'എംപിമാരുടെ ഫണ്ട് ജനങ്ങൾക്ക് അവകാശപ്പെട്ടതല്ലേ?', കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

By Web TeamFirst Published Apr 7, 2020, 7:35 PM IST
Highlights

സംസ്ഥാനങ്ങൾക്ക് തന്നെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നൽകിയ ഫണ്ട് അസന്തുലിതവും വിവേചനപരവുമായിരുന്നു. കേരളത്തിന് ഇത് തീർത്തും അപര്യാപ്തമാണ്. ഈ സാഹചര്യത്തിൽ തദ്ദേശവികസനത്തിന് എംപിമാർക്ക് കിട്ടുന്ന തുക കൂടി വെട്ടിക്കുറയ്ക്കുന്നത് ശരിയല്ല - എന്ന് പിണറായി.

തിരുവനന്തപുരം: എംപിമാരുടെ സഞ്ചിതനിധി കേന്ദ്രസർക്കാരിന്‍റെ വിഭവസമാഹരണത്തിന് വേണ്ടിയുള്ളതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംപിമാരുടെ പ്രാദേശികവികസന ഫണ്ട് വെട്ടിക്കുറച്ചാൽ അത് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെപ്പോലും ഗുരുതരമായി ബാധിക്കും. സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിനായി നൽകിയ പണം തന്നെ അപര്യാപ്തവും വിവേചനപരവുമാണെന്നിരിക്കെ, ഈ ഫണ്ട് കൂടി വെട്ടിക്കുറച്ചാൽ അത് സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

''പ്രധാനമന്ത്രിയും രാഷ്ട്രപതിയും മറ്റ് മന്ത്രിമാരും 30 ശതമാനം ശമ്പളം വെട്ടിക്കുറച്ച നടപടി സ്വാഗതാർഹമാണ്. എന്നാൽ എംപിമാരുടെ പ്രാദേശികവികസനഫണ്ട് വെട്ടിക്കുറയ്ക്കുന്നത് തീർത്തും തെറ്റായ നടപടിയാണ്. ഇത് പ്രാദേശിക വികസനത്തെയാണ് ഗുരുതരമായി ബാധിക്കുക. സംസ്ഥാനങ്ങൾക്ക് കൊവിഡിനെ നേരിടാൻ നൽകിയ സഹായം തീർത്തും അസന്തുലിതവും വിവേചനപരവുമാണെന്ന ആരോപണം നേരത്തേ ഉയർന്നതാണല്ലോ. കേരളത്തെ സംബന്ധിച്ചാണെങ്കിൽ ഈ തുക തീർത്തും അപര്യാപ്തമാണ്. ഈ സാഹചര്യത്തിൽ എംപിമാരുടെ ഫണ്ട് കൂടി വികസനപ്രവർത്തനങ്ങൾക്ക് പ്രധാനമാണ്. അതനുസരിച്ചുള്ള പ്രവ‍ർത്തനം കേരളത്തിലെ ചില എംപിമാർ തുടങ്ങി വച്ചതുമാണ്. അതെല്ലാം ഇനി മുടങ്ങുന്ന സാഹചര്യമാണ് കേന്ദ്രസർക്കാരിന്‍റെ ഈ തീരുമാനം വഴി വരുന്നത്'', ശശി തരൂർ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തിച്ചതടക്കം പരോക്ഷമായി പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. 

''എംപിമാരുടെ സഞ്ചിതനിധി അതാത് ദേശത്തെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. അത് കേന്ദ്രവിഭവസമാഹരണത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. പ്രകൃതിദുരന്തമായാലും പകർച്ചവ്യാധിയായാലും വികേന്ദ്രീകൃതമായി പ്രാദേശികതലത്തിൽ ഇടപെടൽ അത്യാവശ്യമാണ്. തദ്ദേശഭരണസ്ഥാപനങ്ങളാണ് പ്രളയദുരിതാശ്വാസവിതരണത്തിലടക്കം വലിയ ഇടപെടലാണ് നടത്തിയത്. കൊവിഡ് പ്രതിരോധത്തിലും അവർ തന്നെയാണ് മുന്നിൽ നിന്ന് നയിക്കുന്നത്. അവർക്ക് മുൻഗണന കൊടുക്കണ്ട സമയമാണിത്. പ്രാദേശികമായി ഫണ്ട് അടിയന്തരമായി ആവശ്യമുണ്ട്. ഈ ഘട്ടത്തിൽ എംപി ഫണ്ടുകൾ നിഷേധിക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് തന്നെ വിരുദ്ധമാണ്'', മുഖ്യമന്ത്രി പറഞ്ഞു.

ഫണ്ട് തിരികെ പുനഃസ്ഥാപിക്കണമെന്ന് മാത്രമല്ല, അത് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി പൂർണമായി നൽകണമെന്നാണ് സംസ്ഥാനത്തിന്‍റെ അഭിപ്രായമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

click me!