'നെറികേട് കാണിക്കുകയല്ല വേണ്ടത്'; സ്വർണക്കടത്തു വിവാദത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jul 9, 2020, 7:20 PM IST
Highlights

"ഞാൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. അതിന് ശരിയായ മാർഗ്ഗം സ്വീകരിച്ച് രാഷ്ട്രീയ മത്സരം നടത്തണം. നെറികേടുകൾ പാടില്ല."

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഏത് അന്വേഷണമാണ് വേണ്ടതെന്ന് കേന്ദ്രസർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സമ​ഗ്രമായ അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണ്ണക്കടത്ത് ഗൗരവതരമായ പ്രശ്നമാണ്. സ്വർണം കടത്തുന്നവരെയും കണ്ടെത്തേണ്ടതുണ്ട്. അന്വേഷണത്തിനായി സംസ്ഥാനം ഏത് സഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്ത് താൻ ഇരിക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ താല്പര്യം. അതിന് നെറികേട് കാണിക്കരുത്. ശിവശങ്കറിനെതിരെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

സ്വർണ്ണക്കടത്ത് കേസിൽ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് നേരിട്ട് കാര്യം ചെയ്യാനാവില്ല. കേന്ദ്രം ആവശ്യപ്പെട്ടാൽ മാത്രമേ സഹായം നൽകാനാവൂ. അത് നേരത്തെ അറിയിച്ചുവെന്ന് മാത്രമേയുള്ളൂ.

സ്വർണ്ണക്കടത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കും. സ്വർണ്ണത്തോട് നാട്ടുകാർക്ക് വലിയ കമ്പമാണ്. കള്ളക്കടത്തിന് പിന്നിൽ പ്രവർത്തിക്കുന്ന വൻ ശക്തികളുണ്ട്. അവരെ കണ്ടെത്തണം. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടത് ഇതിനാണ്. ഈ കാര്യത്തിൽ ഏതന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. നടപടികൾ സ്വീകരിക്കുന്നത് കേന്ദ്രമാണ്. സംസ്ഥാന സർക്കാരിനെതിരെ എന്തെങ്കിലും പറയാൻവേണ്ടിയിട്ടാണ് ഇത് പറയുന്നത്.

ഞാൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. അതിന് ശരിയായ മാർഗ്ഗം സ്വീകരിച്ച് രാഷ്ട്രീയ മത്സരം നടത്തണം. നെറികേടുകൾ പാടില്ല. ഭാവനയിൽ ഒരു കാര്യം കെട്ടിച്ചമച്ച് അതിലൂടെ പുറത്താക്കാമെന്ന് കരുതുന്നുവെങ്കിൽ അത് സാധിക്കില്ല. കള്ളക്കടത്ത് നടന്നിട്ടുണ്ട്. പ്രതികള പിടിക്കേണ്ടതുണ്ട്. അതിന് കേന്ദ്ര ഏജൻസികൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.നാടിന്റെ ഭാവിയെ ബാധിക്കുന്ന പ്രശ്നം ഇപ്പോഴുണ്ട്. അതാണ് ഇപ്പോൾ പരിഗണിക്കേണ്ടത്.
                                                        

click me!