കേരളം ധീരമായി മുന്നോട്ട് വെക്കുന്ന ബദലാണ് സംസ്ഥാന ബജറ്റ്; പ്രകീർത്തിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Feb 8, 2020, 9:52 PM IST
Highlights

സ്ത്രീകളോടുള്ള കരുതൽ, പ്രവാസി ക്ഷേമം തീരദേശ വികസനം മത്സ്യബന്ധന മേഖലയിലെ ഉണർവ് അടക്കം സമസ്ത മേഖലകളിലും ബജറ്റ് ഊന്നൽ നൽകുന്നുവെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തികമാന്ദ്യവും കേന്ദ്രസര്‍ക്കാരിന്‍റെ പ്രതികൂല നിലപാടും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്കിടയില്‍ കേരളം ധീരമായി മുന്നോട്ട് വെക്കുന്ന ബദലാണ് ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമാന്യ ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണ് ബജറ്റെന്ന് പിണറായി വിജയൻ വ്യക്തമാക്കി. 

മൂന്നരവര്‍ഷം കൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഉറപ്പിച്ച് കാർഷിക, വ്യാവസായിക, ആരോഗ്യ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാകാൻ ലക്ഷ്യമിടുന്നതാണ് ബജറ്റ് നിർദ്ദേശങ്ങൾ. രാജ്യത്തെ സാമ്പത്തിക മാന്ദ്യവും കേരളത്തോടുള്ള പ്രതികൂല നിലപാടും അതിജീവിച്ച് വികസനവും ക്ഷേമവും മുന്നോട്ട് കൊണ്ടുപോകും. സ്ത്രീകളോടുള്ള കരുതൽ, പ്രവാസി ക്ഷേമം തീരദേശ വികസനം മത്സ്യബന്ധന മേഖലയിലെ ഉണർവ് അടക്കം സമസ്ത മേഖലകളിലും ബജറ്റ് ഊന്നൽ നൽകുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

തുടര്‍ച്ചയായി രണ്ട് പ്രളയം നേരിട്ട സംസ്ഥാനമായിട്ടും കേരളത്തിന്‍റെ വായ്പാ പരിധി കേന്ദ്രം ഗണ്യമായി വെട്ടിക്കുറച്ചു. നികുതി വിഹിതവും കുറച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ ധനസഹായം ഭീമമായ കുടിശ്ശികയായി നില്‍ക്കുന്നു. സാമ്പത്തിക മാന്ദ്യം കാരണം സംസ്ഥാനത്തിന്‍റെ നികുതി വരുമാനവും ഇടിഞ്ഞു. ഇത്രയും പ്രതികൂല സാഹചര്യത്തില്‍ നിന്ന് കൊണ്ടാണ് വികസനവും ക്ഷേമവും മുന്നോട്ട് കൊണ്ടുപോകുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. 

കാര്‍ഷിക മേഖലയ്ക്ക് മുമ്പൊരു കാലത്തുമില്ലാത്ത പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കൃഷി ആദായകര മാക്കാനും യുവാക്കളെയടക്കം കൃഷിയിലേക്ക് ആകര്‍ഷിക്കാനും കഴിയുന്ന നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. അതോടൊപ്പം പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിനും ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ കയ്യൊഴിയുമ്പോള്‍, കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് താങ്ങായി നില്‍ക്കുന്ന പ്രവാസികളുടെ ക്ഷേമത്തിന് കൂടുതല്‍ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സ്ത്രീ സമൂഹത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയും കരുതലും ഈ ബജറ്റിലും നല്ല നിലയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

click me!