അഴിമതി തടയാൻ പുതിയ സംവിധാനം, പുത്തൻ പ്രഖ്യാപനവുമായി പിണറായി

By Web TeamFirst Published Jan 1, 2021, 6:29 PM IST
Highlights

വിവരം തരുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. സർക്കാർ വി‍ജ്ഞാപനം ചെയ്യുന്ന അതോറിറ്റിക്ക് മുന്നിൽ സോഫ്റ്റ്‍വെയർ വഴി പരാതി നൽകാം. വിവരം നൽകുന്നവർ ഒരു സർക്കാരോഫീസിലും കയറേണ്ടി വരില്ല. 

തിരുവനന്തപുരം: അഴിമതിയെക്കുറിച്ച് വിവരം നൽകുന്നവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാൻ അഴിമതിമുക്ത കേരളം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുരംഗത്തുണ്ടാകുന്ന അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാൻ പല രീതികളും പരീക്ഷിച്ചതാണ്. അഴിമതിയെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് പരാതിപ്പെട്ടാലുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാനാണ് അഴിമതിമുക്ത കേരളം നടപ്പാക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ ഈ പദ്ധതി തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

വിവരം തരുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. സർക്കാർ വി‍ജ്ഞാപനം ചെയ്യുന്ന അതോറിറ്റിക്ക് മുന്നിൽ സോഫ്റ്റ്‍വെയർ വഴി പരാതി നൽകാം. വിവരം നൽകുന്നവർ ഒരു സർക്കാരോഫീസിലും കയറേണ്ടി വരില്ല. 

പരാതിയുടെ നിജസ്ഥിതി മനസ്സിലാക്കി ഈ അതോറിറ്റി അതാത് വകുപ്പുകൾക്ക് കൈമാറും. വിജിലൻസസ് അടക്കമുള്ള സംവിധാനങ്ങൾക്ക് ആവശ്യമെങ്കിൽ പരാതി നൽകും. രണ്ട് ഉദ്യോഗസ്ഥർ കണ്ട ശേഷമാണ് ഈ പരാതി സംവിധാനത്തിലേക്ക് കൈമാറുക. കഴമ്പില്ലാത്ത പരാതികൾ ഇത് വഴി ഫിൽട്ടർ ചെയ്യാനാകും. നാഴികക്കല്ലാകുന്ന പരിപാടിയാണിതെന്നും  മുഖ്യമന്ത്രി  കൂട്ടിച്ചേർത്തു. 

click me!