തിരുവനന്തപുരത്ത് ഇന്ന് പകുതിയിലേറെ പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്, ഉറവിടമറിയാത്ത 11 കേസുകൾ

By Web TeamFirst Published Jul 11, 2020, 6:54 PM IST
Highlights

 തിരുവനന്തപുരത്ത് ഇന്ന് 69 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 46 പേർ സമ്പർക്ക രോഗികളാണ്

തിരുവനന്തപുരം:  തിരുവനന്തപുരത്ത് ഇന്ന് 69 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 46 പേർ സമ്പർക്ക രോഗികളാണ്. എവിടെ നിന്ന് ബാധിച്ചതെന്ന് അറിയാത്ത 11 കേസുകളാണുള്ളത്.  ജില്ലയിൽ നിരീക്ഷണം ശക്തമായി തുടരുന്നുണ്ട്. ഒൻപത് തദ്ദേശ സ്ഥാപനങ്ങളിലെ 45 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്. സാമൂഹിക അവബോധം വർധിപ്പിക്കാൻ നോട്ടീസ് വിതരണം, മൈക്ക് അനൌൺസുമെന്റ് തുടങ്ങിയവ നടത്തുന്നു. 

ഇവിടെ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് റവന്യു-പൊലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ദ്രുത പ്രതികരണ വിഭാഗത്തെ നിയോഗിച്ചു.ഇന്നലെ വരെയുള്ള ജില്ലയിലെ കണക്കനുസരിച്ച് 18828 പേർ വീടുകളിലും 1901 പേർ വിവിധ സ്ഥാപനങ്ങളിലും രുതൽ നിരീക്ഷണത്തിലാണ്. ഇതുവരെ പൂന്തുറയിൽ 1366 ആന്റിജൻ പരിശോധന നടത്തി. 

262 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. പരിശോധന തുടരുന്നു. 150 കിടക്കകളുള്ള ട്രീറ്റ്മന്റ് സെന്റർ ഉടൻ അവിടെ സജ്ജമാക്കും. മൊബൈൽ മെഡിസിൻ ഡിസ്പെൻസറി സജ്ജീകരിച്ചു.മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വർഡുകളിൽ രോഗവ്യാപനം വർധിച്ച സാഹചര്യത്തിലാണ് കർക്കശ നിലപാട് സ്വീകരിച്ചത്. 

ജനത്തിനുണ്ടാക്കുന്ന പ്രയാസം കണക്കിലെടുത്താണ് ഇവിടുത്തെ ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നത്. മൂന്ന് വാർഡിലുമായി 8110 കാർഡ് ഉടമകളുണ്ട്. നിത്യോപയോഗ സാധനം എത്തിക്കാൻ അധിക സംവിധാനം ഒരുക്കി.

click me!