
ചിറ്റാര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പത്തനംതിട്ട ചിറ്റാറിൽ സിപിഎമ്മിൽ പൊട്ടിത്തെറി. ചിറ്റാർ പഞ്ചായത്ത് രണ്ടാം വാർഡിലെ 15 സിപിഎം പ്രവർത്തകർ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. കോൺഗ്രസ് അംഗത്തെ പ്രസിഡന്റാക്കി സിപിഎം ഭരണം നിലനിർത്തിയതിൽ പ്രതിഷേധിച്ചാണ് രാജി.
അധികാരം മാത്രമല്ല രക്തസാക്ഷി തർക്കം കൂടിയാണ് ചിറ്റാറിലേത്. സിപിഎം പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ എം.എസ് രാജേന്ദ്രനെ തോൽപിച്ചായിരുന്നു സജി കുളത്തുങ്കൽ പഞ്ചായത്തിലെത്തിയത്. എംഎസ് രാജേന്ദ്രന്റെ സഹോദരൻ എംഎസ് പ്രസാദിനെ കോൺഗ്രസും സജി കുളത്തുങ്കലിന്റെ അച്ഛനെ സിപിഎമ്മും വെട്ടിക്കൊലപ്പെടുത്തിയതാണ്.
ഈ ചരിത്രമിരിക്കെ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സജിയെ സിപിഎം പിന്തുണച്ചതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന ലോക്കൽ കമ്മറ്റി യോഗത്തിൽ ചില അംഗങ്ങൾ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. സ്ഥാനാർത്ഥിയെ നിർത്താത്ത പക്ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമായിരുന്നെന്നാണ് പ്രവർത്തകരുടെ വാദം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തലേന്ന് രാത്രി എംഎസ് രാജേന്ദ്രന്റെ അസാന്നിധ്യത്തിൽ ചേർന്ന ലോക്കൽ കമ്മറ്റിയാണ് സജി കുളത്തുങ്കലിനെ പിന്തുണച്ച് അധികാരം നിലനിർത്താമെന്ന് തീരുമാനിച്ചത്.
13 അംഗ പഞ്ചായത്തിൽ എൽഡിഎഫ് അഞ്ച് യുഡിഎഫ് ആറ് എൻഡിഎ രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. സജിയെ ഇടത് പാളയത്തിലെത്തിച്ചതു വഴി വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും എൽഡിഎഫ് ജയിച്ചിരുന്നു. സജിയെ പിന്തുണക്കാനുള്ള തീരുമാനത്തിൽ സ്ഥലം എംഎൽഎ കെ.യു ജനീഷ് കുമാറിന് പങ്കുണ്ടെന്നും ഒരു വിഭാഗം ആരോപിക്കുന്നു. എംഎൽഎയുടെ പഞ്ചായത്തായ സീതത്തോടിലും പാർട്ടിക്കുള്ളിൽ കല്ലുകടിയുണ്ട്. പാർട്ടി പദവിയിലുള്ള ആളിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലാണ് എതിർപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam