ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിന്‍റെ മാതൃകയിൽ, പ്രയാഗ്രാജിലെ പ്രശസ്തമായ മങ്കമേശ്വർ ക്ഷേത്രത്തിൽ കഴിഞ്ഞ വർഷം നടപ്പിലാക്കിയ വസ്ത്രധാരണ ചട്ടങ്ങൾ വരാനിരിക്കുന്ന ശ്രാവണ മാസത്തിലും കർശനമായി തുടരുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു

പ്രയാഗ്‌രാജ്: ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിന്‍റെ മാതൃകയിൽ, പ്രയാഗ്രാജിലെ പ്രശസ്തമായ മങ്കമേശ്വർ ക്ഷേത്രത്തിൽ കഴിഞ്ഞ വർഷം നടപ്പിലാക്കിയ വസ്ത്രധാരണ ചട്ടങ്ങൾ വരാനിരിക്കുന്ന ശ്രാവണ മാസത്തിലും കർശനമായി തുടരുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. ജൂലൈ 30-നാണ് ഇത്തവണത്തെ ശ്രാവണ മാസം ആരംഭിക്കുന്നത്. ശരീരഭാഗങ്ങൾ മറയ്ക്കുന്ന 'മാന്യമായ' വസ്ത്രങ്ങൾ ധരിച്ചവർക്ക് മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കൂ. നീളം കുറഞ്ഞതോ, ശരീരഭാഗങ്ങൾ വെളിവാക്കുന്നതോ ആയ വസ്ത്രങ്ങൾ ധരിച്ചെത്തുന്നവർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല എന്നും ക്ഷേത്രാധികാരികൾ വ്യക്തമാക്കി. പുരുഷന്മാരും 'മാന്യമായ' വസ്ത്രങ്ങൾ ധരിക്കണമെന്ന് നിർദ്ദേശമുണ്ട്. ശ്രാവണ മാസത്തിൽ ക്ഷേത്രത്തിൽ രുദ്രാഭിഷേക വഴിപാട് നടത്തുന്ന ഭക്തർക്ക് പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. പുരുഷന്മാർ ധോത്തിയും (മുണ്ടും) സ്ത്രീകൾ സാരിയോ സൽവാറോ ധരിക്കണം.

വഴിപാട് നടത്തുന്ന പുരുഷന്മാർക്ക് ക്ഷേത്ര ഭരണസമിതി സൗജന്യമായി ധോത്തി നൽകും. ചടങ്ങുകൾക്ക് ശേഷം ഇത് തിരികെ നൽകണം. ക്ഷേത്രത്തിനകത്ത് ഫോട്ടോ എടുക്കുന്നതും സെൽഫി പകർത്തുന്നതും പൂർണ്ണമായും നിരോധിച്ചു. പൂജാസാധനങ്ങളും ജലവും കൊണ്ടുവരുന്നതിനും അഭിഷേകം ചെയ്യുന്നതിനും പ്ലാസ്റ്റിക് കപ്പുകളോ കവറുകളോ ഉപയോഗിക്കാൻ പാടില്ല. പുകവലിയും പാൻമസാല, ഗുട്ഖ എന്നിവയുടെ ഉപയോഗവും ക്ഷേത്രപരിസരത്ത് കർശനമായി നിരോധിച്ചു.

മോഷണസാധ്യത കണക്കിലെടുത്ത് ഭക്തർ അമിതമായി സ്വർണ്ണ-വെള്ളി ആഭരണങ്ങൾ ധരിച്ച് ക്ഷേത്രത്തിൽ വരുന്നത് ഒഴിവാക്കണമെന്ന് നോട്ടീസ് ബോർഡിലൂടെ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, പ്രാർത്ഥനയ്ക്ക് ശേഷം ശിവലിംഗത്തിന് സമീപം കൂടുതൽ സമയം ചെലവഴിക്കാതെ ഗർഭഗൃഹത്തിൽ നിന്ന് വേഗത്തിൽ പുറത്തുകടക്കാനും ഭക്തരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ പവിത്രതയും ഭക്തരുടെ ശ്രദ്ധയും നിലനിർത്തുന്നതിനാണ് ഈ തീരുമാനമെന്ന് ക്ഷേത്ര മുഖ്യപൂജാരി വ്യക്തമാക്കി. ആരാധനാലയങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളല്ലെന്നും, ഇത്തരം നിയന്ത്രണങ്ങൾ സ്വാഗതാർഹമാണെന്നുമാണ് ക്ഷേത്രം സന്ദർശിക്കുന്ന ഭക്തരുടെയും പൊതുവെയുള്ള പ്രതികരണം.

YouTube video player