4 സ്ഥലങ്ങൾ നിർദ്ദേശിച്ചു, പ്രധാനമന്ത്രിയെ അടക്കം കണ്ടു, ഇപ്പോ കിട്ടും എന്നായിരുന്നു പ്രതീക്ഷ; ബജറ്റിലെ എയിംസ് നിരാശയിലടക്കം വിമർശനവുമായി മുഖ്യമന്ത്രി

Published : Feb 03, 2026, 06:38 PM IST
pinarayi modi

Synopsis

കേന്ദ്ര ബജറ്റിൽ എയിംസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നിരാകരിച്ചുകൊണ്ട് കേരളത്തെ പൂർണ്ണമായി അവഗണിച്ചെന്ന് മുഖ്യമന്ത്രി. ഈ അവഗണനയ്ക്കെതിരെ പ്രതികരിക്കാത്ത കേരളത്തിലെ പ്രതിപക്ഷം ബിജെപിയുടെ ബി ടീമായി മാറിയെന്നും, വികസനത്തെ എതിർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

തൃശൂർ: കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഇന്നും രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേന്ദ്രത്തിന്‍റെ ആ അവഗണന അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദീർഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന എയിംസ് (AIIMS) ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഇത്തവണയും പരിഗണിച്ചില്ല. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേയിൽ കേരളത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ച കേന്ദ്രം, ബജറ്റ് വന്നപ്പോൾ കേരളം എന്ന പേര് പോലും പരാമർശിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പല സംസ്ഥാനങ്ങൾക്കും ഒന്നിലധികം എയിംസ് അനുവദിക്കുമ്പോഴും കേരളത്തോടുള്ള ഈ വിവേചനം തുടരുകയാണെന്നും, അഞ്ച് പുതിയ മെഡിക്കൽ കേന്ദ്രങ്ങളുടെ പട്ടികയിലും കേരളമില്ലെന്നത് പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എയിംസ് എന്നത് കേരളത്തിന്‍റെ കാലങ്ങളായുള്ള ആവശ്യമാണ്. നാല് സ്ഥലങ്ങൾ എയിംസിനായി നിർദേശിച്ചു. പലവട്ടം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അടക്കം കണ്ടു. ഇപ്പോ കിട്ടി പോയി എന്ന മട്ടിൽ ഞങ്ങൾ തിരിച്ചു വരും. എല്ലാ പ്രാവശ്യവും നിരാശയാണ് ഫലമെന്നും മുഖ്യമന്ത്രി വിമർശിച്ചു.

പ്രതിപക്ഷ നിലപാടും ചോദ്യം ചെയ്ത് മുഖ്യമന്ത്രി

വികസന കാര്യങ്ങളിൽ കേരളത്തിലെ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. നാടിന്റെ ആവശ്യങ്ങൾക്കായി മറ്റു സംസ്ഥാനങ്ങളിൽ എല്ലാവരും ഒന്നിച്ചുനിൽക്കുമ്പോൾ, കേരളത്തിൽ എല്ലാ വികസന പ്രവർത്തനങ്ങളെയും പ്രതിപക്ഷം എതിർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് ബി ജെ പിയുടെ ബി ടീമായി മാറിയെന്നും ബജറ്റിലെ അവഗണനയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാൻ അവർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബജറ്റിനെക്കുറിച്ച് നിയമസഭയിൽ നടക്കുന്ന ചർച്ച കേൾക്കാൻ പ്രതിപക്ഷത്തിന് താൽപര്യമില്ല. സഭയിൽ അസാമാന്യ ബഹളമാണ് ഉണ്ടാക്കുന്നത്. ഇന്ന് കണ്ടത് അംഗീകരിക്കാൻ ആവാത്ത കാര്യങ്ങളാണ്. കേരളത്തെ ശ്വാസം മുട്ടിക്കുന്ന ബി ജെ പി സർക്കാരിനെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. വസ്തുതകൾ മറച്ചുവെച്ച് സർക്കാരിനെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാനാണ് മാധ്യമങ്ങൾക്കും താൽപ്പര്യമെന്നും പിണറായി അഭിപ്രായപ്പെട്ടു.

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ഷേമ പ്രവർത്തനങ്ങളിൽ സർക്കാർ പിന്നോട്ടുപോയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 2016 ൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ ഇപ്പോൾ 2000 രൂപയായി വർദ്ധിപ്പിച്ചു. യു ഡി എഫ് ഭരണകാലത്ത് 18 മാസത്തെ പെൻഷൻ കുടിശികയാക്കി വെച്ചിരുന്ന സ്ഥാനത്താണ് ഈ മാറ്റം കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി വിവരിച്ചു. രാജ്യത്ത് മറ്റൊരു സംസ്ഥാനവും നൽകാത്ത രീതിയിലാണ് കേരളം സാമൂഹ്യ പെൻഷൻ വിതരണം ചെയ്യുന്നതെന്നും, 10 വർഷം കൊണ്ട് കേരളത്തിലുണ്ടായ മാറ്റങ്ങൾ കൺമുന്നിലുള്ള യാഥാർത്ഥ്യങ്ങളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചടങ്ങിൽ ക്ഷണിച്ചില്ല, വി കെ പ്രശാന്ത് എംഎൽഎയുടെ വാഹനം തടഞ്ഞ് കൗൺസിലർ; കേസെടുത്ത് പൊലീസ്
കോൺഗ്രസിന്‍റെ കടക്ക് പുറത്ത് ക്യാമ്പയിൻ, ജനങ്ങളുടെ ഹൃദയത്തിലാണ് മുഖ്യമന്ത്രിയുടെ ഇരിപ്പിടമെന്ന് കോൺഗ്രസിനെ ഓർമ്മിപ്പിച്ച് ശിവൻകുട്ടി