'ആംബുലന്‍സ് ഉപയോഗിച്ച് ലോക്ക്ഡൗണ്‍ ലംഘനം'; അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Apr 11, 2020, 6:44 PM IST
Highlights

സംസ്ഥാന അതിര്‍ത്തി കടന്ന റെയില്‍പാളത്തിലൂടെ നടന്നും ബൈക്കും ഓടിച്ചുമാെക്കെ വരുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ പ്രത്യേക ശ്രദ്ധ കൊടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് 19 വൈറസ് ബാധ പടരുന്നതിനെ ഒന്നിച്ച് നിന്ന് ചെറുമ്പോള്‍ അതിനെ തകര്‍ക്കുന്ന നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് നടത്തിയ ഒരു നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ലോക്ക്ഡൗണ്‍ ലംഘിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായി സഞ്ചരിക്കുന്നുവെന്ന വിവരമാണ് ശ്രദ്ധയില്‍പ്പെട്ടത്. സാധാരണ ആംബുലന്‍സുകള്‍ രോഗികളെ കൊണ്ടു പോകാനാണ്. ആംബുലന്‍സില്‍ രോഗികളെ കൂടാതെ തന്നെ ചിലര്‍ യാത്ര ചെയ്യുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. കോഴിക്കോട്ടാണ് അത്തരത്തില്‍ ഒരു കൂട്ടരെ പിടികൂടിയത്. ആംബുലന്‍സും പിടിച്ചെടുക്കേണ്ട അവസ്ഥയുണ്ടായി.

ഇത്തരത്തിലുള്ള തെറ്റായ രീതികള്‍ അംഗീകരിക്കാന്‍ കഴിയില്ല. അതുപോലെ സംസ്ഥാന അതിര്‍ത്തി കടന്ന റെയില്‍പാളത്തിലൂടെ നടന്നും ബൈക്കും ഓടിച്ചുമാെക്കെ വരുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ പ്രത്യേക ശ്രദ്ധ കൊടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഏഴ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 19 പേരുടെ പരിശോധന ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയേറ്റത്. മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്കണ്ണൂര്‍ ഏഴ്, കാസര്‍കോട് രണ്ട്, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് ഇന്നത്തെ കണക്ക്.

കണ്ണൂരില്‍ കൊവിഡ്  ചികിത്സയില്‍ കഴിഞ്ഞിരുന്ന കാസര്‍കോട് സ്വദേശിയായയുവതിക്ക് ആണ്‍കുഞ്ഞു പിറന്നത് സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

click me!