നിപ പ്രതിരോധത്തിന് സംവിധാനങ്ങൾ സജ്ജം; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി: കെ കെ ശൈലജ

By Web TeamFirst Published Jun 3, 2019, 6:28 PM IST
Highlights

സാമൂഹ്യമാധ്യമങ്ങളിൽ മോശം പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഇത് തമാശ പറയേണ്ട സമയമല്ല, ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള കൂട്ടായ ശ്രമമാണ് നടക്കുന്നത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ ഇത്തരത്തിൽ ഭീതി പരത്തുന്നവരെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

കൊച്ചി: ഒരുപക്ഷേ നിപ സ്ഥിരീകരിക്കുകയാണെങ്കിൽ അതിനെ നേരിടാൻ സർക്കാരും സംവിധാനങ്ങളും സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞ. ഭയമല്ല, ജാഗ്രതയാണ് ഇപ്പോൾ വേണ്ടത്. സുശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോടിന്‍റെ അനുഭവം കൂടിയുള്ളതുകൊണ്ട് ഏത് അടിയന്തരഘട്ടത്തെയും നേരിടാൻ നമ്മുടെ സംവിധാനങ്ങൾ സജ്ജമാണ്. എന്നാൽ ചിലർ ഭീതിപരത്തുന്ന പ്രചാരണം ചിലർ സാമൂഹ്യമാധ്യമങ്ങളിൽ തുടങ്ങിയിട്ടുണ്ട്. നിപയെക്കുറിച്ച് ഭീതി പരത്തുന്ന രീതിയിൽ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

തന്‍റെ പേരിലും ഫേസ്ബുക്കിൽ ഫേക് പേജ് ഉണ്ടാക്കി പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് നിപ ബാധ ഉണ്ടായപ്പോൾ ഇത്തരം പ്രചാരണം നടത്തിയ 25 പേർ‍ക്കെതിരെ കേസെടുക്കുകയും 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോഴിയിൽ നിന്നാണ് നിപ പകരുന്നത് എന്നുവരെ കഴിഞ്ഞ തവണ പ്രചാരണം നടന്നിരുന്നു. അയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ കോഴിയിറച്ചിക്ക് വില കൂടിയതുകൊണ്ട് കുറയ്ക്കാനാണ് അങ്ങനെ ചെയ്തത് എന്നായിരുന്നു മറുപടി. അത്തരത്തിൽ വളരെ മോശമായ കമന്‍റുകളും പ്രചാരണങ്ങളും ചിലർ ഇത്തവണയും സാമൂഹ്യമാധ്യമങ്ങളിലൂടെ തുടങ്ങിയിട്ടുണ്ട്.

ഇത് തമാശ പറയേണ്ട സമയമല്ല, ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള കൂട്ടായ ശ്രമമാണ് നടക്കുന്നത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ ഇത്തരത്തിൽ ഭീതി പരത്തുന്നവരെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം വളരെ ഉത്തരവാദിത്തത്തോടെ സാമൂഹ്യമാധ്യമങ്ങളിൽ നിപ പ്രതിരോധം സംബന്ധിച്ച വാർത്തകൾ പ്രചരിപ്പിക്കുന്ന ധാരാളം പേരുണ്ടെന്നും അത്തരത്തിൽ കൂട്ടായ ഉത്തരവാദിത്തമാണ് ഈ ഘട്ടത്തിൽ കാണിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

നിപയെക്കുറിച്ചുള്ള സംശയനിവാരണത്തിനായി പൊതുജനങ്ങൾക്ക് ദിശ ഹെൽപ്പ് ലൈൻ നമ്പറുകളായ 0471 255 2056, 0471 255 1056 എന്നിവയിലേക്ക് വിളിക്കാവുന്നതാണ്. നിപ സംബന്ധിച്ച ഏതുതരം സഹായത്തിനും സംശയനിവാരണത്തിനും കോൾ സെന്‍ററുകളും സജ്ജമാണ്. എറണാകുളം കളക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട് രൂപീകരിച്ച മീഡിയ സെൽ വഴി ആധികാരിക വാർത്തകൾ പുറത്തുവിടും. ആധികാരികത ഉറപ്പിച്ച വാർത്തകൾ മാത്രമേ പ്രചരിപ്പിക്കാവൂ എന്നും മന്ത്രി കെ കെ ശൈലജ ആവർത്തിച്ചു.

കൃത്യമായ വിവരങ്ങൾ അറിയുന്നതിനായി ആരോഗ്യ വകുപ്പിന്‍റെ ഫേസ്ബുക്ക് പേജായ ആരോഗ്യ ജാഗ്രത സന്ദർ‍ശിക്കാവുന്നതാണ്.

താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക പേജുകളേയും നിപ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾക്കായി ആശ്രയിക്കാം.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ്:

മുഖ്യമന്ത്രിയുടെ ട്വിറ്റർ ഹാന്റിൽ :

Check out CMO Kerala (@CMOKerala): https://twitter.com/CMOKerala?s=09

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് പേജ്:

ജില്ലാ കളക്ടർ - എറണാകുളം :

നിപ പ്രതിരോധം; സംശയ നിവാരണത്തിന് 1056, 1077 നമ്പറുകളിൽ വിളിക്കാം
click me!