'ഉറപ്പാണ്', കേരളജനത സർവ്വാത്മനാ പിന്തുണയ്ക്കും, വികസനയാത്രക്ക് ഉത്തേജനം നൽകുന്ന ബജറ്റ്; വാഴ്ത്തി മുഖ്യമന്ത്രി

Published : Feb 03, 2023, 06:41 PM IST
'ഉറപ്പാണ്', കേരളജനത സർവ്വാത്മനാ പിന്തുണയ്ക്കും, വികസനയാത്രക്ക് ഉത്തേജനം നൽകുന്ന ബജറ്റ്; വാഴ്ത്തി മുഖ്യമന്ത്രി

Synopsis

കേരളത്തിന്‍റെ വികസനയാത്രയ്ക്ക് വേ​ഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ വാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേന്ദ്ര ​ഗവൺമെന്‍റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023 - 24ലെ ബജറ്റെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. കേരളത്തിന്‍റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് നമ്മുടേത്. നമ്മുടെ കാർഷിക - വ്യവസായ മേഖലകൾ പുത്തനുണർവിന്റെ പടവുകളിലാണ്. ഈ വികസനയാത്രയ്ക്ക് വേ​ഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നികുതിഭാരമില്ലാത്തത് പ്രാണവായുവിനു മാത്രം, ബജറ്റ് നികുതികൊള്ളക്കെതിരെ 'തീപാറുന്ന സമരം'; പ്രഖ്യാപിച്ച് സുധാകരൻ

​ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയ്ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും ഉന്നതവിദ്യാഭ്യാസത്തിനുമുള്ള ഊന്നൽ എന്നിവ ഈ ബജറ്റിന്റെ സവിശേഷതകളാണെന്നും പിണറായി വിജയൻ പറഞ്ഞു. അധികാര വികേന്ദ്രീകരണത്തെ കൂടുതൽ സാർത്ഥകമാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. സർക്കാർ സേവനങ്ങളെ മെച്ചപ്പെടുത്താനും സർക്കാരിന്‍റെ സഹായഹസ്തം എല്ലാ വിഭാ​ഗങ്ങളിലും എല്ലാ മേഖലകളിലും എത്തിക്കാനുമുള്ള സമ​ഗ്രസമീപനമാണ് ബജറ്റിൽ സ്വീകരിച്ചിട്ടുള്ളതെന്നും പിണറായി ചൂണ്ടികാട്ടി. 

പ്രയാസങ്ങൾക്കും പ്രതിബന്ധങ്ങൾക്കുമിടയിൽ വികസനക്കുതിപ്പും സർവ്വതല സ്പർശിയായ ജനക്ഷേമവും സാധ്യമാക്കാനുള്ള വിഭവസമാഹരണത്തിന്റെ വഴികളും ബജറ്റിൽ തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നികുതി പിരിവിലെ കാര്യക്ഷമത ജി എസ് ടിവരുമാനത്തിലെ 24 ശതമാനം വളർച്ചയിൽ പ്രതിഫലിക്കുന്നു. ധനദൃഢീകരണം സൂചികകളിൽ വ്യക്തമാണ്. വിലക്കയറ്റം നേരിടാൻ നീക്കിവെച്ച 2000 കോടി രൂപയും കേന്ദ്രം അവ​ഗണിച്ച റബർ കർഷകരെ സഹായിക്കാനായി 600 കോടി രൂപ സബ്സിഡിയായി അനുവദിച്ചതും അടക്കമുള്ള ബജറ്റ് നിർദേശങ്ങൾ ജനങ്ങളുടെ ജീവിത ഭാരം കുറയ്ക്കാനുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യത്തെ പ്രതിഫലിപ്പിക്കുന്നു. പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും ആഘാതത്തിൽ നിന്ന് മുക്തമാവുകയാണ് നാട്. അത്തരം പ്രയാസങ്ങളെയും കേന്ദ്രസർക്കാരിന്റെ അവ​ഗണന നിറഞ്ഞതും അസമത്വം വർധിപ്പിക്കുന്നതുമായ  സമീപനങ്ങളെയും അതിജീവിച്ച് ഈ നാടിനെ മുന്നോട്ടുനയിക്കാനുദ്ദേശിച്ചുള്ള ബജറ്റിനെ കേരളജനത സർവ്വാത്മനാ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പ്രതീക്ഷ പങ്കുവച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം