പാർട്ടി കോൺ​ഗ്രസ് ഉദ്ഘാടന വേദിയിൽ സിൽവ‍ർ ലൈൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി

By Pranav PrakashFirst Published Apr 6, 2022, 12:30 PM IST
Highlights

വസ്തുതാപരമല്ലാത്ത ആരോപണങ്ങൾ ഉയർത്തി കെ റെയിൽ പദ്ധതിയെ പ്രതിപക്ഷം തകർക്കാൻ ശ്രമിക്കുകയാണ്

കണ്ണൂ‍ർ: പാർട്ടി കോൺഗ്രസ് ഉദ്ഘാടനവേദിയിൽ സിൽവർലൈൻ പദ്ധതിയെക്കുറിച്ച് പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടമാകുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും വികസന പദ്ധതികൾക്ക് ഒപ്പം പരിസ്ഥിതിയും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ സമരം നടത്തുന്ന മഹാരാഷ്ട്ര സിപിഎമ്മിൽ നിന്നുള്ളവർ അടക്കം പങ്കെടുത്ത പ്രതിനിധി സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 

വസ്തുതാപരമല്ലാത്ത ആരോപണങ്ങൾ ഉയർത്തി കെ റെയിൽ പദ്ധതിയെ പ്രതിപക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. എത്രയും വേഗം പദ്ധതി നടപ്പിലാക്കാനാണ് ശ്രമം. കേരളത്തിൻ്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ നാല് മണിക്കൂറിൽ എത്തുക എന്നതാണ് സെമി ഹൈസ്പീഡ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി കോൺ​ഗ്രസ് സംഘാടക സമിതിയുടെ അധ്യക്ഷൻ എന്ന നിലയിൽ പ്രതിനിധി സമ്മേളനത്തിൽ സ്വാ​ഗതം പറഞ്ഞ് സംസാരിക്കുമ്പോൾ ആണ് സിൽവ‍ർ ലൈൻ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. ലൈഫ് മിഷനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മറ്റു സാമൂഹിക സുരക്ഷ പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രി സ്വാ​ഗത പ്രസം​ഗത്തിൽ പറഞ്ഞു. 
 

click me!