ചെന്നിത്തലയുടെ ഉപദേശം കൂടി പരിഗണിച്ചാണ് മദ്യം പാർസൽ നൽകാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published May 14, 2020, 7:05 PM IST
Highlights

ബാറുകളില്‍ നിന്ന് പാര്‍സല്‍ കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി. 

തിരുവനന്തപുരം: ബാറുകളില്‍ നിന്ന് പാര്‍സല്‍ കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ഉപദേശവും കൂടി പരിഗണിച്ചുകൊണ്ടാണ് മദ്യം പർസൽ നൽകാനുള്ള തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നിത്തലയുടെ മുന്‍പത്തെ ഫേസ്‌ബുക്ക് പോസ്റ്റ് പരാമര്‍ശിച്ചായിരുന്നു മറുപടി.

'ഗുരുതരമായ നിലയിലേക്കാണ് നാം നടന്നടുക്കുന്നത്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയാണ് സർക്കാരിന്റെ ആദ്യത്തെ കടമ. പല ബിവറേജ് ഔട്‍ലെറ്റുകൾക്ക് മുന്നിലും നീണ്ട ക്യൂവിൽ ആളുകൾ അടുത്തടുത്ത് നിൽക്കുകയാണ്. കൊറോണ പകരാനുള്ള സാധ്യത വളരെയേറെ ഉണ്ട്. സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കാതെയുള്ള ഈ അടുത്ത് നിൽക്കൽ സാമൂഹ്യ വ്യാപനത്തിന് വഴിതുറക്കും.ബിവറേജ് ഔട്ട്‌ലൈറ്റുകൾ അടച്ചിടണം'- എന്ന കുറിപ്പ് വായിച്ചായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്.

അടുത്തടുത്ത് ആളുകള്‍ നിന്നാലുള്ള ആപത്താണ് അദ്ദേഹം നേരത്തെ പറ‍ഞ്ഞത്.  അദ്ദേഹത്തിന്‍റെ ആ ഉപദേശവും കൂടി അംഗീകരിച്ചാണ് സര്‍ക്കാര്‍ ഈ നടപടിയെടുത്തിട്ടുള്ളത്- എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.  ബിവറേജസ് കോർപ്പറേഷന് ചില്ലറ വിൽപ്പന ശാല തുടങ്ങാൻ നാല് ലക്ഷം രൂപ ലൈസൻസ് ഫീ നൽകണമെന്നിരിക്കേ ബാറുകൾക്ക് ചില്ലറ വില‍പ്പനക്ക് അനുമതി നൽകുന്നത് സൗജന്യമായാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തല സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചത്. 

കൊവിഡിന് മറവിൽ സിപിഎമ്മിന് പണമുണ്ടാക്കാനുള്ള തീവെട്ടിക്കൊള്ളയാണിതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. 955 പുതിയ വിദേശമദ്യ ചില്ലറ വിൽപന ശാലകളാണ് സർക്കാർ സ്വകാര്യ മേഖലയിൽ തുടങ്ങാൻ പോകുന്നത്. ഇതെല്ലാം കോവിഡിന് മറവിൽ നടക്കുന്ന അഴിമതിയാണ്. തീവെട്ടിക്കൊള്ളയാണ് സിപിഎം നടത്തുന്നത്. പാർട്ടിക്ക് പണമുണ്ടാക്കാനുള്ള അവസരമാക്കി അവർ കൊവിഡിനെ മാറ്റുകയാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. അതേസമയം ബാറുകളില്‍ പാര്‍സലായി മദ്യം നല്‍കാനുള്ള തീരുമാനം താല്‍ക്കാലികമാണെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

click me!