Asianet News MalayalamAsianet News Malayalam

'പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന് ജഡ്ജി'; ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകുമെന്ന് പരാതിക്കാരി

പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ സിവിക് ചന്ദ്രനെതിരെ ചുമത്തിയ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്ന കോടതി ഉത്തരവിനെതിരെ പരാതി നൽകും

Civic Chandran case, Petitioner to approach High court Registrar against Sessions Court Judge
Author
Kozhikode, First Published Aug 17, 2022, 11:27 AM IST

കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി ജഡ്‍ജിയുടെ വിവാദ ഉത്തരവിനെതിരെ പരാതിക്കാരി. സെഷൻസ് കോടതി ജ‍ഡ്‍ജി എസ്.കൃഷ്ണകുമാറിന്റെ വിവാദ ഉത്തരവിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകുമെന്ന് ഇരയായ യുവതി വ്യക്തമാക്കി. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ സിവിക് ചന്ദ്രനെതിരെ ചുമത്തിയ 354 എ വകുപ്പ്  നിലനില്‍ക്കില്ലെന്ന് കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ നിരീക്ഷിച്ചിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് വിവാദ പരാമർശം ഉള്ളത്. ഉത്തരവിൽ പ്രതിയുടെ മക്കളുടെ സ്ഥാനമാനങ്ങളടക്കം ചൂണ്ടിക്കാട്ടി സമൂഹത്തിൽ ഉന്നതപദവിയുള്ളയാൾ പീഡനം നടത്താനിടയില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് ഉത്തരവിലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി രജിസ്ട്രാറെ പരാതിക്കാരി സമീപിക്കാനരുങ്ങുന്നത്. സിവികിനെതിരെ ആദ്യം പൊലീസിനെ സമീപിച്ച പരാതിക്കാരിയും ഹൈക്കോടതി രജിസ്ട്രാറെ സമീപിച്ചേക്കും. വിധിക്കെതിരെ അപ്പീൽ നൽകാൻ പ്രോസിക്യൂഷനും ആലോചിക്കുന്നുണ്ട്.

'പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം'; സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗികപീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി

 "പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെക്ഷൻ 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല'', ഇതായിരുന്നു മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് ഇറക്കിയ ഉത്തരവിൽ കോടതിയുടെ നിരീക്ഷണം. ശാരീരിക അവശതകളുള്ള പ്രതി പരാതിക്കാരിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു എന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. 354 എ പ്രകാരം കേസ് എടുക്കണമെങ്കിൽ ഒരു സ്ത്രീയുടെ മാന്യതയ്ക്കും അന്തസ്സിനും ഭം​ഗം വരുത്തിയെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഉണ്ടായിരിക്കണം എന്നും കോടതി വ്യക്തമാക്കി.

2020 ഫെബ്രുവരിയിൽ നന്തി ബീച്ചിൽ നടന്ന ക്യാമ്പിൽ യുവ എഴുത്തുകാരിയായ യുവതിയോട് പ്രതി സിവിക് ചന്ദ്രൻ ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയെന്നും അന്തസിന് ഭം​ഗം വരുത്താൻ ശ്രമിച്ചെന്നുമാണ് കേസ്.  അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സിവിക്ക് ചന്ദ്രന് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. രണ്ടാമത്തെ കേസിൽ ഓഗസ്റ്റ് 12ന് ആണ് സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഇതിന്റെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് വിവാദ പരാമർശം പുറത്തു വന്നത്. 

 

Follow Us:
Download App:
  • android
  • ios