
ഡൽഹി: ശബരിമലയിലെ സ്വര്‍ണമോഷണത്തില്‍ ചില ഉദ്യോഗസ്ഥന്മാരെ ബലിയാടുകളാക്കി വമ്പന്‍ സ്രാവുകളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. സര്‍ക്കാരിന്റെ അറിവോടെ നടന്ന തട്ടിപ്പാണ്. ഇതിന്റെ നേട്ടം സര്‍ക്കാരിലെ പലര്‍ക്കും കിട്ടിയിട്ടുണ്ട്. ശബരിമലയെ സാമ്പത്തിക സമാഹരണത്തിന്റെ ഉപാധിയായി കണ്ടതിന്റെ പരിണിത ഫലങ്ങളാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു. ഈ വലിയ കൊള്ള നടന്നിട്ടും അതിനെ കുറിച്ച് ഒരക്ഷരം മിണ്ടാന്‍ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഈ കൊള്ള അദ്ദേഹത്തിന് പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ലേ? സ്വര്‍ണപ്പാളികളും സ്വര്‍ണകട്ടിളയും ഉള്‍പ്പെടെ ശബരിമലയെ സംബന്ധിച്ചിടത്തോളം പരിപാവനമായിട്ടുള്ള സ്വത്തുവകകള്‍ ഏതെങ്കിലും ഒരു വ്യക്തിക്ക് എടുത്തു കൊണ്ടുപോകാന്‍ പറ്റുന്നതാണോ എന്ന ചോദ്യം ഉയരുന്നു. 2019 ല്‍ നടത്തിയ കൊള്ള തന്നെയാണ് നിലവിലെ ദേവസ്വം ബോര്‍ഡും ആവര്‍ത്തിച്ചത്. 2019 ലെ മിനിറ്റ്സ് കോപ്പിയില്‍ ഉത്തരവാദപ്പെട്ടവരൊക്കെ ഒപ്പിട്ടിരിക്കുന്നത് 'സ്വര്‍ണമല്ല ചെമ്പായിരുന്നു' എന്ന് പറഞ്ഞുകൊണ്ടാണ്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആദ്യമൊക്കെ ഈ യാഥാര്‍ത്ഥ്യം മറച്ചുപിടിക്കാന്‍ ശ്രമിച്ചെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു.
ദേവസ്വം ബോര്‍ഡ് അറിയാതെ ശബരിമലയില്‍ ഒരു കാര്യവും നടക്കില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മൂന്ന് മെമ്പര്‍മാര്‍ അറിയാതെ അവിടെ ഒന്നും ചെയ്യാന്‍ പറ്റില്ല. അവിടുത്തെ അന്തിമമായ തീരുമാനം എടുക്കുന്നത് ദേവസം ബോര്‍ഡ് മാത്രമാണ്.ശബരിമലയിലെ സ്വത്ത് ആര്‍ക്കും ഇഷ്ടംപോലെ കവര്‍ന്നെടുക്കാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്.ഇത്രയേറെ സംഭവങ്ങള്‍ ഉണ്ടായിട്ടും ഈ വിഷയത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്ന സര്‍ക്കാരിന്റെ നിസ്സംഗത വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്. അന്വേഷിക്കട്ടെ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് യഥാര്‍ത്ഥ കള്ളന്മാരെ മൂടിവെക്കുന്ന സമീപനമാണ്.ഈ വിഷയത്തിന്റെ യഥാര്‍ത്ഥ വശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള ഒരു സിബിഐ അന്വേഷണത്തിലൂടെ മാത്രമേ കഴിയൂ. ഹൈക്കോടതിയുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നില്ലെങ്കിലും, കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള ഒരു പോലീസ് സംവിധാനം അന്വേഷിച്ചാല്‍ യഥാര്‍ത്ഥ വസ്തുത പുറത്തുവരില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം മന്ത്രിക്ക് ഈ കാര്യത്തില്‍ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിന് അയച്ച ഇമെയില്‍ കമ്മ്യൂണിക്കേഷന്‍ ഇതില്‍ എത്ര ശക്തമായിരുന്നു എന്ന് ആലോചിക്കണം.ശബരിമലയെ കൊള്ള മുതലിനുള്ള ഉപാധിയാക്കി മാറ്റാന്‍ നേതൃത്വം കൊടുത്ത ആളുകളെ പുറത്തുകൊണ്ടുവരുന്നത് വരെ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും. എത്ര മറച്ചുവെക്കാന്‍ ശ്രമിച്ചാലും യഥാര്‍ത്ഥ സത്യം പുറത്തുവരും. വിശ്വാസികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയിട്ടുള്ള പ്രക്ഷോഭങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ ഒരു വലിയ മഹാസംഗമം ഉണ്ട്, അതില്‍ പങ്കെടുക്കുന്നുണ്ട്. അതിനുശേഷം നാല് ജാഥകളാണ് കോണ്‍ഗ്രസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. എന്‍ എസ് എസും എസ് എന്‍ ഡി പിയും അടക്കമുള്ള സംഘടനകള്‍ പ്രതിഷേധങ്ങളും സമരപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തില്‍ നിന്നും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമുള്ളവര്‍ ഉള്‍പ്പെടെ ശബരിമലയെ സ്നേഹിക്കുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് ഈ സംഭവങ്ങള്‍ മാനസിക വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നും കെ സി വേണുഗോപാൽ വിവരിച്ചു.
യുഡിഎഫും പോറ്റിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ദേവസ്വം മന്ത്രിയുടെ ആരോപണം വിചിചത്രമാണ്. ഒമ്പതര കൊല്ലമായി ഭരിക്കുന്നവര്‍ യു ഡി എഫ് കാലത്തെ അഴിമതി സംരക്ഷിക്കുകയായിരുന്നോ? അവര്‍ക്ക് അത് കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ലേ? എന്നും വേണുഗോപാല്‍ ചോദിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്, പക്ഷേ പ്രതിപക്ഷം പ്രതിഷേധം തുടരുന്നുവെന്ന ആരോപണത്തിലും വസ്തുതയില്ല. ഈ വിഷയം മുന്‍പ് സഭയില്‍ ഉന്നയിച്ചപ്പോള്‍ 'കോടതിയില്‍ കിടക്കുന്ന വിഷയമാണ്, ഇവിടെ ചര്‍ച്ച ചെയ്യാന്‍ പറ്റില്ല' എന്ന് പറഞ്ഞത് സര്‍ക്കാര്‍ തന്നെയാണ്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മറ്റു ചില ക്ഷേത്രങ്ങളെക്കുറിച്ചും സമാനമായ രീതിയില്‍ പരിശോധന നടത്തേണ്ട സാഹചര്യമാണുള്ളത്. മറ്റു പല കാര്യങ്ങളും വെളിപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam