
തിരുവനന്തപുരം: സിൽവർ ലൈൻ (Silver Line) പദ്ധതി ഭൂമിയേറ്റെടുക്കലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പിന്നോട്ടില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan).സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസിൽ ഒതുങ്ങില്ലെന്നും എന്തെല്ലാം നടപ്പിലാക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും പിണറായി ആവർത്തിച്ചു.
കെ റെയിൽ പദ്ധതിക്കുള്ള ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ തള്ളിയ മുഖ്യമന്ത്രി, പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. നാടിന്റെ പുരോഗതിക്ക് തടസം നിൽക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും ബിജെപിയും സമാനനിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കെഎസ് ടിഎ സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിൽവർ ലൈൻ വിഷയത്തിൽ തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാൻ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുറ്റപ്പെടുത്തി. 'കോൺഗ്രസ്, ബിജെപി, എസ് ഡി പി ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് പദ്ധതിക്കെതിരെ കേരളത്തിൽ നടക്കുന്നത്. കേരളത്തിൽ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിർക്കുന്ന ഒരു പ്രതിപക്ഷമുണ്ടാകുന്നത്. സമരക്കാർക്ക് കല്ല് വേണമെങ്കിൽ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടു പോയാൽ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി പരിഹസിച്ചു.
എന്നാൽ അതേ സമയം പ്രതിപക്ഷം കെ റെയിൽ സമരം ശക്തമാക്കുകയാണ്. കെ റെയില്‍ കടന്നുപോകുന്ന വില്ലേജുകളില്‍ യുഡിഎഫ് നടത്തുന്ന പ്രതിഷേധ ജനസദസുകൾക്ക് ഇന്ന് തുടക്കമാകും. സമരം ശക്തമാക്കുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ അതിരടയാള കല്ലുകള്‍ ഇനിയും പിഴുതെറിയുമെന്നും വ്യക്തമാക്കി. പ്രതിഷേധിക്കുന്നവരെ കേസെടുത്ത് ഭയപ്പെടുത്താൻ നോക്കണ്ട. കെ റെയിൽ പദ്ധതിയുടെ ഇരകളെ കോണ്‍ഗ്രസ് ചേര്‍ത്ത് പിടിക്കും. മാടപ്പള്ളിയില്‍ കെ റെയിലന് എതിരെ പ്രതിഷേധിക്കാന്‍ കുട്ടിയുമായെത്തിയ ജിജി ഫിലിപ്പിന് എതിരെ കേസെടുത്തത് ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അവരെ വലിച്ചിഴച്ചപ്പോൾ എവിടെയായിരുന്നു കേരളത്തിലെ വനിതാ കമ്മീഷനെന്നും സതീശന്‍ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam