മലയാളിയായ സി വി ആനന്ദ ബോസിന്‍റെ ബംഗാളിലെ ഗവർണർ കസേരയുടെ ഭാവി എന്താകും എന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. ജഗ്ദീപ് ധന്‍കറിന്‍റെ പകരക്കാരനായി ആനന്ദ ബോസ് എത്തുമ്പോൾ ബി ജെ പി നേതാക്കൾ പലരും മുഖ്യമന്ത്രി മമതയ്ക്കുള്ള 'പണി' എന്നാണ് കരുതിയിരുന്നത്.

രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്. 

ആപ്പിനെ 'ആപ്പിലാക്കിയ' കേരള ഘടകം

കൊച്ചി:രണ്ട് സംസ്ഥാനത്ത് അധികാരത്തിലേറുകയും പല സംസ്ഥാനങ്ങളിലും ചെറുതല്ലാത്ത സ്വാധീനം ഉണ്ടാക്കുകയും ചെയ്ത ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തിൽ ഇനിയും വേരുറപ്പിക്കാൻ ആയിട്ടില്ലെന്ന് മാത്രമല്ല വേരുകൾ കണ്ടെത്താൻ പോലും കൃത്യമായി സാധിച്ചിട്ടില്ല. ആപ്പിനെ ആപ്പിലാക്കിയ കേരള ഘടകത്തെ തന്നെ പിരിച്ചുവിട്ടുകൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് ദേശിയ നേതൃത്വം. അടുത്ത വർഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ഈ നടപടി കേരള ഘടകത്തെ മൊത്തത്തിൽ പൊളിച്ച് പണിയുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ളതാണ്. എന്നാൽ സംസ്ഥാന നേതാക്കളായിരുന്നവർ ഇപ്പോഴും ഞെട്ടലിലാണ്. കടുത്ത തീരുമാനത്തിലൂടെ ദേശീയ നേതൃത്വം കേരള ഘടകത്തെ അനാഥമാക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

കേരളം പാർട്ടിക്ക് വളക്കൂറുള്ള മണ്ണാണെന്നാണ് എ എ പി നേതൃത്വം ഇപ്പോഴും കരുതുന്നത്. സംസ്ഥാന നേതാക്കൾക്ക് കാര്യമായി ഒന്നും ചെയ്യാനായില്ലെന്നതാണ് പ്രശ്നമെന്നും അവർ കരുതുന്നു. അതുകൊണ്ടാണ് കടുത്ത നടപടിയിലേക്ക് ദേശീയ നേതൃത്വം കടന്നത്. എന്നാൽ തെലങ്കാന റാലിയിൽ ദില്ലി മുഖ്യമന്ത്രിയും എ എ പി കൺവിനറുമായ അരവിന്ദ് കെജ്‌രിവാൾ സ്വീകരിച്ച നിലപാട് പലർക്കും സംശയത്തിന് ഇടനൽകുന്നതാണ്. കേരളത്തിന്റെ വികസനത്തിന് പിണറായി വിജയനെ പ്രശംസിച്ച കെജ്‌രിവാൾ, ഇത് രാജ്യത്തിന് മാതൃകയാണെന്നു പോലും വിശേഷിപ്പിച്ചിരുന്നു.

എന്തായാലും സംസ്ഥാനത്തെ എഎപി നേതാക്കൾക്ക് ഇത് നിരാശ പകരുന്നതാണെന്നതിൽ സംശയമില്ല. കേരള ഘടകം പിരിച്ചുവിട്ടതോടെ ഇനി എന്ത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഒപ്പം ഒരു പുതിയ നേതാവിന് വേണ്ടിയുള്ള കാത്തിരിപ്പും തുടരുകയാണ്. കെജ്‌രിവാളിന്‍റെ ശൈലി അനുസരിച്ച് അഭിമുഖം നടത്തി, ഓൺലൈൻ വോട്ടെടുപ്പ് നടത്തി, കോർപ്പറേറ്റ് ശൈലിയിൽ ഒരു പുതിയ നേതാവ് അവതരിക്കുമെന്ന് പ്രതീക്ഷിക്കാം.

രാഹുലിന്‍റെ യാത്ര ക്ലൈമാക്സ് കളറാകുമോ? തിരുവല്ലത്ത് ഇരട്ടി വേദന, ചിന്തക്കെതിരെ പരാതി: 10 വാർത്ത

വേറിട്ട ലൈനിലൊരു 'ബോസ്', ഭാവി എന്താകും

മലയാളിയായ സി വി ആനന്ദ ബോസിന്‍റെ ബംഗാളിലെ ഗവർണർ കസേരയുടെ ഭാവി എന്താകും എന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. ജഗ്ദീപ് ധന്‍കറിന്‍റെ പകരക്കാരനായി ആനന്ദ ബോസ് എത്തുമ്പോൾ ബി ജെ പി നേതാക്കൾ പലരും മുഖ്യമന്ത്രി മമതയ്ക്കുള്ള 'പണി' എന്നാണ് കരുതിയിരുന്നത്. എന്നാൽ വേറിട്ടൊരു ലൈനിലൂടെയാണ് ആനന്ദ ബോസിന്‍റെ സഞ്ചാരം. ഇതിലൂടെ യഥാർത്ഥത്തിൽ താനൊരു ബോസ് തന്നെയാണെന്നും അദ്ദേഹം തെളിയിക്കുകയാണ്. മമതക്ക് വലിയ പ്രതിസന്ധികളുണ്ടാക്കിയിരുന്ന ഗവർണറായിരുന്ന ജഗ്ദീപ് ധന്‍കറിന്‍റെ പകരക്കാരനായെത്തിയ ആനന്ദ ബോസ്, മമതയുമായി അടുക്കുകയാണെന്ന പരാതിയിലാണ് സംസ്ഥാനത്തെ ബി ജെ പി നേതാക്കൾ ഇപ്പോൾ.

ബംഗാളി ഭാഷ പഠിക്കാൻ തുടങ്ങിയ ബോസ് മുഖ്യമന്ത്രി മമതയുമായി വലിയ സൗഹൃദം പ്രകടമാക്കുകയും ചെയ്തു. ഗവർണറും സർക്കാരും തമ്മിലുള്ള ബന്ധം സുഗമമാക്കാനായി രാജ്ഭവനിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥന്‍റെ സാന്നിധ്യമുണ്ടെന്നു ബി ജെ പി ചൂണ്ടിക്കാട്ടുന്നത്. മമതയുടെ വിശ്വസ്തയായ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയാണ് ഇതെന്നും ബി ജെ പി പറയുന്നു. ഇതോടെ ബോസിനെതിരായ നീക്കങ്ങളും സംസ്ഥാനത്തെ നേതാക്കൾ ശക്തമാക്കിയിട്ടുണ്ട്.

ദില്ലിയിലെത്തിയ നേതാക്കൾ ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുകയും ആനന്ദ ബോസുമായി ഒരു കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ ബോസിന്‍റെ സമീപനം എന്താകുമെന്ന് കണ്ടറിയണം. ഒപ്പം ബോസിനെ മാറ്റാനുള്ള നീക്കങ്ങളിലേക്ക് നേതാക്കൾ കടക്കുമോയെന്നും.

ബിജെപി എംപിയെ കേന്ദ്രമന്ത്രിയാക്കാൻ കോൺഗ്രസ് പ്രാർത്ഥിക്കുന്നോ?

ബിജെപി എം പിയെ കേന്ദ്രമന്ത്രിയാക്കാൻ കോൺഗ്രസ് നേതാക്കൾ പ്രാർത്ഥിക്കുമോ? രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്‍റെ അവസ്ഥ കണ്ടാൽ പാർട്ടി നേതാക്കളടക്കമുള്ളവർ അങ്ങനെ പ്രാർത്ഥിക്കുകയാകും എന്ന് തോന്നിപോകും. മറ്റാരുമല്ല, ബിജെപിയുടെ മുതിർന്ന എം പിയായ കിരോഡി ലാൽ മീണയാണ് കക്ഷി. സംസ്ഥാനത്ത് ഒറ്റയ്ക്കൊരു പ്രതിപക്ഷമായി മാറി, സംസ്ഥാന സർക്കാരിന് വലിയ തലവേദനയാണ് മീണ സമ്മാനിക്കുന്നത്.

അധ്യാപക നിയമനത്തിനുള്ള ചോദ്യപേപ്പർ ചോർന്നതിനെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം നടത്തിയ സമരം സംസ്ഥാനത്താകെ വലിയ ശ്രദ്ധ നേടിയിരുന്നു. പല വിഷയത്തിലും സർക്കാരിനെ മുട്ടുകുത്തിച്ചിട്ടുള്ള ഈ 71 കാരൻ കേന്ദ്രമന്ത്രിയായി ദില്ലിക്ക് പോയാൽ സംസ്ഥാന സർക്കാരിന് സ്വസ്ഥതയുണ്ടാകും എന്ന ചിന്തയിലാകും കോൺഗ്രസ് നേതാക്കളെന്നാണ് ചില അടക്കം പറച്ചിലുകൾ. എന്നാൽ കേന്ദ്ര ക്യാബിനറ്റ് ബർത്ത് കൂടി ലഭിച്ചാൽ മീണയുടെ സ്വാധീനവും ശക്തിയും കൂടൂമെന്ന് വിശ്വസിക്കുന്നവരാണ് അദ്ദേഹത്തിന്‍റെ അനുയായികൾ. എന്തായാലും ഈ ഒറ്റയാൾ പ്രതിപക്ഷം സർക്കാരിന് തലവേദനായി തുടരുകയാണ്.

ക്ഷണിക്കപ്പെടാത്ത വിഐപികൾ

ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ മകന്‍റെ വിവാഹത്തിന് ക്ഷണിക്കപ്പെടാതെ പോയതിന്‍റെ വിഷമത്തിലാണ് രാജസ്ഥാൻ ബി ജെ പിയിലെ കുറേ 'വി ഐ പി' നേതാക്കളെന്ന അടക്കപറച്ചിലുകളാണ് മറ്റൊരു സംഭവം. വിവാഹത്തിന് ക്ഷണിക്കാനായി ഉണ്ടാക്കിയ 20 പേരുടെ ആദ്യ പട്ടികയിൽ ഉണ്ടായിരുന്ന നേതാക്കൾക്കാണ് പിന്നീട് പണി കിട്ടിയത്. 20 പേരുടെ ചുരുക്ക പട്ടിക 2 പേരായി ചുരുങ്ങിയപ്പോൾ 18 പ്രമുഖ നേതാക്കളാണ് പുറത്തായത്. സംസ്ഥാനത്തെ വിഐപി നേതാക്കളെയെല്ലാം വെട്ടി രണ്ട് പേരിലേക്ക് പട്ടിക ചുരുക്കിയത് ഒരു പ്രമുഖ സംസ്ഥാന നേതാവാണെന്നും സംസാരമുണ്ട്.

മുഖ്യമന്ത്രി 'പദ'യാത്ര

തെലുങ്കുദേശം പാർട്ടി നേതാവ് നാരാ ലോകേഷിന്റെ 4000 കിലോമീറ്റർ പദയാത്രയാണ് ആന്ധ്രയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ജനുവരി 27 ന് ആരംഭിച്ച പദയാത്ര നാരാ ലോകേഷിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കാനുള്ളതാണെന്നാണ് സംസാരം. ആന്ധ്ര പ്രദേശിന്‍റെ ചരിത്രം നോക്കിയാൽ ആ സംസാരത്തിൽ ചില യാഥാർത്ഥ്യങ്ങളുണ്ടെന്ന് കാണാം. സംസ്ഥാനത്ത് പല നേതാക്കളും പദയാത്ര നടത്തി മുഖ്യമന്ത്രിക്കസേരയിൽ എത്തിയിട്ടുണ്ടെന്നാണ് ഇതിന്‍റെ അടിസ്ഥാനം.

നാരാ ലോകേഷിന്‍റെ മുത്തച്ഛനും തെലുങ്കുദേശം പാർട്ടി സ്ഥാപകനുമായ എൻ ടി ‌ആർ പഴയ ആന്ധ്രാപ്രദേശിൽ പദയാത്ര നടത്തി അധികാരത്തേലേറിയിട്ടുണ്ട്. അന്ന് എൻ ടി ആറിന്‍റെ പദയാത്രയുടെ കൂടി മികവിൽ ടിഡിപി കോൺഗ്രസിനെ തകർത്താണ് അധികാരത്തിലേറിയത്. നാരാ ലോകേഷിന്‍റെ അച്ഛനും തെലുങ്കുദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവും പദയാത്ര നടത്തി മുഖ്യമന്ത്രി കസേര സ്വന്തമാക്കിയിട്ടുണ്ട്.

വർഷങ്ങൾക്ക് ശേഷം കോൺഗ്രസിനെ വൈ എസ് രാജശേഖർ റെഡ്ഡി അധികാരത്തിലേറ്റിയതും ഒരു പദയാത്ര നടത്തിയായിരുന്നു. അദ്ദേഹത്തിന്റെ മകനും നിലവിലെ മുഖ്യമന്ത്രിയുമായ വൈ എസ് ജഗ് മോഹൻ റെഡ്ഡിയും പദയാത്ര നടത്തി തന്നെയാണ് അധികാരത്തിലേറിയത്. അതുകൊണ്ടുതന്നെ ചന്ദ്രബാബു നായിഡുവിന്‍റെ പിൻഗാമിയായി മകനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കുകയാകും യാത്ര ലക്ഷ്യമിടുന്നതെന്ന വിലയിരുത്തലുകൾ ആർക്കും തള്ളികളയാനാകില്ല.

എസ്‍പിക്ക് പാളയത്തിൽ പണി, തിരിച്ചും പണി

തുളസിദാസിന്‍റെ രാമചരിതമാനസത്തെക്കുറിച്ചുള്ള സമാജ് വാദി പാർട്ടി നേതാവിന്‍റെ വാക്കുകൾ ഉത്ത‍ർപ്രദേശിലാകെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. രാമചരിതമാനസം തുളസീദാസ് എഴുതിയത് സ്വന്തം സന്തോഷത്തിന് വേണ്ടിയാണെന്നും പിന്നാക്ക വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന പലതും ഇതിലുണ്ടെന്നും അതെല്ലാം നിരോധിക്കണമെന്നുമാണ് എസ് പിയുടെ പ്രമുഖ നേതാവ് സ്വാമി പ്രസാദ് മൗര്യ ആവശ്യപ്പെട്ടത്. സ്വന്തം പാർട്ടിക്കിട്ട് ബോധപൂർവ്വമുള്ള അടിയാണ് മൗര്യയുടെ കമന്‍റെന്ന വിലയിരുത്തലുകളാണ് ഇതിന് പിന്നാലെ ഉണ്ടായത്.

രാഷ്ട്രീയ പാർട്ടികളെല്ലാം 2024 ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് വേണ്ടിയുള്ള തന്ത്രങ്ങൾ മെനയുമ്പോൾ, സമാജ് വാദി പാർട്ടിക്ക് പിന്നോക്ക വിഭാഗത്തിന് ഇടയിൽ തിരിച്ചടി ഉണ്ടാക്കുന്നതാണ് മൗര്യയുടെ പ്രസ്താവനയെന്നാണ് വിലയിരുത്തലുകൾ. അശ്രദ്ധയോ, നാക്ക് പിഴയോ അല്ല, പാർട്ടിക്ക് നാണക്കേടുണ്ടാക്കാൻ നേതാവ് മനഃപൂർവം ചെയ്തതാണെന്നാണ് പാർട്ടിയിലെ പലരും വിശ്വസിക്കുന്നത്.

ഇതിനൊരു കാരണമുണ്ടെന്നതാണ് അവർ ചൂണ്ടികാട്ടുന്നത്. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാകണമെന്ന് വലിയ ആഗ്രമുള്ള നേതാവായിരുന്നു മൗര്യയെന്നും അത് നടക്കില്ലെന്നുറപ്പായപ്പോൾ പാർട്ടിക്കിട്ട് പണികൊടുത്തതെന്നുമാണ് സംസാരം. പരാമർശത്തിന്‍റെ പേരിൽ നടപടി എടുത്താൽ അത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നും മൗര്യ കണക്ക് കൂട്ടുന്നു എന്നും അവർ വിശ്വസിക്കുന്നു. എന്തായാലും 'പാർട്ടിക്കിട്ട് പണി' കൊടുത്ത നേതാവിനെ സംരക്ഷിച്ചിരിക്കുകയാണ് എസ് പി. ഇന്ന് നടന്ന പാർട്ടി പുനഃസംഘടനയിൽ മൗര്യയെ ദേശീയ സെക്രട്ടറിയായി ഉയർത്തിയിട്ടുണ്ട്.