
മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സംഘർഷത്തിൽ അറസ്റ്റിൽ ആയവരുടെ എണ്ണം ആറായി. എംഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകനായ ആക്കോട് കൊടിയമ്മൽ സ്വദേശി അഹമ്മദ് മർഷദിനെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ പ്രവർത്തകൻ മുഹമ്മദ് മിഥിലാജ്, പെട്രോൾ ബോംബ് എറിഞ്ഞ എസ്എഫ്ഐ പ്രവർത്തകരായ വളാഞ്ചേരി മുക്കില പീടിക സ്വദേശി ഹനീൻ, വളാഞ്ചേരി മേച്ചരിപ്പറമ്പ് സ്വദേശി അഭിഷേക് എന്നിവരെ ഇന്നലെ രാത്രിയിൽ പിടികൂടിയിരുന്നു. ആശുപത്രിയിൽ കയറി അക്രമം നടത്തിയ യുഡിഎസ്എഫ് പ്രവർത്തകരായ ഷറഫുദ്ദീൻ, മുഹമ്മദ് ഫുഹാദ് എന്നിവരും അറസ്റ്റിലായി. സംഘർഷത്തിൽ ഏർപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുന്നതിന് സർവ്വകലാശാല അന്വേഷണം ആരംഭിച്ചു.
അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്ന് വി സി ഡോ. പി രവീന്ദ്രൻ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിന് ക്യാമ്പസിൽ സ്ഥാനമില്ല. അക്രമമില്ലാതെ രാഷ്ട്രീയം നടത്താൻ പറ്റില്ലെങ്കിൽ ക്യാമ്പസിൽ രാഷ്ട്രീയം വേണ്ട. അക്രമങ്ങളെ ഒരു രീതിയിലും വെച്ചുപൊറുപ്പിക്കാൻ പറ്റില്ല. സർവകലാശാല വളരെ ശ്രദ്ധയോടെയാണ് തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്തതെന്നും അക്രമങ്ങൾ ആസൂത്രിതമാണെന്നും വി സി പറഞ്ഞു. ഈ പ്രശ്നം കാണുമ്പോൾ മനസ്സിന് വേദനയുണ്ടാക്കുന്നു. സംഘർഷവും അക്രമവും പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. സർവകലാശാല ഉന്നതതല സമിതിയെ അന്വേഷണത്തിന് വെച്ചിട്ടുണ്ട്. അഞ്ചംഗ കമ്മിറ്റിയുടെ റിപ്പോർട്ട് ഒരാഴ്ച കൊണ്ട് ലഭിക്കുമെന്നും വി സി അറിയിച്ചു.
ബുധനാഴ്ച നടന്ന ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് സർവകലാശാല ക്യാമ്പസിൽ സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. തമ്മിൽതല്ലിന്റെ ബാക്കി പത്രമായി ആശുപത്രിയിലും അതിക്രമമുണ്ടായി. പരിക്കേറ്റ് കാഷ്വാലിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എസ്എഫ്ഐ പ്രവർത്തകരെ എംഎസ്എഫ് പ്രവർത്തകർ ആക്രമിച്ചതായി പരാതി ഉയർന്നു. ആശുപത്രിയിൽ വെച്ച് അഗ്നിശമന ഉപകരണം ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam