാദിക്കുന്ന കാലത്ത്, ഇത്തരത്തിൽ ഒരു ഉത്തരവ് ഉണ്ടാകുക എന്നത് ഖേദകരമാണ്. ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്തതാണ് കോടതി ഉത്തരവിലെ പരാമർശമെന്നും ജസ്റ്റിസ് കെമാൽ പാഷ പറ‍ഞ്ഞു. ഇഷ്ടമുള്ള വേഷം ധരിക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ട്. അത്തരത്തിൽ വേഷം ധരിച്ചാൽ പ്രകോപനം ഉണ്ടാകും എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. അത്തരത്തിൽ പ്രകോപനം ഉണ്ടാകുന്നവരെ ശിക്ഷിക്കാനല്ലേ കോടതി എന്നും ജസ്റ്റിസ് കെമാൽ പാഷ ചോദിച്ചു. 'മെയിൽ ഷോവനിസം' പുറത്തു കാണിക്കുന്ന പരമാർശമാണ് ഇത്. 74 വയസ്സുള്ള ഒരാൾ ഇങ്ങനെയെല്ലാം ചെയ്യുമോ എന്ന വിധിന്യായത്തിലെ സംശയത്തെയും ജസ്റ്റിസ് കെമാൽ പാഷ വിമർശിച്ചു. 90 വയസ്സുള്ളവർ ബലാത്സംഗം ചെയ്യുന്ന നാടാണ് നമ്മുടേതെന്ന് ഓർക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.അജിത, അന്വേഷി
സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗങ്ങൾക്ക് കാരണം എന്ന നിലപാട് നേരത്തെ പലരും പറ‍ഞ്ഞിട്ടുള്ളതാണ്. സ്ത്രീകളാണ് സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾക്ക് കാരണം എന്ന് പറയുന്നതിന് തുല്യമാണത്. നാട്ടിൻപുറങ്ങളിൽ പുരുഷൻമാർ തോർത്തുമുണ്ട് ഉടുത്ത് തെങ്ങ് ചെത്താനും മറ്റും പോകുമ്പോൾ സ്ത്രീകൾക്ക് പ്രകോപനം ഉണ്ടാകുകയോ ബലാത്സംഗം ചെയ്യാൻ പോകുകയോ ചെയ്യുന്നുണ്ടോ എന്ന് കെ.അജിത ചോദിച്ചു. അങ്ങയേറ്റം സ്ത്രീവിരുദ്ധ നിലപാടാണ കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. പുരുഷാധിപത്യപരമായ നിലപാടാണ് സെഷൻസ് കോടതി ജഡ്‍ജിയുടെ ഉത്തരവിൽ പ്രതിഫലിക്കുന്നതെന്നും കെ.അജിത പറ‌ഞ്ഞു. ജഡ്ജിമാർക്കും മജിസ്ട്രേട്ടുമാർക്കും ജെൻഡർ ട്രെയിനിംഗ് കൊടുക്കണം എന്നും അജിത ആവശ്യപ്പെട്ടു.

സി.എസ്.ചന്ദ്രിക, എഴുത്തുകാരി
മുഴുവൻ കേരളീയരും ലജ്ജിച്ച് തല താഴ്ത്തേണ്ട അവസ്ഥയാണ് കോഴിക്കോട് സെഷൻസ് കോടതിയുടെ ജഡ്‍ജ്‍മെന്റിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് എഴുത്തുകാരി സി.എസ്.ചന്ദ്രിക വ്യക്തമാക്കി. അത്രയും വൃത്തികെട്ട ഉത്തരവാണ് പുറത്തു വന്നിരിക്കുന്നത്. ഈ ജ‍ഡ്‍ജി ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. വളരെ ഫ്രീയായി ജീവിക്കുകയും വസ്ത്രധാരണം നടത്തുകയും ചെയ്യുന്ന പെൺകുട്ടികളാണ് ഈ തലമുറയിലുള്ളത്. ഇത്തരത്തിൽ വസ്ത്രം ധരിച്ച എല്ലാവരേയും കയറി പിടിക്കാം എന്നാണോ ജഡ്‍ജിയും സിവിക് ചന്ദ്രനും കരുതുന്നത് എന്നാണോ മനസ്സിലാക്കേണ്ടതെന്നും സി.എസ്.ചന്ദ്രിക ചോദിച്ചു.

'പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം'; സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗികപീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് കോടതി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജ‍ഡ്ജി എസ്.കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന  കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ്  നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.  പ്രതിഭാഗം കോടതിയില്‍  ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുൻകൂ‍ർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിക്കുന്നുണ്ട്. 

'പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന് ജഡ്ജി'; ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകുമെന്ന് പരാതിക്കാരി

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി ജഡ്‍ജിയുടെ വിവാദ ഉത്തരവിനെതിരെ പരാതിക്കാരി. സെഷൻസ് കോടതി ജ‍ഡ്‍ജി എസ്.കൃഷ്ണകുമാറിന്റെ വിവാദ ഉത്തരവിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകുമെന്ന് ഇരയായ യുവതി വ്യക്തമാക്കി. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ സിവിക് ചന്ദ്രനെതിരെ ചുമത്തിയ 354 എ വകുപ്പ്  നിലനില്‍ക്കില്ലെന്ന് കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ നിരീക്ഷിച്ചിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് വിവാദ പരാമർശം ഉള്ളത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൂന്നാറിൽ വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്
വിവാഹ ചടങ്ങിന് പോയി തിരിച്ചുവരുന്നതിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തിനശിച്ചു