'കേരളവുമായുള്ള ബന്ധം തകര്‍ക്കാന്‍ ശ്രമം'; ദ്വീപില്‍ നിന്നുള്ള വാര്‍ത്തകള്‍ അതീവഗൗരവം ഉള്ളവയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published May 24, 2021, 7:21 PM IST
Highlights

ദ്വീപ് നിവാസികളും നമ്മളും പരസ്പരം സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം നമുക്ക് വളരെ ദൃഢമായ ബന്ധമാണ്. അത് തകർക്കാനുള്ള ഒരു ഗൂഢശ്രമം ആരംഭിച്ചതായാണ് വാര്‍ത്തകളില്‍ കാണുന്നത്.

തിരുവനന്തപുരം: ലക്ഷദ്വീപില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അതീവഗൗരവം ഉള്ളവയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദ്വീപ് നിവാസികളുടെ സംസ്കാരത്തിനും ജീവതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമാണുള്ളത്. അത്തരം നീക്കങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപും കേരളവുമായി ദീര്‍ഘനാളത്തെ ബന്ധമാണ് ഉള്ളത്. ഒരുഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്തിന്‍റെ ഭാഗമായിട്ടാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

നമ്മുടെ പോര്‍ട്ടുകളുമായും അവര്‍ക്ക് നല്ല ബന്ധമാണ്. നമ്മുടെ നാട്ടിലാണ് അവർ വിദ്യാഭ്യാസ-ചികിത്സാ ആവശ്യത്തിന് വരുന്നത്. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എല്ലാമെടുത്താല്‍ കേരളത്തിലാകെ ദ്വീപില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ കാണാന്‍ സാധിക്കും. എല്ലാ തരത്തിലും നമ്മുടെ നാടുമായി ഇഴുകി ചേർന്ന് പ്രവർത്തിക്കുന്നവരാണ്. ദ്വീപ് നിവാസികളും നമ്മളും പരസ്പരം സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്.

വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം നമുക്ക് വളരെ ദൃഢമായ ബന്ധമാണ്. അത് തകർക്കാനുള്ള ഒരു ഗൂഢശ്രമം ആരംഭിച്ചതായാണ് വാര്‍ത്തകളില്‍ കാണുന്നത്.  സങ്കുചിത താത്പര്യങ്ങള്‍ക്ക് വഴങ്ങികൊണ്ടാണ് അത്തരം നിലപാടുകള്‍. അത് തീര്‍ത്തും അപലപനീയമായതാണ്. ഇത്തരം പ്രതിലോമകരമായ നീക്കങ്ങളിൽ നിന്നും തീരുമാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവർ പിന്മാറണണെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

click me!