ഡിജിറ്റൽ ഹബ്ബ് കൊച്ചിയിൽ, സ്റ്റാർട്ട് അപ്പ് മേഖലയിൽ സുപ്രധാന മാറ്റം, ഈടില്ലാതെ വായ്പയും പരിഗണനയിലെന്ന് പിണറായി

By Web TeamFirst Published Sep 18, 2021, 4:02 PM IST
Highlights

സംരംഭകർക്ക് ഈടില്ലാതെ ഒരു കോടി രൂപ വരെ വായ്പ നൽകുന്നത് പരിഗണനയിലെന്ന് ഹബ്ബ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാർട്ട് അപ്പ് മേഖലയിൽ സുപ്രധാന മാറ്റമാകാൻ കൊച്ചിയിൽ ഡിജിറ്റൽ ഹബ്ബ് തുറന്നു. സംരംഭകർക്ക് ഈടില്ലാതെ ഒരു കോടി രൂപ വരെ വായ്പ നൽകുന്നത് പരിഗണനയിലെന്ന് ഹബ്ബ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ലക്ഷം ചതുരശ്രടി വിസ്തീർണമുള്ള ഡിജിറ്റൽ ഹബ്ബ് കെട്ടിട സമുച്ചയം നിശ്ചയിച്ചതിലും കുറഞ്ഞ തുകയ്ക്കാണ് നിർമിച്ചത്.

യുവാക്കൾക്ക് സ്റ്റാർട്ട് അപ്പുകൾ തുടങ്ങാൻ ആവശ്യമായ പ്രോത്സാഹനവും, സൗകര്യങ്ങളും, സാമ്പത്തിക പിന്തുണയും. നൂറുദിന ക‍ർമ്മ പദ്ധതിയുടെ ഭാഗമായാണ് കേരള സ്റ്റാർട്ട് അപ്പ് മിഷന്‍റെ അഭിമാന പദ്ധതി സംസ്ഥാന സർക്കാർ നാടിന് സമർപ്പിച്ചത്. കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിലെ 13 ഏക്കർ സ്ഥലത്താണ് ലോകോത്തര നിലവാരത്തിലുള്ള കെട്ടിടം. അന്തർദേശീയ

ഉൽപ്പന്നങ്ങളുടെ ലോഞ്ച് പാഡുകൾ, ഇൻകുബേറ്റർ ആക്സിലറേറ്റർ സ്പേസ്, ഓഫീസ് ഇടങ്ങൾ, പരിശീലന കേന്ദ്രം, സ്റ്റുഡിയോ അങ്ങനെ വിപുലമായ സൗകര്യങ്ങളുണ്ട്. സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള ബാങ്ക്, കെഎസ്ഐഡിസി ഉൾപ്പടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് 250 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് രൂപീകരണവും സർക്കാർ ലക്ഷ്യമിടുന്നു.

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷൻ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് കൊവിഡ് പ്രതിസന്ധിക്കിടയിലും മൂന്ന് വർഷം കൊണ്ട് കെട്ടിട നിർമാണം പൂർത്താക്കി. 87.35 കോടി രൂപ എസ്റ്റിമേറ്റിടത്ത് നിർമാണത്തിനായി വേണ്ട വന്നത് 80 കോടി രൂപ മാത്രം. പൂർണമായും കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമാണം. ഡിജിറ്റൽ ഹബ്ബ് കൂടി തുറന്നതോടെ 4 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ തെക്ക് കിഴക്കൻ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാർട്ട് അപ്പ് സ്പെയിസാണ് കിൻഫ്രയിലുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!