
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിൻ്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായത് അക്രമികളുടെ വിളയാട്ടമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖല കേരളത്തിന്റേത്. ചില സംഭവങ്ങൾ പർവ്വതീകരിച്ച് മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നു. സംഭവത്തെ രാഷ്ട്രീയ ആഭാസമെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി കേരളത്തെ കലാപ ഭൂമിയാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിൻ്റെ സമാധാനാന്തരീക്ഷം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിക്ക് നേരെയുള്ള കെഎസ്‍യുവിൻ്റെ ആക്രമണം അത്യന്തം അപലപനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല. ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതുമാണ്. എന്നിട്ടും ചില സംഭവങ്ങൾ പർവതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല; രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാൻ കഴിയുക. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോൺഗ്രസ് നേതൃത്വം കരുതരുത്. ഇതിൻറെ ഉത്തരവാദിത്വം കോൺഗ്രസിന്റെയും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിന് തന്നെയാണ്. തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്‌യു ആക്രമികളിലൂടെ പുറത്തുവന്നത്. ഇത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam