കിഫ്ബി ഉദ്യോഗസ്ഥരോട് ഇഡി മോശമായി പെരുമാറിയെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷം വിവാദങ്ങളുടെ വ്യാപാരികളായി മാറി

By Web TeamFirst Published Mar 4, 2021, 6:55 PM IST
Highlights

അന്വേഷണത്തിൻ്റെ ഭാഗമായി കിഫ്ബി ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ വളരെ മോശം പെരുമാറ്റമാണ് ഇഡി ഉദ്യോഗസ്ഥരിൽ നിന്നുമുണ്ടായത്. സ്ത്രീകളടക്കമുള്ള കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് മോശമായ പെരുമാറ്റമാണ് നേരിടേണ്ടി വന്നത്.  

തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിൽ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രധനമന്ത്രി കേരളത്തിൽ പ്രചാരണത്തിനെത്തി അടിസ്ഥാന രഹിതമായ ആരോണങ്ങൾ ഉന്നയിച്ചു. പിന്നീട് അവര്‍ കിഫ്ബിക്കെതിരെ പ്രസംഗിച്ചു. അതൊന്നും ജനം മുഖവിലയ്ക്ക് എടുക്കാതിരുന്നപ്പോൾ കിഫ്ബിക്കെതിരെ ഇഡിയെ ഇറക്കി കളിക്കുകയാണ് കേന്ദ്രധനമന്ത്രിയും ബിജെപിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അന്വേഷണത്തിൻ്റെ ഭാഗമായി കിഫ്ബി ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ വളരെ മോശം പെരുമാറ്റമാണ് ഇഡി ഉദ്യോഗസ്ഥരിൽ നിന്നുമുണ്ടായത്. സ്ത്രീകളടക്കമുള്ള കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് മോശമായ പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയെ പിന്തുണച്ച് കൊണ്ടാണ് കേരളത്തിൽ പ്രതിപക്ഷം വിവാദങ്ങൾ ഏറ്റുപിടിക്കുന്നത്. ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസുകാര്‍ ബിജെപിയിൽ ചേരുന്ന അവസ്ഥയാണ്. വിവാദങ്ങളുടെ വ്യാപാരികളായി പ്രതിപക്ഷം മാറി. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഏറ്റവും കൂടുതൽ ഉന്നയിച്ചയാളെന്ന ബഹുമതി ചെന്നിത്തലയ്ക്കാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഈ ഘട്ടത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഇവിടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി ചിലത് സംഭവിക്കുന്നു. കേന്ദ്രഭരണകക്ഷിയുടെ മുതിര്‍ന്ന നേതാവായ ധനകാര്യമന്ത്രി പ്രചാരണത്തിനായി വന്ന് അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിക്കുന്നു. വികസനത്തിന് വഴിയൊരുക്കുന്ന കിഫ്ബിക്കെതിരെയാണ് ഫെബ്രുവരി 28-ന് അവര്‍ പ്രസംഗിച്ചത്. ആ ആരോപണം ജനം മുഖവിലയ്ക്ക് എടുത്തില്ല എന്നത് കൊണ്ടാവാം തനിക്ക് കീഴിലുള്ള ഇഡിയെ കൊണ്ട് കിഫ്ബിയെ തകര്‍ക്കാൻ ശ്രമിച്ചത്. 

കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കാര്യങ്ങൾ അറിയുകയല്ല ഇഡി ചെയ്തത്.. സ്ത്രീകൾ അടക്കമുള്ള ഉദ്യോഗസ്ഥരോട് മാന്യതയുടെ അതിര് ലംഘിക്കുന്ന പെരുമാറ്റമുണ്ടായി. മാര്‍ച്ച് രണ്ടിന് ദൃശ്യമാധ്യമങ്ങളിലൂടെ കിഫ്ബിക്കെതിരെ ഇഡി അന്വേഷണമെന്നും കിഫ്ബി സിഇഒയ്ക്കും ഡെപ്യൂട്ടി സിഇഒയ്ക്കും സമൻസ് പോയതായി മാധ്യമവാര്‍ത്ത വന്നു. ഇതിനു ശേഷമാണ് അവര്‍ക്ക് സമൻസ് ലഭിച്ചത്. ഇതൊക്കെ അസാധാരണ നടപടിയാണ്. മുൻപും കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്നും ഇത്തരം നടപടികളുണ്ടായിട്ടുണ്ട്. അതൊക്കെ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. അന്ന് പ്രധാനമന്ത്രിയോട് നേരിട്ട് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയതാണ്. 

തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജൻസികൾ ചാടിയിറങ്ങി പുറപ്പെട്ടത് എന്തിനാണ് എന്നറിയാൻ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. ബിജെപിയേയും കോണ്‍ഗ്രസിനേയും തൃപ്തിപ്പെടുത്താനല്ല കേന്ദ്ര ഏജൻസികൾ പ്രവര്‍ത്തിക്കേണ്ടത്. മൊഴി നൽകാത്തവരെ ഭീഷണിപ്പെടുത്തി മൊഴിയെടുപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

വിളിച്ചു വരുത്തി പീഡിപ്പിക്കുന്നത് രാഷ്ട്രീയ മേലാളന്മാർക്ക് വേണ്ടിയാണ്. ഇഷ്ടമുള്ള മൊഴി കിട്ടിയില്ലെങ്കിൽ ഭീഷണിപ്പെടുത്തി വഴിക്ക് കൊണ്ടു വരാനാണ് നീക്കം. ശാരീരികമായി ഉപദ്രവിക്കും എന്ന നില വരെ ഉണ്ടായി. തെരഞ്ഞെടുപ്പ് കാലത്ത് എന്തു കൊണ്ടാണ് ഈ നിലയിലൊരു വെപ്രാളം കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. 

ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ ചട്ടങ്ങളും പാലിച്ചാണ് കിഫ്ബി പദ്ധതി നടപ്പാക്കിയത്. തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാൻ വന്നാൽ കീഴടങ്ങാൻ ഉദ്ധേശിക്കുന്നില്ല. ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാണ് ഞങ്ങൾ, ആ ഉത്തരവാദിത്തം തടയാൻവരുന്ന ഒരു ശക്തിക്ക് മുന്നിലും കീഴടങ്ങുന്ന പാരമ്പര്യം ഞങ്ങൾക്കില്ല.  . സ്വന്തം മണ്ഡലത്തിൽ കിഫ്ബിയുടെ പദ്ധതി വേണ്ട എന്ന് ഏതെങ്കിലും ഒരു എംഎൽഎയുണ്ടോ. കഴിഞ്ഞ കുറച്ചു കാലമായി യുഡിഎഫും ബിജെപിയും കിഫ്ബിയെ ഒരു പോലെയാണ് ആക്രമിക്കുന്നത്.  

സ്വന്തം മണ്ഡലത്തിൽ കിഫ്ബി വേണ്ട എന്ന് പ്രതി0അക്ഷ നേതാവ് പോലും പറഞ്ഞിട്ടില്ല. യുഡിഎഫിനും ബിജെപിക്കും ഒരേ വികാരമാണുള്ളത്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഏറ്റവും കൂടുതൽ ഉയർത്തിയ ആൾ എന്ന ബഹുമതി പ്രതിപക്ഷ നേതാവിനാണ്. വിവാദത്തിൻ്റെ വ്യാപാരികളായി പ്രതിപക്ഷം മാറിയിട്ടുണ്ട്. വികസനത്തിനായി വകയിരുത്തിയ പണം പാഴാകട്ടെ എന്നാണോ ഇവർ കരുതുന്നത്. സർക്കാരിനെ അക്രമിച്ചോളൂ. അതു പക്ഷേ ജനങ്ങളുടെ ക്ഷേമത്തിന് കടക്കൽ കത്തി വെച്ചിട്ടാകരുത്. കിഫ്ബി വകയിരുത്തിയ പണം കരളത്തിൽ തന്നെ ചിലവഴിക്കും. അതിൽ ഇടങ്കോൽ ഇടാൻ വരരുത്. 

സ്വന്തം അഖിലേന്ത്യാ നേതൃത്വത്തെ പോലും പ്രതിപക്ഷ നേതാവ് തള്ളി പറഞ്ഞു. അധികാരം ഉപയോഗിച്ചു രാഷ്ട്രീയ അട്ടിമറികൾ നടത്താം എന്ന ഭീഷണിക്ക് മുന്നിൽ വഴങ്ങുന്നവരെ ബിജെപി കണ്ടിട്ടുണ്ടാകാം. ആ പരിപ്പ് ഇവിടെ വേവില്ല. കിഫ്ബിയുടെ ആരാച്ചാർ ആകാൻ പ്രതിപക്ഷം നോക്കുന്നു. ഇതൊക്കെ കണ്ട് കയ്യും കെട്ടി നോക്കി ഇരിക്കാൻ ജനങ്ങൾ തയാറാകും എന്നും കരുതുന്നുണ്ടോ ? 

കോൺ​ഗ്രസ് തകർന്നാൽ ബിജെപി വളരും എന്ന പ്രചാരണം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടാണ്.  ജയിച്ചാലാണ് ഇവർ ബിജെപിയിൽ പോവുകയെന്ന് രാഹുൽ ഗാന്ധി തന്നെ തിരുത്തിയത് ഓർക്കണം. ഈ പ്രചാരണം വിചിത്രവും രസകരവുമാണ്. ഹിന്ദു വർഗീയതയുടെ ആപത്ത് ന്യൂനപക്ഷങ്ങൾക്ക് അറിയാം. കേരളത്തിൽ ന്യൂനപക്ഷം സുരക്ഷിതരാണ്.

ഇടതു പ്രസ്ഥാനങ്ങൾ ഉള്ള സ്ഥലങ്ങളിലും അവർ ആ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. വർഗീയതയുമായി പല സ്ഥലങ്ങളിൽ സമരസപ്പെടാൻ കോണ്ഗ്രസിന് മടി ഇല്ലായിരുന്നു. വഞ്ചനയുടെ ചാക്കുമായി ഇറങ്ങിയവർക്ക് തെരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകും. ഇതാണ് കോണ്ഗ്രസ് തകർച്ചയ്ക്ക് കാരണം. 

click me!