ചികിത്സയിൽ ആശങ്ക വേണ്ട; എട്ട് മടങ്ങ് രോഗികൾ വർധിച്ചാലും ചികിത്സ നല്‍കാനാകുമെന്ന് മുഖ്യമന്ത്രി

Published : Aug 27, 2020, 06:42 PM ISTUpdated : Aug 27, 2020, 11:26 PM IST
ചികിത്സയിൽ ആശങ്ക വേണ്ട; എട്ട് മടങ്ങ് രോഗികൾ വർധിച്ചാലും ചികിത്സ നല്‍കാനാകുമെന്ന് മുഖ്യമന്ത്രി

Synopsis

കൊവിഡ് നിരുപദ്രവകാരിയല്ലെന്നും രോഗം വന്നാൽ കുഴപ്പമില്ലെന്നും പ്രചാരണം നടക്കുന്നുണ്ട്. ഈ ധാരണ പ്രബലമായാൽ വലിയ അപകടം ഉണ്ടാവുമെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ട് മടങ്ങ് രോഗികൾ വർധിച്ചാൽ വരെ ചികിത്സ നൽകാൻ കേരളത്തിനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബ്രേക്ക് ദി ചെയിൻ പ്രവർത്തനവും ജാഗ്രതയും അതിപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ഡൗൺ പിൻവലിച്ച് ജീവൻ സംരക്ഷിക്കുന്നതിനൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യം അനിവാര്യമായി. ഇളവുകൾ ഇതിന്‍റെ ഭാഗമായി നൽകി. ബ്രേക്ക് ദി ചെയിൻ പ്രവർത്തനവും ജാഗ്രതയും ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. ജീവന്‍റെ വിലയുള്ള ജാഗ്രത മുന്നോട്ട് വെക്കുന്ന സന്ദേശം അതാണ്. ശുചീകരണം, മാസ്ക് ധരിക്കൽ എന്നിവയിൽ വിട്ടുവീഴ്ച പാടില്ല. ഓരോ ആളുകളും അവരവരുടെ ചുറ്റും സുരക്ഷാ വലയം തീർക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കൊവിഡ് നിരുപദ്രവകാരിയല്ലെന്നും മരണനിരക്ക് ഒരു ശതമാനമാണെന്നും രോഗം വന്നാൽ കുഴപ്പമില്ലെന്നും പ്രചാരണം നടക്കുന്നുണ്ട്. ഈ ധാരണ പ്രബലമായാൽ വലിയ അപകടം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നര കോടി ജനസംഖ്യയുള്ള കേരളത്തിൽ ഒരു ശതമാനം മൂന്നര ലക്ഷമാണ്. അതിന്‍റെ പകുതിയാണെങ്കിലും വരുന്ന സംഖ്യ എത്രയെന്ന് ചിന്തിക്കണം. അതുപോലെയൊരു സാഹചര്യം അനുവദിക്കാനാവുമോ എന്ന് പ്രചാരണം നടത്തുന്നവർ ആലോചിക്കണം. മരണ നിരക്ക് ചെറുകാമെങ്കിലും രോഗികളുടെ എണ്ണം വർധിക്കുമ്പോൾ മരണവും ആനുപാതികമായി വർധിച്ചേക്കാമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ചിലർ സ്വീഡനെ മാതൃകയാക്കാൻ പറയുന്നു. അവിടെ പത്ത് ലക്ഷത്തിൽ 575 പേരെന്ന നിലയിലാണ് മരണമുണ്ടായത്. കേരളത്തിന്റെ 100 ഇരട്ടി മരണം ഉണ്ടായി. മരണം ഒഴിവാക്കാനാണ് ശ്രമം. ഓരോരുത്തരുടെയും ജീവൻ വിലപ്പെട്ടതാണ്. ലോകത്ത് തന്നെ കുറവ് മരണനിരക്കുള്ള പ്രദേശമായി കേരളത്തെ നിലനിർത്തണം. അതിന് എല്ലാവരും ദൃഢനിശ്ചയം ചെയ്യണം. ജാഗ്രത കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. കൈ കഴുകുമ്പോഴും മാസ്ക് ധരിക്കുമ്പോഴും ചുറ്റുമുള്ളവരെ കൂടി രക്ഷിക്കുകയാണ്. ആ പ്രതിബദ്ധത കൈവെടിയരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഇവിടെ കൊവിഡ് രോഗികൾക്ക് ചികിത്സ തികച്ചും സൗജന്യമാണ്. പരിശോധന, ഭക്ഷണം, മരുന്ന്, കിടക്ക, വെന്‍റിലേറ്റർ, പ്ലാസ്മ തെറാപ്പി എന്നിവയെല്ലാം സൗജന്യമാണ്. സർക്കാർ അംഗീകൃത സ്വകാര്യ ലാബിൽ സ്വമേധയാ വരുന്ന എല്ലാവർക്കും ടെസ്റ്റ് നടത്തും. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും സർക്കാർ നിശ്ചയിച്ച ഫീസേ ഈടാക്കാവൂ. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ നിരക്കും മാർഗനിർദ്ദേശവും പുറത്തിറക്കി. നിശ്ചയിച്ച നിരക്ക് മറ്റ് സംസ്ഥാനങ്ങളേക്കാൾ കുറവാണ്. ഐസിയു ചാർജായി കേരളത്തിൽ 6500 രൂപ ഈടാക്കുന്നു. ആന്ധ്രയിൽ ഇത് 46325 രൂപയും തമിഴ്നാട്ടിൽ 11000 രൂപയും ദില്ലിയിൽ 15000 രൂപയുമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു