'ഗാന്ധി കൊല ചെയ്യപ്പെട്ടു എന്നത് മരണപ്പെട്ടു എന്ന് പഠിപ്പിക്കുന്ന അവസ്ഥ'; ഓർമ്മപ്പെടുത്തലുമായി മുഖ്യമന്ത്രി

Published : Jan 30, 2023, 06:45 PM IST
'ഗാന്ധി കൊല ചെയ്യപ്പെട്ടു എന്നത് മരണപ്പെട്ടു എന്ന് പഠിപ്പിക്കുന്ന അവസ്ഥ'; ഓർമ്മപ്പെടുത്തലുമായി മുഖ്യമന്ത്രി

Synopsis

നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തൻ ഗാന്ധിജിയെ വെടിവെച്ചുകൊന്നപ്പോൾ ഇന്ത്യയെന്ന ആശയത്തിനുതന്നെയാണ് മുറിവേൽക്കപ്പെട്ടത്

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ എഴുപത്തിയഞ്ചാം വർഷം ഗാന്ധിജിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തൻ ഗാന്ധിജിയെ വെടിവെച്ചുകൊന്നപ്പോൾ ഇന്ത്യയെന്ന ആശയത്തിനുതന്നെയാണ് മുറിവേൽക്കപ്പെട്ടതെന്നും ആധുനിക ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടുന്ന അടിസ്‌ഥാന ആശയങ്ങളെ സംരക്ഷിക്കാൻ ഗാന്ധിജി സ്വജീവൻ ബലി കൊടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. മതേതര ഇന്ത്യയെ വിഭാവനം ചെയ്തതിനാണ് ഗാന്ധിജിയെ വർഗ്ഗീയവാദികൾ ഇല്ലാതാക്കിയത്. ഗാന്ധി കൊല ചെയ്യപ്പെട്ടു എന്നതിനുപകരം ഗാന്ധി മരണപ്പെട്ടു എന്ന് കുട്ടികളെ പറഞ്ഞുപഠിപ്പിക്കുന്ന അവസ്ഥപോലും ഇന്ന് പലയിടത്തുമുണ്ടാവുന്നുവെന്നും ഇത് സംഘപരിവാർ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ വിശാല അർത്ഥത്തിൽ ജനാധിപത്യ പ്രതിരോധമുയർത്താൻ തയ്യാറാവുക എന്നതാണ് ഈ ഗാന്ധി രക്തസാക്ഷി ദിനത്തിൽ നാം ഏറ്റെടുക്കേണ്ട കടമയെന്നും ഭരണഘടനയെയും രാജ്യത്തെ മതനിരപേക്ഷതയെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നാം സജ്ജരാണ് എന്ന പ്രഖ്യാപനമാവണം ഈ ദിനത്തിലെ നമ്മുടെ ഓരോരുത്തരുടെയും പ്രതിജ്ഞയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരള 'ആപ്പ്' ഇനിയെന്ത്? ഗവ‍ർണർ ബോസിന്‍റെ ഭാവി? ബിജെപി എംപിയെ കേന്ദ്രമന്ത്രിയാക്കാൻ കോൺഗ്രസ് പ്രാർത്ഥിക്കുമോ?

മുഖ്യമന്ത്രിയുടെ വാക്കുകൾ

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് എഴുപത്തിയഞ്ചുവർഷം തികയുകയാണ്. ഭൂരിപക്ഷ മതവർഗ്ഗീയതയുയർത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നു. ഹിന്ദുരാഷ്ട്രവാദികൾ അദ്ദേഹത്തെ എന്നും ശത്രുവായാണ് കരുതിപ്പോന്നത്. ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെയും ഗാന്ധിജി നിലകൊണ്ടത്. അദ്ദേഹം വിഭാവനം ചെയ്ത ഇന്ത്യ എല്ലാ അർത്ഥത്തിലും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കല്പത്തിന് കടകവിരുദ്ധമാണ്. നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തൻ ഗാന്ധിജിയെ വെടിവെച്ചുകൊന്നപ്പോൾ ഇന്ത്യയെന്ന ആശയത്തിനുതന്നെയാണ് മുറിവേൽക്കപ്പെട്ടത്. ആധുനിക ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടുന്ന അടിസ്‌ഥാന ആശയങ്ങളെ സംരക്ഷിക്കാൻ ഗാന്ധിജി സ്വജീവൻ ബലി കൊടുക്കുകയായിരുന്നു.
സ്വാതന്ത്ര്യലബ്ധിയുടെ ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറവും നമ്മുടെ രാജ്യം ബഹുമുഖമായ വെല്ലുവിളികൾ നേരിടുകയാണ്. രാജ്യത്തെ മതനിരപേക്ഷതയും ബഹുസ്വരമൂല്യങ്ങളും ഫെഡറൽ സംവിധാനങ്ങളും വരെ ആക്രമിക്കപ്പെടുന്നു. ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ നിരോധിക്കപ്പെട്ട സംഘടനയാണ് ആർഎസ്എസ്. ആ ആർഎസ്എസ് ആണ് ഇന്ന് രാജ്യത്തിന്റെ ഭരണസംവിധാനങ്ങളെ നയിക്കുന്നതും ഭരണഘടനാമൂല്യങ്ങളെ കാറ്റിൽ പറത്തി മുന്നോട്ടുപോകുന്നതും. വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി സംഘപരിവാർ അവരുടെ രാഷ്ട്രീയലക്ഷ്യങ്ങൾ ഇന്ത്യയിൽ നടപ്പാക്കുകയാണ്. മതത്തിന്റെ പേരിൽ പൗരത്വം നിഷേധിക്കുന്ന നിലപാടുൾപ്പെടെ സ്വീകരിക്കുകയുണ്ടായി. രാജ്യത്തെ ഫെഡറൽ മൂല്യങ്ങളിൽ വെള്ളം ചേർത്ത് സംസ്‌ഥാനങ്ങളുടെ അധികാരങ്ങൾ കവരാനുള്ള ആസൂത്രിത ശ്രമങ്ങളും നടക്കുന്നു.
മതേതര ഇന്ത്യയെ വിഭാവനം ചെയ്തതിനാണ് ഗാന്ധിജിയെ വർഗ്ഗീയവാദികൾ ഇല്ലാതാക്കിയത്.
ഗാന്ധി കൊല ചെയ്യപ്പെട്ടു എന്നതിനുപകരം ഗാന്ധി മരണപ്പെട്ടു എന്ന് കുട്ടികളെ പറഞ്ഞുപഠിപ്പിക്കുന്ന അവസ്ഥപോലും ഇന്ന് പലയിടത്തുമുണ്ടാവുന്നു. സംഘപരിവാർ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നുവെന്നതിന്റെ കൂടി തെളിവാണത്. വർഗ്ഗീയ വിഭജന രാഷ്ട്രീയത്തിന് ഇന്ത്യയ്ക്കുള്ള എന്നത്തേയും മറുമരുന്നാണ് ഗാന്ധി സ്മൃതി. വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ വിശാല അർത്ഥത്തിൽ ജനാധിപത്യ പ്രതിരോധമുയർത്താൻ തയ്യാറാവുക എന്നതാണ് ഈ ഗാന്ധി രക്തസാക്ഷി ദിനത്തിൽ നാം ഏറ്റെടുക്കേണ്ട കടമ. ഭരണഘടനയെയും രാജ്യത്തെ മതനിരപേക്ഷതയെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നാം സജ്ജരാണ് എന്ന പ്രഖ്യാപനമാവണം ഈ ദിനത്തിലെ നമ്മുടെ ഓരോരുത്തരുടെയും പ്രതിജ്ഞ.

PREV
Read more Articles on
click me!

Recommended Stories

സിഎം വിത്ത് മി പരിപാടിയിലേക്ക് വിളിച്ച് സത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ
മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു