പൊലീസിനെതിരായ നിലപാടില്‍ മാറ്റമില്ല, മുഖ്യമന്ത്രി നടപടി ഉറപ്പു നല്‍കിയിട്ടുണ്ട്: കാനം

By Web TeamFirst Published Jul 25, 2019, 12:11 PM IST
Highlights

പൊലീസ് നടപടിയുണ്ടായ ഉടനെ തന്നെ തങ്ങള്‍ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഇത്രയേ പറയുന്നുള്ളൂ - കാനം

തിരുവനന്തപുരം: സിപിഐ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയേയും എല്‍ദോ എബ്രഹാം എംഎല്‍എയെ പൊലീസ് മര്‍ദ്ദിച്ചതിനേയും  വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസിനെതിരെ എടുത്ത നിലപാടുകളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. 

പൊലീസ് നടപടിയുണ്ടായി രണ്ട് മണിക്കൂറിനുള്ളില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉചിതമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പൊലീസ് നടപടിയുണ്ടായ ഉടനെ തന്നെ തങ്ങള്‍ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഇത്രയേ പറയുന്നുള്ളൂ - കാനം മാധ്യമങ്ങളോട് പറഞ്ഞു. 

ചൊവ്വാഴ്ചയാണ് എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടിയുണ്ടായത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സിപിഐയുടെ മാര്‍ച്ച്. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി.രാജു, മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം എന്നിവര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റിരുന്നു. പൊലീസ് നടപടിയില്‍ കൈയൊടിഞ്ഞ എംഎല്‍എ ഇന്നാണ് ആശുപത്രി വിട്ടത്. 

click me!