'വാർത്താ സമ്മേളനം ആവശ്യമുള്ളപ്പോൾ'; വീഴ്ച വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jun 11, 2020, 8:06 PM IST
Highlights

കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം പല കാര്യങ്ങളും ഉണ്ടായത് കൊണ്ടാണ് വാര്‍ത്താസമ്മേളനത്തിന് ഇടവേള ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരെ ഉപേക്ഷിച്ച് പോകാൻ പറ്റുമോ എന്നും അദ്ദേ​ഹം ചോദിച്ചു.

തിരുവനന്തപുരം: കൊവിഡ് പ്രത്യേക വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനം ആവശ്യഘട്ടങ്ങളിൽ ഉണ്ടാകുമെന്നും അതിന് വീഴ്ച വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം ഇന്നാണ് വാര്‍ത്താസമ്മേളനം നടത്തുന്നത്. ഇതിന് എന്തെങ്കിലും കാരണമുണ്ടോ എന്ന മാധ്യമപ്രവർത്തകരിൽ ഒരാളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ആവശ്യമുള്ള സമയത്ത് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുകയാണ് പതിവ്. അത് മുൻപും പറഞ്ഞതാണ്. കൊവിഡ് വ്യാപനത്തിന് മുമ്പും ഇതേ രീതിയിലായിയുന്നു. എപ്പോഴാണോ ആവശ്യമുള്ളത് അപ്പോൾ മാധ്യമങ്ങളെ കാണും എന്നുള്ളതിന് ഒരു വീഴ്ചയും വരുത്തിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം പല കാര്യങ്ങളും ഉണ്ടായത് കൊണ്ടാണ് വാര്‍ത്താസമ്മേളനത്തിന് ഇടവേള ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരെ ഉപേക്ഷിച്ച് പോകാൻ പറ്റുമോ എന്നും അദ്ദേ​ഹം ചോദിച്ചു.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ ദിവസവും വൈകീട്ട് മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കാറുണ്ട്. പ്രധാന ദിവസങ്ങളും ഞായറാഴ്ചകളും ഒഴിവാക്കിയാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. പെരുന്നാളിന്റെ സമയത്ത് വാർത്താസമ്മേളനത്തിന്റെ സമയം മാറ്റിയിരുന്നു. അതിനിടെ വാർത്താസമ്മേളനത്തിൽ നീണ്ട ഇടവേള ഉണ്ടായത് പല പ്രചരണങ്ങൾക്കും ഇടയാക്കിയിരുന്നു.

click me!