Asianet News MalayalamAsianet News Malayalam

നികുതിഭാരമില്ലാത്തത് പ്രാണവായുവിനു മാത്രം, ബജറ്റ് നികുതികൊള്ളക്കെതിരെ 'തീപാറുന്ന സമരം'; പ്രഖ്യാപിച്ച് സുധാകരൻ

നികുതികൊള്ളയ്‌ക്കെതിരേ ജനങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്ക് ജനങ്ങളെ സര്‍ക്കാര്‍ തള്ളിവിടുകയാണെന്നും സുധാകരൻ

k sudhakaran against kn balagopal kerala budget 2023 asd
Author
First Published Feb 3, 2023, 6:16 PM IST

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ നികുതി കൂട്ടിയതിനെതിരെ അതിശക്തമായ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതച്ചെലവ് കുത്തനേ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരേ ഉയരുന്ന അതിശക്തമായ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നതെന്ന് കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കി. സഹസ്ര കോടികള്‍ നികുതിയിനത്തില്‍ പിരിച്ചെടുക്കാതെയാണ് സര്‍ക്കാര്‍ 4000 കോടി രൂപയുടെ അധിക നികുതി ഇപ്പോള്‍  ഒറ്റയടിക്ക് ചുമത്തിയത്. പ്രാണവായുവിനു മാത്രമാണ് ഇപ്പോള്‍ നികുതിഭാരം ഇല്ലാത്തത്. നികുതികൊള്ളയ്‌ക്കെതിരേ ജനങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്ക് ജനങ്ങളെ സര്‍ക്കാര്‍ തള്ളിവിടുകയാണെന്നും സുധാകരൻ പറഞ്ഞു.

'എല്ലാ മദ്യത്തിനും വില കൂടുന്നില്ല'; വ്യക്തത വരുത്തി ധനമന്ത്രി

മുമ്പും സര്‍ക്കാരുകള്‍ നികുതി കൂട്ടിയിട്ടുണ്ടെങ്കിലും അതോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസം കിട്ടുന്ന നടപടികളും നാടിനു പ്രയോജനം ചെയ്യുന്ന പദ്ധതികളും പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ അതൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, പാവപ്പെട്ടവരുടെ  സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പോലും കൂട്ടിയില്ല. എല്ലാവര്‍ഷവും പെന്‍ഷന്‍ തുക കൂട്ടുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സര്‍ക്കാരാണിത്. പുതിയ  വന്‍കിട പദ്ധതികളില്ല. യു ഡി എഫിന്റെ കാലത്തു തുടങ്ങിവച്ച വന്‍കിട പദ്ധതികള്‍ മുടന്തുമ്പോള്‍, സര്‍ക്കാരിന്റെ പിന്തുണയുമില്ലെന്നും സുധാകരൻ ചൂണ്ടികാട്ടി.

സംസ്ഥാന സര്‍ക്കാര്‍ അധിക സെസ് ചുമത്തിയതോതെ ഇന്ധനവില അസഹനീയമായ നിലയിലെത്തി. വൈദ്യുതി തീരുവ, കെട്ടിട നികുതി, വാഹന നികുതി, മദ്യ നികുതി തുടങ്ങിയ    നിരക്കു വര്‍ധനകള്‍ സമസ്ത മേഖലകളെയും എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കും. അതു സൃഷ്ടിക്കുന്ന നാണ്യപ്പെരുപ്പവും പ്രയാസങ്ങളും  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാധാരണ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം ദുസഹമാക്കമെന്നും കെ പി സി സി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ ധൂര്‍ത്തിനും പാഴ്‌ച്ചെലവുകള്‍ക്കും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ചെലവു ചുരുക്കി മാതൃക കാട്ടാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഏകാധിപതികളും ഭരണകൂടങ്ങളും ഈ രീതിയില്‍ ജനങ്ങളുടെ മേല്‍ ഭാരം അടിച്ചേല്പിച്ചിട്ടുണ്ടെങ്കിലും അവരെല്ലാം ജനരോഷത്തിനു മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്നും സുധാകരന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios