കോഴിക്കോട്/ കണ്ണൂർ: ഇന്ന് രാവിലെയും സംസ്ഥാനത്ത് പലയിടങ്ങളിലായി സംഘർഷസാധ്യത നിലനിൽക്കുകയാണ്. കണ്ണൂർ പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയത് വലിയ പ്രതിഷേധത്തിനിടയാക്കി. ഗാന്ധിയുടെ തല വെട്ടി അദ്ദേഹത്തിന്‍റെ മടിയിൽ വച്ച നിലയിലാണ്. ബ്ലോക്ക് കോൺഗ്രസ് ഓഫീസ് കെട്ടിടത്തിന്‍റെ ചില്ലുകളടക്കം തകർത്തിട്ടുണ്ട്. അകത്തെ സാധനങ്ങളെല്ലാം വ്യാപകമായി വലിച്ചുവാരിയിട്ടു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിട്ടുണ്ട്. ആക്രമണത്തിനെതിരെ പയ്യന്നൂർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
അതേസമയം, കോഴിക്കോട് ഡിസിസി ഓഫീസിന് നേരെ ആക്രമണശ്രമമുണ്ടായതായി ഡിസിസി പ്രസിഡന്‍റ് ആരോപിക്കുന്നു. തിരുവനന്തപുരത്ത് ഇന്ദിരാ ഭവനും എകെജി സെന്‍ററിനും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ് സ്‌ഥാപിച്ച കൊടികൾ സിപിഎം പ്രവർത്തകർ തകർത്തു. കട്ടപ്പന അശോക കവലയിലെ കൊടികളാണ് നശിപ്പിച്ചത്. സിപിഎം പ്രകടനം കടന്നു വരുന്നതിനിടെയാണ് സംഭവം. പഴയ ബസ് സ്റ്റാൻഡിന് മുന്നിലെ കെഎസ്‍യു കൊടിയും നശിപ്പിച്ചു.
കോഴിക്കോട് ഡിസിസി ഓഫീസിന് നേരെ ആക്രമണശ്രമം ഉണ്ടായതായി ഡിസിസി പ്രസിഡന്‍റ് ആരോപിച്ചു. ജില്ലയിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സിപിഎം വ്യാപക അക്രമം നടത്തുന്നു. പൊലീസ് നോക്കുകുത്തിയാണ്. ഇതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കും. സിപിഎം പരസ്യമായി കലാപത്തിന് ശ്രമിക്കുന്നുവെന്നും ഡിസിസി പ്രസിഡന്‍റ് ആരോപിക്കുന്നു. ഇതിനിടെ, കോഴിക്കോട് ഏറാമല കുന്നുമ്മക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. ഓഫീസിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കണ്ണൂർ പേരാവൂർ മണ്ഡലം കോൺഗ്രസ് ഓഫീസും കൊടിമരവും തകർത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് ഓഫീസിന് നേരെ അക്രമണമുണ്ടായത്. ഓഫീസിന്റെ ജനൽ ചില്ലുകളും ആക്രമികൾ എറിഞ്ഞു തകർത്തിട്ടുണ്ട്. നേതാക്കൾ പേരാവൂർ പോലീസിൽ പരാതി നൽകി.
അമ്പലപ്പുഴയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന്‍റെ ജനൽചില്ലുകൾ തകർത്ത നിലയിലാണുള്ളത്. മുൻപിലുണ്ടായിരുന്ന ചെടിച്ചട്ടികളും തകർത്തു. അക്രമം നടത്തിയത് സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് നേതാക്കൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ശ്രീകാര്യം പൗഡിക്കോണത്ത് കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്ത കേസിൽ നാല് സിപിഎം പ്രവർത്തകർക്കെതിരെ ശ്രീകാര്യം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇടുക്കി ഡിസിസി പ്രസിഡന്‍റിനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ പൊലീസ് കേസ് എടുത്തു. ഷെമീർ, ഫൈസൽ എന്നിവർക്ക് പുറമെ കണ്ടാൽ അറിയാവുന്ന 38 പേർക്ക് എതിരെയാണ് കേസ്. സംഭവത്തിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം, വിമാനത്തിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരെയാണ് ഇന്നലെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടർക്ക് നൽകിയ മൊഴിയിൽ നിന്ന് ഇ. പി. ജയരാജന്‍റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമ്മർദ്ദം ചെലുത്തിയെന്ന് പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. ഇരുവരും മെഡിക്കൽ കോളേജിൽ തുടരുകയാണ്. അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിന് ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് പരാതി നൽകും. കെപിസിസി ഓഫീസ് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും. ജില്ലാ കേന്ദ്രങ്ങളിൽ ഇന്നും പ്രതിഷേധമുണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam