
കൊച്ചി: സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളോടും ദേശീയ ഉദ്യോനങ്ങളോടും ചേർന്നുള്ള അടച്ചുപൂട്ടിയ അറുപതോളം പാറമടകൾ വീണ്ടും തുറക്കാനൊരുങ്ങുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന്‍റെ മറവിൽ കേന്ദ്ര വന്യ ജീവി ബോർഡിനെ പഴിചാരിയാണ് ഈ നീക്കം. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകാതിരുന്നതും ക്വാറി ഉടമകൾക്ക് തുണയായി.
വന്യജീവി സങ്കേതങ്ങളുടെ പത്തുകിലോമീറ്റർ ചുറ്റളവിൽ ഖനനം നടത്തണമെങ്കിൽ കേന്ദ്ര വന്യ ജീവി ബോർഡിന്‍റെ അനുമതി വേണമെന്നായിരുന്നു 2009ലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവ്. എന്നാൽ ഇക്കഴിഞ്ഞ സെപ്റ്റബറിലാണ് കേരളത്തിൽ ഇത് നടപ്പാക്കിയത്. ഇതോടെ സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങളോട് ചേർന്ന് പ്രവർത്തിച്ചിരുന്ന അറുപതോളം പാറമടകൾ അടച്ചുപൂട്ടി. കേന്ദ്ര വന്യ ജീവി ബോർഡിന്‍റെ അനുമതിപത്രം കൊണ്ടുവന്നാൽ തുറക്കാമെന്നായിരുന്നു മൈനിങ് ആന്‍റ് ജിയാളോജി വിഭാഗത്തിന്‍റെ നിലപാട്. ഇതിനെതിരെ ക്വാറി ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകി.
രണ്ടുമാസത്തിനുളളിൽ ക്വാറി ഉടമകളുടെ അപേക്ഷ വന്യ ജീവി ബോർഡ് പരിഗണിച്ചില്ലെങ്കിൽ ക്വാറികൾ തുറക്കാമെന്നായിരുന്നു ഡിസംബർ അവസാനവാരം സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ്. ആ സമയ പരിധി ഫെബ്രുവരി അവസാന ആഴ്ച അവസാനിക്കുന്നതോടെ അടച്ചുപൂട്ടിയ പാറമടകൾ തുറക്കാം.
പ്രധാനമന്ത്രി അധ്യക്ഷനായ വന്യ ജീവി ബോർഡ് വർഷത്തിൽ ഒന്നോ രണ്ട് തവണയാണ് യോഗം ചേരുന്നത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ മൗനം പാലിച്ചതും ക്വാറി ഉടമകളെ സഹായിച്ചു. സംസ്ഥാന സർക്കാർ ഇടപെട്ട് നിയമപോംവഴി തേടുകയാണ് അടിയന്തരമായി ചെയ്യേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam