ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Feb 28, 2020, 7:35 PM IST
Highlights

പോസ്റ്റ്മോർട്ടത്തിന് ശേഷം സ്കൂളിലും വീട്ടിലും പൊതുദർശനത്തിന് വച്ച ദേവനന്ദയുടെ മൃതദേഹം വൈകിട്ട് ആറരയോടെ കുടവട്ടൂരിലെ കുടുംബ വീട്ടിൽ സംസ്കരിച്ചു

കൊല്ലം: ഇളവൂരിൽ ആറ്റിൽ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴ് വയസുകാരിയുടെ മരണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 
ഏഴു വയസ്സുകാരി ദേവനന്ദയുടെ വിയോഗം വേദനിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബത്തിന്‍റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം അനുശോചനക്കുറിപ്പിൽ അറിയിച്ചു.

പോസ്റ്റ്മോർട്ടത്തിന് ശേഷം സ്കൂളിലും വീട്ടിലും പൊതുദർശനത്തിന് വച്ച ദേവനന്ദയുടെ മൃതദേഹം വൈകിട്ട് ആറരയോടെ കുടവട്ടൂരിലെ കുടുംബ വീട്ടിൽ സംസ്കരിച്ചു. നൂറ് കണക്കിന് ആളുകളാണ് ദേവനന്ദയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ, സ്കൂളിലും വീട്ടിലുമായി എത്തിയത്. ദേവനന്ദ മുങ്ങി മരിച്ചതാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. കുട്ടിയുടെ ശരീരത്തിൽ ബലപ്രയോഗം നടന്നതിൻറെ പാടുകൾ കണ്ടെത്തിയില്ല. അതേ സമയം ദേവാനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. പഴുതടച്ച അന്വേഷണമുണ്ടാകുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ടി.നാരായണൻ പറഞ്ഞു.

ഇന്നലെ പത്തുമണിയോടെയാണ് ദേവനന്ദയെ കാണാതാകുന്നത്. ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചിരിക്കാമെന്നാണ് പോസ്റ്റ്മോർ‍ട്ടം നടത്തിയ ഫൊറൻസിക് ഡോക്ടർമാരുടെ നിഗമനം. മൃതദേഹം അഴുകാനും തുടങ്ങിയിരുന്നു. ആന്തരികാവയത്തിൽ വെള്ളവും ചെളിയുമുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗത്തിലെ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വെളളത്തിൽ ബലം പ്രയോഗിച്ച് താഴ്ത്തുമ്പോഴുണ്ടാകുന്ന പാടുകളൊന്നും പൊലീസിൻറെ മൃതദേഹ പരിശോധനയിലും കണ്ടെത്തിയിട്ടില്ല.

കുട്ടിയെ പരിചയക്കാരാരെങ്കിലും പുഴയരികിലേക്ക് കൂട്ടികൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന ആരോപണം അടക്കം  പരിശോധിക്കാനാണ് പ്രത്യേക സംഘത്തിനുള്ള നിർദ്ദേശം. ദേവനന്ദയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി വൈകാതെ പൊലീസ് രേഖപ്പെടുത്തും. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം എത്രയും വേഗം ലഭിക്കാനും പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

click me!