പൂന്തുറയില്‍ പ്രതിഷേധിച്ചവരെ പിന്തിരിപ്പിച്ച സന്നദ്ധ പ്രവര്‍ത്തകനെതിരെ വ്യാജവാര്‍ത്ത നല്‍കിയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jul 11, 2020, 7:10 PM IST
Highlights

കേരളം മഹാപ്രളയം നേരിട്ടപ്പോൾ എല്ലാം മറന്ന് സ്വന്തം സൈന്യമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരാണ് തീരദേശത്ത് ഇന്ന് ദുരിതം അനുഭവിക്കുന്നത്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവുന്നതെല്ലാം സർക്കാർ ചെയ്യും. 

തിരുവനന്തപുരം: പൂന്തുറയില്‍ പ്രതിഷേധത്തിനിങ്ങിയവരെ പിന്തിരിപ്പിക്കാനെത്തിയ സന്നദ്ധ പ്രവര്‍ത്തകനെതിരെ വ്യാജവാര്‍ത്ത നല്‍കിയെന്ന് മുഖ്യമന്ത്രി. ഒരു പ്രമുഖ മാധ്യമമാണ് ഇത്തരത്തിലുള്ള വാര്‍ത്ത നല്‍കിയത്. സിപിഐഎം പ്രദേശിക നേതാവ് ബെയിലിൻ ദാസിന്‍റെ ചിത്രമാണ് വ്യാജ വാർത്തയില്‍ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒറ്റക്കെട്ടായി കൊവിഡ് 19 നെതിരെ പോരാടുമ്പോള്‍ ഇത്തരം പ്രവണതകള്‍ ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തീരദേശത്ത് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വന്നത് ആരുടെയും കുറ്റം കൊണ്ടല്ല. ഏറ്റവും കൂടുതൽ ശ്രദ്ധയോടെയുള്ള ഇടപെടലാണ് ആവശ്യം. ദിവസവും കടലിൽ പോയി ജീവനോപാധി കണ്ടെത്തുന്ന സഹോദരങ്ങൾ കൊവിഡ് മൂലം വിഷമിക്കുന്നു. അവർക്ക് ആകാവുന്ന സഹായം നൽകേണ്ട ഘട്ടമാണ്. കേരളം മഹാപ്രളയം നേരിട്ടപ്പോൾ എല്ലാം മറന്ന് സ്വന്തം സൈന്യമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരാണ് തീരദേശത്ത് ഇന്ന് ദുരിതം അനുഭവിക്കുന്നത്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവുന്നതെല്ലാം സർക്കാർ ചെയ്യും. ഈ ഘട്ടത്തിൽ അത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും സഹായിക്കണം.

ജനങ്ങളെ മറന്നുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ പെരുമാറരുത്. ഇതൊരു പ്രത്യേകഘട്ടമാണ്. മറ്റ് കാര്യങ്ങള്‍ പിന്നീടാകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ഇന്ന് 69 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 46 പേർ സമ്പർക്ക രോഗികളാണ്. എവിടെ നിന്ന് ബാധിച്ചതെന്ന് അറിയാത്ത 11 കേസുകളാണുള്ളത്.  ജില്ലയിൽ നിരീക്ഷണം ശക്തമായി തുടരുന്നുണ്ട്. ഒൻപത് തദ്ദേശ സ്ഥാപനങ്ങളിലെ 45 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 234 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തിയത്. 416 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

click me!