
തിരുവനന്തപുരം: പൊലീസ് ഉന്നതരുടെ അട്ടിമറിയിൽ തൊഴിൽ അവകാശം നിഷേധിക്കപ്പെട്ട് ആയിരത്തോളം യുവാക്കൾ. സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികകൾ നികത്താനുള്ള മന്ത്രിസഭാ തീരുമാനം നടപ്പായില്ല. കാലാവധി തീർന്നതോടെ സർക്കാരിന്റെ കനിവ് കാത്ത് ഉദ്യോഗാർത്ഥികൾ. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര 'പണി'കിട്ടിയവർ തുടരുന്നു.
മന്ത്രിസഭ തീരുമാനം പോലും വകുപ്പ് ഉന്നതര്‍ അട്ടിമറിച്ചപ്പോള്‍ തൊഴില്‍ അവകാശം നിഷേധിക്കപ്പെട്ട കഥയാണ് സംസ്ഥാനത്തെ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ചെറുപ്പക്കാര്‍ക്ക് പറയാനുളളത്. അനീതികള്‍ക്കെതിരെ ആശ്രയമാകേണ്ട പൊലീസ് വകുപ്പിലെ ഉന്നതരാണ് ആയിരത്തിലേറെ ചെറുപ്പക്കാരുടെ തൊഴില്‍ സ്വപ്നം അട്ടിമറിച്ചത്. ഉദ്യോഗസ്ഥരുടെ കളളക്കളികള്‍ക്കിടയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 30ന് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുക കൂടി ചെയ്തതോടെ സര്‍ക്കാരിന്‍റെ കനിവ് തേടുകയാണ് ലിസ്റ്റിലുള്ള യുവാക്കള്‍.
ജൂണ്‍ 17 ന് സംസ്ഥാന മന്ത്രിസഭയെടുത്ത തീരുമാനം പൊലീസ് ഏമാന്‍മാര്‍ അട്ടിമറിച്ചതോടെയാണ് സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ആയിരത്തിലേറെ ചെറുപ്പക്കാരുടെ തൊഴില്‍ സ്വപ്നവും പൊലിഞ്ഞത്. 1200 സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികള്‍ക്ക് തുടര്‍ച്ചാനുമതി നല്‍കാനായിരുന്നു ജൂണ്‍ 17ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. ജൂണ്‍ 30ന് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കും മുമ്പ് ഈ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൊലീസ് ആസ്ഥാനത്തു നിന്ന് ഉറപ്പും കിട്ടി. ആ ഉറപ്പ് വിശ്വസിച്ച് കാത്തിരുന്നിടത്താണ് ഉദ്യോഗാര്‍ഥികള്‍ വഞ്ചിക്കപ്പെട്ടത്.
റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്ന ജൂണ്‍ 30ന് വൈകിട്ടും ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഒന്നും പേടിക്കേണ്ട രാത്രി പന്ത്രണ്ടു മണി വരെ സമയമുണ്ടെന്നും എല്ലാം ശരിയാക്കുമെന്നും ഉറപ്പും കിട്ടി. പക്ഷേ ജൂണ്‍ 30ന് വൈകുന്നേരം അഞ്ച് മണി വരെ ഉറപ്പ് കൊടുത്തവര്‍ ജൂലൈ 1 ന് നേരം പുലര്‍ന്നപ്പോഴേക്കും കൈമലര്‍ത്തി. ഒരു ഒഴിവ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ ഉദ്യോഗാര്‍ഥികളെ വൃത്തിയായി തേച്ചു. തുടര്‍ച്ചയായി കബളിപ്പിക്കപ്പെട്ടിട്ടും ഈ ചെറുപ്പക്കാരിപ്പോഴും സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam