പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഇളയച്ഛനും ഇളയമ്മയും ചേർന്ന് വ്യവസായിക്ക് നൽകിയെന്ന് പരാതി; രണ്ട് പേർ പിടിയിൽ

By Web TeamFirst Published Jun 29, 2021, 8:08 AM IST
Highlights

ഇളയച്ഛനെയും തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെയും പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇളയച്ഛൻ പല തവണ പീഡിപ്പിച്ചെന്നും ഷറഫുദ്ദീൻ വീടും പണവും വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പെൺകുട്ടി. 

കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് പതിനഞ്ചുകാരിയെ ഇളയമ്മയും ഇളയച്ഛനും ചേർന്ന് തട്ടിക്കൊണ്ടുപോയി വ്യവസായിക്ക് നൽകിയതായി പരാതി. സംഭവത്തിൽ പെണ്‍കുട്ടിയുടെ ഇളയച്ഛനെയും തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെയും പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇളയച്ഛൻ പല തവണ പീഡിപ്പിച്ചെന്നും ഷറഫുദ്ദീൻ വീടും പണവും വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി.

ഇക്കൊല്ലം മാർച്ചിലാണ് സംഭവം. ഇളയമ്മയും ഭർത്താവും ചേർന്ന് ധർ‍മ്മടത്തെ വീട്ടിലെത്തി ഓട്ടോറിക്ഷയിൽ പെണ്‍കുട്ടിയെ കൊണ്ടുപോയി. ഇളയമ്മക്ക് പല്ല് വേദനയാണെന്നും ഡോക്ടറെ കാണിക്കാൻ കൂടെ വരണമെന്നും പറഞ്ഞാണ് പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റിയത്. പിന്നീട് ഇവർ തലശ്ശേരിയിലെ ഷറഫുദ്ദീന്‍റെ വീടിന് മുന്നിൽ എത്തിച്ചു. ഓട്ടോയിലുള്ള പെണ്‍കുട്ടിയെ കണ്ട ഷറഫുദ്ദീൻ പ്രതികൾക്ക് വീടും പണവും വാഗ്ദാനം ചെയ്യുകയും , പത്ത് ദിവസത്തേക്ക് കുട്ടിയെ വിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. പിന്നീട് മറ്റൊരിടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. ഭയന്ന് വീട്ടിലേക്കോടിയ കുട്ടി ആരോടും സംഭവം പറഞ്ഞില്ല. 

പിന്നീട് കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം വന്നപ്പോൾ ബന്ധു കൗണ്‍സിലിംഗിന് കൊണ്ടുപോയി. ഇവിടെ വച്ചാണ് ഇളയച്ഛൻ തന്നെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും വ്യവസായിയുടെ അടുത്ത് കൊണ്ടുപോയി ഉപദ്രവിച്ചെന്നും കുട്ടി വെളിപ്പെടുത്തിയത്. തട്ടിക്കൊണ്ട് പോകൽ, ലൈംഗീക പീഡന ശ്രമം, ലൈംഗീക ചുവയോടെ സമീപിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികളായ ഇളയച്ഛനെയും, ഷറഫുദ്ദീനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇളയമ്മ ഒളിവിലാണ്. ധർമ്മടം കതിരൂർ സിഐമാരാണ് കേസന്വേഷിക്കുന്നത്. തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെതിരെ നേരത്തെ സമാനമായ പരാതികൾ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

click me!