രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് ജോബി ജോസഫ് ആണെന്നാണ് പൊലീസ് കണ്ടെത്തിയത്.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫ് നൽകിയ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. പരാതിക്കാരിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് രാഹുലിന്‍റെ സുഹൃത്തായ ജോബി ജോസഫ് ആണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ മരുന്ന് എത്തിച്ചത് യുവതി ആവശ്യപ്പെട്ടത് കൊണ്ടാണെന്നും മരുന്ന് എന്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ഹർജിയിൽ ജോബി ജോസഫ് പറയുന്നത്. ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച യുവതി അപകടാവസ്ഥയിലായതിനെ തുടർന്ന് രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയതിന്‍റെ രേഖകൾ നേരത്തെ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ ഒന്നാം പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി ഇതേ കോടതി തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ജോബി.

അതേ സമയം, പൊൻകുന്നം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിൽ രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം ദർശനം നടത്തിയിരുന്നു. കോടതി വ്യവഹരങ്ങളിൽ പെടുന്നവർ നീതി തേടി വഴിപാട് നടത്തുന്ന ക്ഷേത്രമാണിത്. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ കാലയളവിൽ ദിലീപ് പല തവണ ഇവിടെ എത്തിയിരുന്നു. ക്രിക്കറ്റ്‌ കോഴ വിവാദത്തിൽ ശ്രീശാന്തും ദർശനം നടത്തിയിട്ടുണ്ട്. ബലാൽസംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മൂൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. ഇന്ന് സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ചയുടനെ വിശദമായ വാദം കേൾക്കണമെന്ന് രാഹുലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.