മിന്നല്‍ പണിമുടക്ക്: കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രി, സമരക്കാര്‍ക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

By Web TeamFirst Published Mar 4, 2020, 9:14 PM IST
Highlights

റോഡ് തടസപ്പെടുത്തിയത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

തിരുവനന്തപുരം: തലസ്ഥാനത്ത് റോഡ് ഗതാഗതം തടസപ്പെടുത്തി കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ സമരത്തില്‍ ജനജീവിതം സ്തംഭിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഗതാഗതമന്ത്രിക്ക് നിര്‍ദേശം നല്‍കി. റോഡ് തടസപ്പെടുത്തിയത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

മിന്നൽ പണിമുടക്കിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രൻ (60) മരണപ്പെട്ട സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഓട്ടോഡ്രൈവറെ മർദ്ദിച്ചതിനും സ്വകാര്യ ബസുടമകളുടെ പരാതിയിലും വാഹന​ഗതാ​ഗതം തടസപ്പെടുത്തിയതിനും സമരക്കാർക്ക് എതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. തമ്പാനൂർ, ഫോർട്ട് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 
 

അതിനിടെ സമരത്തില്‍ പങ്കെടുത്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. മാര്‍ഗ്ഗതടസമുണ്ടാക്കുന്ന രീതിയില്‍ ബസുകള്‍ വഴിയില്‍ പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഇവരുടെ ലൈസൻസ് വിവരങ്ങൾ ആർടിഒ പൊലീസിൽ നിന്നും തേടിയിട്ടുണ്ട്. 

തലസ്ഥാന നഗരത്തെ ആറ് മണിക്കൂറോളം നിശ്ചലമാക്കിയ കെഎസ്ആര്‍ടിസി സമരത്തിനിടെ യാത്രക്കാരനായ ഹൃദ്രോഗി മരണപ്പെടുകയും ആയിരക്കണക്കിന് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങുകയും ചെയ്തിരുന്നു. നടുറോഡില്‍ ബസുകള്‍ നിരയായി നിര്‍ത്തിയിട്ട് ദേശീയപാത വഴിയുള്ള ഗതാഗതം തടസപ്പെടുത്തിയ സംഭവത്തിനെതിരെ  സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 

click me!