
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് സഹകരണ മേഖലയ്ക്ക് തിരിച്ചടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ സംഘങ്ങള്‍ക്ക് മേല്‍ ഇരുപത്തിരണ്ട് ശതമാനം നികുതിയും സര്‍ച്ചാര്‍ജും ഏര്‍പ്പെടുത്തിയത് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ അവഗണിച്ചുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര നികുതിയില്‍നിന്നുള്ള സംസ്ഥാനത്തിന്റെ ഓഹരിയില്‍ വലിയതോതിലുള്ള ഇടിവ് വരുന്നുവെന്നത് ഉല്‍ക്കണ്ഠാജനകമാണ്. എത്ര ഭീമമാണ് ഇടിവ് എന്നത് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണ് കേന്ദ്ര ബജറ്റ്. പ്രകൃതിക്ഷോഭ സഹായധനം ഇതര സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കിയപ്പോള്‍ കേരളത്തെ അതിരൂക്ഷമായ പ്രളയക്കെടുതി ഉണ്ടായ സംസ്ഥാനമായിട്ടുകൂടി ഒഴിവാക്കിയത് കഴിഞ്ഞ മാസത്തിലാണ്. അതേ രാഷ്ട്രീയ മനോഭാവമാണ് കേരളത്തിന്റെ കാര്യത്തില്‍ ബജറ്റിലുള്ളതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടുതലായി വിറ്റഴിക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ കേന്ദ്ര ബജറ്റ് കേരളത്തിലെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, റിഫൈനറി പോലുള്ളവയ്ക്ക് അതിജീവിക്കാനാവശ്യമായ പണം വകയിരുത്തിയിട്ടില്ല. എന്നു മാത്രമല്ല, നിലവിലുള്ളതിനെ അപേക്ഷിച്ചുപോലും പല രംഗങ്ങളിലും വെട്ടിക്കുറവാണ് വരുത്തിയിട്ടുള്ളത്. ജിഎസ്ടി കാര്യത്തില്‍ അര്‍ഹമായ വിഹിതം നിരന്തരം നിഷേധിക്കുന്ന കേന്ദ്രം, കൃഷി-ഭൂമി രംഗങ്ങളില്‍ സംസ്ഥാനത്തിന്റെ അധികാരാവകാശങ്ങള്‍ ഫെഡറല്‍ സത്തയ്ക്കു വിരുദ്ധമായി കൂടിയതോതില്‍ കവരുന്നതിനുള്ള ശ്രമം നടത്തുന്നു.
സെമി ഹൈ സ്പീഡ് കോറിഡോര്‍, അങ്കമാലി-ശബരി റെയില്‍പാത, ജിഎസ്ടി നഷ്ടപരിഹാരത്തുക, കടത്തിന്റെ പരിധി ഉയര്‍ത്തല്‍, റബ്ബര്‍ സബ്‌സിഡി ഉയര്‍ത്തല്‍, കേരളത്തിന് ഒരു എയിംസ്, ഫാക്ട് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അധികനിക്ഷേപം, ദേശീയപാതാ വികസനം വേഗത്തിലാക്കല്‍, ഗള്‍ഫ് നാടുകളിലെ എംബസികളില്‍ അറ്റാഷെകളുടെ എണ്ണം വര്‍ധിപ്പിക്കല്‍, പ്രവാസി പുനരധിവാസം തുടങ്ങി കേരളം സുപ്രധാനമായ എത്രയോ ആവശ്യങ്ങള്‍ മുമ്പോട്ടുവെച്ചിരുന്നു. വിശദമായ നിവേദനം നല്‍കിയിരുന്നു. എന്നാല്‍, അതിനൊന്നും ഒരു പരിഗണനയും നല്‍കിയില്ല.
കോര്‍പ്പറേറ്റ് നികുതി മേഖലയില്‍ ആവര്‍ത്തിച്ച് ഇളവുകള്‍ അനുവദിച്ചതും കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതികളില്ലാത്തതും എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ചതും മറ്റും കേന്ദ്ര സര്‍ക്കാരിന്റെ അനുഭാവം ഏതു കൂട്ടരോടാണെന്നതിനു തെളിവ് നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതോ സാമൂഹ്യസുരക്ഷയെ ഉറപ്പിക്കുന്നതോ വികസനത്തിലേക്കു നയിക്കുന്നതോ അല്ല ഈ ബജറ്റ്, മറിച്ച്, പണപ്പെരുപ്പവും തൊഴിലില്ലായ്മയും വര്‍ധിപ്പിക്കുന്നതിനും വഴിവെക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Also Read: സാമ്പത്തിക മാന്ദ്യം നേരിടാൻ ഇത്തവണയും ഒന്നുമില്ല; കേന്ദ്രബജറ്റിനെ വിമര്‍ശിച്ച് തോമസ് ഐസക്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam