
തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ലഹരി വസ്തുക്കൾ എത്തുന്നതു തടയാൻ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളിൽ ഉൾപ്പെടെ ലഹരി ഉപയോഗം വ്യാപിച്ചു കഴിഞ്ഞുവെന്നും സ്ഥിതി ഗുരുതരമാണെന്നും ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനുള്ള ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ്,എക്സൈസ്,ആരോഗ്യം,വിദ്യാഭ്യാസം,പിആർഡി വകുപ്പുകൾ ചേർന്നു ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കു സംയുക്ത സമിതി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. തുടർ പ്രവർത്തനങ്ങളുടെ ഏകോപനം ഈ സമിതിയുടെ ഉത്തരവാദിത്തമായിരിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
എല്ലാ സ്കൂളുകളിലും പിടിഎ നേതൃത്വത്തിൽ വിമുക്തഭടന്മാരെ സെക്യൂരിറ്റി ഗാർഡുമാരായി നിയമിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. പ്രവൃത്തിസമയത്ത് ആരെയും അനാവശ്യമായി സ്കൂളിൽ കയറ്റിവിടരുത്. ചുറ്റുമതിൽ ഇല്ലാത്ത സ്കൂളുകളിൽ നിർമിക്കണം. കുട്ടികളെ ശിക്ഷിക്കുന്നതിനെക്കാൾ തിരുത്തിക്കുന്നതിനാണു പരിഗണന നൽകേണ്ടത്. രക്ഷിതാക്കളെ വിളിച്ചു സംസാരിക്കണം. 5-10 കുട്ടികളുടെ ഉത്തരവാദിത്തം ഒരു അധ്യാപകനു മെൻറർ എന്ന നിലയിൽ നൽകണം. ലഹരിക്ക് അമിതമായി അടിമപ്പെട്ടവരെ മാത്രമേ ലഹരിമോചന കേന്ദ്രത്തിലേക്ക് അയയ്ക്കാവൂവെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
ജനമൈത്രി പൊലീസിന്റെ സേവനം ലഹരി മാഫിയക്ക് എതിരെ ഉപയോഗപ്പെടുത്തണം. സംസ്ഥാന അതിർത്തി വഴി ലഹരിവസ്തുക്കൾ കടത്തുന്നതു തടയാൻ പ്രത്യേക സംവിധാനം ഉണ്ടാക്കണം. ഡോക്ടർമാരുടെ കുറിപ്പില്ലാതെ ലഹരി ഉൽപ്പന്നങ്ങൾ ഫാർമസികളിൽ നിന്നു കൊടുക്കരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കഴിഞ്ഞ വർഷം 12,000 കേസുകളാണു ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായതെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, എക്സൈസ് അഡീഷനൽ ചീഫ് സെക്രട്ടറി ആശ തോമസ്,അഡീഷനൽ ഡിജിപി മനോജ് ഏബ്രഹാം, ഡയറക്ടർ ഓഫ് ജനറൽ എജ്യുക്കേഷൻ കെ. ജീവൻ ബാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam