K Rail : 'ആര് പറയുന്നതാണ് ജനം കേൾക്കുന്നതെന്ന് കാണാം'; കെ റെയിലിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി

Published : Mar 21, 2022, 08:34 PM ISTUpdated : Mar 21, 2022, 11:17 PM IST
K Rail : 'ആര് പറയുന്നതാണ് ജനം കേൾക്കുന്നതെന്ന് കാണാം'; കെ റെയിലിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി

Synopsis

സർക്കാർ പൂർണ്ണ തോതിൽ നാട്ടിൽ ഇറങ്ങി പദ്ധതി വിശദീകരിക്കും. ആര് പറയുന്നതാണ് ജനം അംഗീകരിക്കുക എന്ന് കാണാമെന്ന് മുഖ്യമന്ത്രി.

കണ്ണൂർ: കെ റെയിൽ (K Rail) പദ്ധതിയുമായി ബന്ധപ്പെട്ട് ‌പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ആര് പറയുന്നതാണ് ജനം കേൾക്കുന്നതെന്ന് കാണാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. സർക്കാർ പൂർണ തോതിൽ നാട്ടിൽ ഇറങ്ങി പദ്ധതി വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനം അനുമദിക്കില്ല എന്ന ദുശ്ശാഠ്യമാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് വിചാരിച്ചാൽ കുറച്ച് ആളുകളെ ഇറക്കാനാകും. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സർക്കാർ മനസ്സിലാക്കുന്നുണ്ടെന്നും നാലിരട്ടി നഷ്ടപരിഹാരമെന്നത് വെറും വാക്കല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂർ പാനൂരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിൽവർ ലൈൻ അനുവദിച്ചു കൂടായെന്ന നിലപാടാണ് കോൺഗ്രസിനും ബിജെപിക്കുമുള്ളത്. എല്ലാ വിഭാഗം ജനങ്ങളും പദ്ധതിയെ സ്വാഗതം ചെയ്യുന്നു. സിൽവർ ലൈൻ വേണ്ട ആകാശപാത മതി എന്നാണ് പ്രതിപക്ഷം പറയുന്നത്. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സർക്കാർ മനസിലാക്കുന്നു. ഭൂമി നഷ്ടപ്പെടുന്നവർക്ക് 4 ഇരട്ടി നഷ്ടപരിഹാരം വെറും വാക്ക് അല്ല. ഭാവിതലമുറയ്ക്ക് വേണ്ടിയുള്ള വികസനം അനുവദിക്കില്ല എന്ന ദുശാഠ്യം ആണ് പ്രതിപക്ഷത്തിനുള്ളത്. കോൺഗ്രസും ബിജെപിയും കൈകോർത്തു കൊണ്ട് വികസനത്തെ എതിർക്കുകയാണ്. യു ഡി എഫ് വിചാരിച്ചാൽ കുറച്ച് ആളുകളെ ഇറക്കാനാകും. പക്ഷെ അവരുടെ നേതാക്കൾ തന്നെ സ്വകാര്യമായി പദ്ധതിയെ അനുകൂലിച്ച് സംസാരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗര പ്രമുഖർ സർക്കാരിൻ്റെ അഭിപ്രായത്തിന് കയ്യടിക്കുന്നവരല്ല. സർക്കാർ പൂർണ്ണ തോതിൽ നാട്ടിൽ ഇറങ്ങി പദ്ധതി വിശദീകരിക്കും. ആര് പറയുന്നതാണ് ജനം അംഗീകരിക്കുക എന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോ ഗോ വിളി നടത്തുന്നവരോട്, ആ പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

സിപിഎമ്മിന്റെ ഇടപെടൽ ശേഷിയെ ഭരണവർഗ്ഗം ഭയപ്പെടുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ബംഗാളും ത്രിപുരയും ഇതിന് ഉദാഹരണമാണ്. സി പി എമ്മിനെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നു. രാജ്യത്ത് വിവിധ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നു. ആർ എസ് എസ് അജണ്ട നടപ്പാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ബി ജെ പി ഗവൺമെന്റ് എന്തായി മാറുമെന്ന് മുന്നറിയിപ്പ് നൽകിയ പാർട്ടിയാണ് സി പി എം. സഹോദരങ്ങളിൽ പോലും പകയും വിദ്വേഷവും സൃഷ്ടിക്കാൻ ആർ എസ് എസിന് അറിയാം. ഒറ്റക്കെട്ടായി യോജിച്ച് ഇടപെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

   സംസ്ഥാനത്ത് കെ റെയിൽ വിരുദ്ധ സമരം ശക്തം

സംസ്ഥാനത്ത് ഇന്നും കെ റെയിൽ വിരുദ്ധ സമരം ശക്തമായിരുന്നു. കോഴിക്കോട് കെ റെയിൽ കല്ല് സമരക്കാർ പിഴുത് സമീപത്തൂടെ പോകുന്ന കല്ലായി പുഴയിലെറിഞ്ഞു. ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധമുണ്ടായി. കോട്ടയത്തും മലപ്പുറത്തും സമരക്കാർ ഉറച്ച നിലപാടിൽ നിന്നു. കണ്ണൂരിലും കൊല്ലത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമരവുമായി രംഗത്തുണ്ടായി.

കോട്ടയത്ത് കെ റെയിൽ കല്ല് കൊണ്ട് വന്ന വാഹനത്തിന് മുകളിൽ കയറി നിന്ന് കോൺഗ്രസ് പ്രവർത്തകരും സമരക്കാരും പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സമരം. ശക്തമായ പൊലീസ് സന്നാഹമാണ്  സ്ഥലത്തുണ്ടായിരുന്നത്. പൊലീസ് പിൻവാങ്ങും വരെ സമരമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. പൊലീസ് സംയമനം പാലിച്ചു.

കോഴിക്കോട് കല്ലായിയിൽ സർവേ തടഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറും സംഘവും സ്ഥലത്ത് പ്രതിഷേധിച്ചു. മന്ത്രി സജി ചെറിയാനെതിരെ ഡിസിസി അധ്യക്ഷൻ പൊട്ടിത്തെറിച്ചു. വങ്കത്തരമാണ് സജി ചെറിയാൻ പറയുന്നത്, പിണറായി വിജയനും സിപിഎമ്മുമാണ് തീവ്രവാദികൾ, സമരത്തിൽ നിന്ന് പിന്മാറില്ലെന്നും പ്രവീൺ കുമാർ വ്യക്തമാക്കി. ഇവിടെ റവന്യൂ ഭൂമിയിൽ സ്ഥാപിച്ച കെ റെയിൽ കല്ലുകൾ പറിച്ചു കളഞ്ഞു. കല്ല് പിഴുത് സമരക്കാർ കല്ലായി പുഴയിൽ ഇട്ടു. കോൺഗ്രസ് - ബിജെപി പ്രവർത്തകർ ചേർന്നാണ് കല്ല് പറിച്ചത്. സർവേ നിർത്താൻ നിർദേശം ഇല്ലെന്ന്  റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു. റവന്യൂ ഉദ്യോഗസ്ഥരെ ഉപരോധിച്ച സമരക്കാർ സർവേ നിർത്തി പിരിഞ്ഞു പോകണം എന്ന് ആവശ്യപ്പെട്ടു. സമരക്കാർ തഹസിൽദാരെ ഉപരോധിച്ചു. സ്ഥിതിഗതികൾ ജില്ലാ കളക്ടറെ ധരിപ്പിച്ച് മറുപടിക്കായി കാത്തു നിൽക്കുന്നു എന്ന് റവന്യൂ ഉദ്യോഗസ്ഥർ പ്രതികരിച്ചു.

കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയിൽ കെ റെയിലിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എറണാകുളത്ത് ചോറ്റാനിക്കരയിൽ പ്രതിഷേധത്തിൽ അനൂപ് ജേക്കബ് എംഎൽഎയും ചേർന്നു. കോൺഗ്രസ് പ്രവർത്തകർ കല്ല് പിഴുതെറിഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് കല്ല് പിഴുതെറിഞ്ഞത്. ഇവിടെ നെൽപ്പാടത്ത് സ്ഥാപിച്ച കല്ലുകൾ നീക്കി. കല്ല് കൊണ്ടുവന്ന വാഹനം സമരക്കാർ നീക്കി.

കണ്ണൂർ കളക്ട്രേറ്റിൽ കെ റെയിൽ കല്ലിടാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കളക്ട്രേറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുറ്റി സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉൾപെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പെരിമ്പായിക്കാട് കുഴിയാലപ്പടിയിൽ കെ റെയിൽ കല്ല് കൊണ്ടുവന്ന വാഹനത്തെ സമരപ്പന്തലാക്കി പ്രവർത്തകർ സമരം ചെയ്തു. വാഹനം മാറ്റാൻ അനുവദിക്കില്ലെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു.

അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എൻഎസ്എസ് രംഗത്ത് വന്നു. സിൽവർ ലൈനിനെ അനുകൂലിക്കാനോ എതിർക്കാനോ എൻഎസ്എസ് തീരുമാനിച്ചിട്ടില്ലെന്നും മാടപ്പള്ളിയിൽ ചങ്ങനാശേരി താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് പങ്കെടുത്തത് വ്യക്തിപരമായ തീരുമാനത്തിലാണെന്നും എൻഎസ്എസ് വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയിൽ കെ റയിലിനായി ഇട്ടിരിക്കുന്ന എല്ലാ കല്ലുകളും പുഴുതുകളയുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു. കെ റെയിൽ കല്ലുകൾ ക്ലിഫ് ഹൗസിൽ കൊണ്ടിടുമെന്നും ഈ സമരം ചെയ്യുന്ന വനിതാ പ്രവർത്തകരെ തടയാനോ ഉപദ്രവിക്കാനോ പൊലീസ് ശ്രമിച്ചാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. അതിരുകല്ലുമായിട്ടായിരുന്നു മാർച്ച്. കല്ല് സ്ഥാപിക്കാൻ കളക്ട്രേറ്റിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. തുടർന്ന് പോലീസുമായി നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻറ് അരുൺ രാജ് ഉദ്ഘാടനം ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം