കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി: പ്രധാനമന്ത്രിയെ നന്ദിയറിയിച്ച് മുഖ്യമന്ത്രി 

By Web TeamFirst Published Sep 7, 2022, 8:36 PM IST
Highlights

കൊച്ചി മെട്രോ കലൂരിൽ നിന്നും ഐടി ഹബ്ബായ കാക്കനാട് വരെ നീട്ടാനുള്ള പദ്ധതിക്ക് ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയത്.

ദില്ലി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി നൽകിയ കേന്ദ്രമന്ത്രിസഭാ തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മെട്രോ രണ്ടാം ഘട്ടം സംസ്ഥാനത്തെ ഗതാഗതസംവിധാനത്തിൽ വലിയ കുതിപ്പിന് കാരണമാകുമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. 

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ജംഗ്ഷൻ മുതൽ കാക്കനാട്ടെ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി നൽകിയതിന് കേരളത്തിലെ ജനങ്ങളുടേയും സംസ്ഥാന സർക്കാരിൻ്റേയും പേരിൽ നന്ദിയറിയിക്കുന്നു. സംസ്ഥാനത്തിൻ്റെ ഗതാഗത സംവിധാനത്തിനാകെ ഈ പദ്ധതി ഗുണം ചെയ്യും. അങ്ങേയ്ക്ക് എൻ്റെ ഓണാശംസകൾ.... പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി മെട്രോ കലൂരിൽ നിന്നും ഐടി ഹബ്ബായ കാക്കനാട് വരെ നീട്ടാനുള്ള പദ്ധതിക്ക് ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയത്. മൂന്ന് ദിവസം മുൻപ് കേരളത്തിൽ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ പുതിയ ഘട്ടത്തിന് തറക്കല്ലിട്ടിരുന്നു. 

കൊച്ചി മെട്രോ രണ്ടാം ഘട്ടം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ഇപ്പോൾ കേന്ദ്രമന്ത്രിസഭായോഗം പദ്ധതിക്ക് അനുമതി നൽകുകയും ചെയ്തതോടെ കലൂർ - കാക്കനാട് പാതയിലെ മുടങ്ങി കിടക്കുന്ന സ്ഥലമേറ്റെടുപ്പും വൈകാതെ തുടങ്ങും.പണമില്ലാത്തതിനാൽ നാലിൽ രണ്ട് വില്ലേജുകളിലെ ഭൂമി മാത്രമാണ് നിലവിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തത്.പദ്ധതി തുടങ്ങാൻ വൈകിയതിനാൽ പ്രഖ്യാപിച്ചിരിക്കുന്ന നിർമ്മാണ ചിലവിനേക്കാൾ ഇനി ചിലവ് എത്രകൂടുമെന്നാണ് അറിയേണ്ടത്.

കലൂര്‍ സ്റ്റേഡിയം- പാലാരിവട്ടം സിവില്‍ ലൈൻ റോഡിലൂടെ ബൈപാസ് കടന്ന് ആലിന്‍ചുവട്, ചെമ്പ്മുക്ക്, വാഴക്കാല, പടമുകള്‍, ലിങ്ക് റോഡിലൂടെ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വഴി ഈച്ചമുക്ക്, ചിത്തേറ്റുകര, ഐ.ടി. റോഡ് വഴി ഇൻഫോപാർക്ക് വരെ നീളുന്നതാണ് നിർദിഷ്ട കലൂർ - ഇൻഫോപാർക്ക് പാത. 

കൊച്ചി മെട്രോ പ്രഖ്യാപിച്ചപ്പോൾ തന്നെ രണ്ടാം ഘട്ടത്തിനും അംഗീകാരം കിട്ടിയിരുന്നു.എന്നാൽ കേന്ദ്ര ക്യാബിനറ്റ് അനുമതി നൽകാത്തതാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം തിരിച്ചടിയായത്.വൈകിയെങ്കിലും പ്രധാനമന്ത്രി നേരിട്ട് കൊച്ചിയിലെത്തി ഏവരും കാത്തിരുന്ന ആ പ്രഖ്യാപനം നടത്തി പിന്നാലെ കേന്ദ്രമന്ത്രിസഭ പദ്ധതിക്ക് അംഗീകാരവും നൽകി. 

കലൂർ മുതൽ കാക്കനാട് വരെ.11.2 കിലോമീറ്റർ നീളം വരുന്നതാണ് പുതിയ മെട്രോ പാത. ഡിഎംആർസിക്ക് പകരം കൊച്ചി മെട്രോ നേരിട്ടാവും പദ്ധതിയുടെ നിർമ്മാണം നിർവഹിക്കുക.11 സ്റ്റേഷനുകളാണ് പാതയിലുണ്ടാവുക. 1950 കോടി രൂപയാണ് നേരത്തെയുള്ള കണക്ക് പ്രകാരം പദ്ധതിക്കായി ചിലവാക്കുക. എന്നാൽ പദ്ധതി നീണ്ടു പോയതിനാൽ ചിലവാക്കേണ്ട തുകയിലും മാറ്റം വരും.  

കേന്ദ്രവും സംസ്ഥാനവും ചിലവ് പങ്കിടുന്ന പദ്ധതിക്കായി തുക അനുവദിക്കുന്നത് വൈകുമോയെന്നാണ് ഇനി ആശങ്ക. പദ്ധതി പൂർത്തിയാക്കാൻ എത്രസമയമെടുക്കുമെന്നതും വ്യക്തമാക്കാനുണ്ട്.  സംസ്ഥാനം സ്ഥലമേറ്റെടുക്കൽ തുടങ്ങിയെങ്കിലും പണമില്ലാത്തതിനാൽ ഏറ്റെടുക്കാനുള്ള നാല് വില്ലേജുകളിൽ രണ്ടെണ്ണത്തിന്‍റെ മാത്രമാണ് ഭൂമി ഇത് വരെ കൈമാറിയത്. 

കാക്കനാട് ,ഇടപ്പള്ളി സൗത്ത് വില്ലേജിലെ 2.51 ഭൂമി ജില്ല ഭരണകൂടം ഏറ്റെടുത്ത് മെട്രോ കമ്പനിക്ക് കൈമാറി.226 ഭൂഉടമകൾക്കായി 132 കോടി രൂപ നൽകി.പൂണിത്തുറ,വാഴക്കാല വില്ലേജുകളിലെ സ്ഥലമേറ്റെടുക്കലാണ് ഇനി ബാക്കിയുള്ളത്. കടയുടകൾക്കും,വാടകക്കാർക്കുള്ള പുനരധിവാസ പാക്കേജ് അനുവദിക്കുന്നതിലും ഇനി വേഗം കൂട്ടണം. അരലക്ഷത്തിലധികം ജീവനക്കാരുള്ള ഇൻഫോപാർക്കിൽ മെട്രോ എത്തിയാൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുതിച്ച് ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. എസ് എൻ ജംഗ്ഷൻ വരെ നിലവിൽ 24 സ്റ്റേഷനുകളിലായി ആലുവ തുടങ്ങി കൊച്ചി നഗരം ചുറ്റി 27 കിലോമീറ്ററാണ് മെട്രോ ഓടിയെത്തുന്നത്. 

click me!