
കൊച്ചി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ പോരാട്ടം തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. മാധ്യമങ്ങളുടെ മുന്നിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിവിലാണ്. എന്തിനാണ് ചോദ്യങ്ങളെ ഭയക്കുന്നത്? 56 ഇഞ്ചുകാരൻ എത്ര ഭീരുവാണെന്ന് സമരത്തോടുള്ള സർക്കാർ സമീപനം വ്യക്തമാക്കിയെന്നും ദീപ്കെ പറഞ്ഞു.`ജന്തർമന്തർ അറ്റ് കൊച്ചി' പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ പ്രകാശ് രാജും പങ്കെടുക്കാനെത്തി. പ്രസംഗത്തിൽ ദീപ്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ചു. നെഹ്‌റുവിനും ഗാന്ധിക്കും ഒപ്പം നിൽക്കാൻ മോദിക്ക് കഴിയില്ലെന്നും എത്ര വർഷം മോദി ഭരിച്ചാലും നെഹ്റുവിനേക്കാൾ വലുതാകില്ലെന്നും ദീപ്കെ പറഞ്ഞു. ട്രംപിന് മുന്നിൽ കീഴടങ്ങിയതും രാജ്യത്തെ വിറ്റതും മോദിയാണ്. എന്നിട്ടും പറയുന്നത് സിജെപിക്ക് വിദേശ സംഭാവന ലഭിക്കുന്നുവെന്നാണ്. താൻ ജയിലിൽ പോയത് ദേശീയ പതാക ഉയർത്തിയതിനാണ്. രാജ്യത്തിൻ്റെ ഓരോ കോണിൽ പോയാലും ദേശീയ പതാക കൈയിലേന്തുമെന്നും അദ്ദേഹം ആവർത്തിച്ചു.
2029ൽ മോദി അധികാരത്തിൽ നിന്ന് പോകും. അധികാര മാറ്റം തെരഞ്ഞെടുപ്പിലൂടെയാകും. മോദിക്ക് രാജ്യത്തെ കുട്ടികളോട് ഒരു കരുതലുമില്ലെന്ന് പറഞ്ഞ ദീപ്കെ ഗുജറാത്ത് കലാപവും ഓർമിപ്പിച്ചു. ഗുജറാത്തിൽ കലാപം ഉണ്ടാക്കിയത് ആരെന്ന് എല്ലാവർക്കും അറിയാമെന്നും പക്ഷേ സിജെപി കലാപം ഉണ്ടാക്കാൻ വന്നവരല്ലെന്നും പറഞ്ഞു. മൂന്ന് മാസത്തിനിടെ താൻ 50 ലധികം വാർത്താസമ്മേളനം നടത്തി. മോദി ഒരു തവണ പോലും മാധ്യമങ്ങളെ കണ്ടിട്ടില്ല. മോദി എന്തിനാണ് ചോദ്യങ്ങളെ ഭയക്കുന്നത്. സിജെപിക്കാർ അരാജക വാദികളാണെന്ന് മോദി ആരോപിക്കുന്നു. തങ്ങൾ അരാജക വാദികളല്ലെന്നും അംബേദ്ക്കറിസ്റ്റുകളാണെന്നും ദീപ്കെ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam