
തിരുവനന്തപുരം: മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത തീർത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് പ്രതിസന്ധികൾ മറികടന്ന് നാടിൻ്റെ പുരോഗതിയ്ക്കും ശോഭനമായ ഭാവിക്കുമായി കേരളം ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് സമാധാനാന്തരീക്ഷം തകർക്കുക എന്ന ദുഷ്ടലാക്കോടെ നടത്തിയ ഈ കൊലപാതകങ്ങൾ. നാടിൻ്റെ നന്മയ്ക്ക് വിഘാതം സൃഷ്ടിക്കാനായി നടത്തിയ ഈ നിഷ്ഠുര കൃത്യങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാരിൻ്റെ ഭാഗത്തു നിന്നുമുണ്ടാകും. അവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. അതിനുള്ള നിർദേശം പൊലീസിന് നൽകിയിട്ടുണ്ട്.
കേരളത്തിൽ പുലരുന്ന സാഹോദര്യവും സമാധാനവും ഇല്ലാതാക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല. ജനങ്ങളെ ചേർത്തു നിർത്തി അത്തരം ശ്രമങ്ങൾക്കെതിരെ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിക്കും. ഒരുമിച്ച് ഒരു മനസ്സോടെ മുന്നോട്ടു പോകും. മൈത്രിയുടേയും മാനവികതയുടേയും കേരള മാതൃക സംരക്ഷിക്കും. വർഗീയതയുടെയും സങ്കുചിതത്വത്തിൻ്റെയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. പ്രകോപനനീക്കങ്ങളിലും കിംവദന്തികളിലും വശംവദരാകാതെ സമാധാനവും സൗഹാർദവും സംരക്ഷിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
Read Also; പാലക്കാട്ട് സർവ്വകക്ഷി യോഗം നാളെ; ബിജെപി പങ്കെടുക്കും
പാലക്കാട് ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സർക്കാർ വിളിച്ച സര്‍വ്വകക്ഷി യോഗത്തിൽ ബിജെപി പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. പോപ്പുലര്‍ ഫ്രണ്ട് സര്‍വ്വകക്ഷി യോഗത്തതില്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ, ബിജെപി തീരുമാനമെടുത്തിരുന്നില്ല. നാളെ വൈകിട്ട് മൂന്നിന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. വേണ്ടിവന്നാല്‍ അക്രമികളെ അടിച്ചമര്‍ത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ രണ്ട് രാഷ്ട്രീയകൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചും കൂടുതല്‍ പൊലീസ് വിന്യാസം നടത്തിയും ക്രമസമാധാന നില പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സര്‍വ്വകക്ഷി യോഗം വിളിച്ച് സംഘര്‍ഷത്തിന് അയവ് വരുത്താനുള്ള സര്‍ക്കാര്‍ നീക്കം. നാളെ ജില്ലാ കളക്ടറേറ്റിലാണ് യോഗം.
അക്രമികളോട് എന്ത് ചര്‍ച്ച ചെയ്യാനാണെന്നായിരുന്നു യോഗത്തെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പ്രതികരണം. പൊലീസിന്‍റെ കൈയ്യില്‍ വിലങ്ങിട്ടിരിക്കുകയാണെന്ന വിമര്‍ശനവും ബിജെപി ഉയര്‍ത്തി. ഇതോടെ ബിജെപി യോഗത്തിൽ പങ്കെടുക്കുമോ എന്ന് സംശയമുയർന്നിരുന്നു.
അതിനിടെ ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചു. ഉച്ചയോടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി വിലാപയാത്രയായി മൂത്താന്തറ കർണകിയമ്മൻ സ്‌കൂളിൽ എത്തിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനടക്കം വിലാപയാത്രയിൽ പങ്കെടുത്തു. വീട്ടിലെത്തിച്ച് അന്തിമോപചാര ചടങ്ങുകൾ പൂർത്തിയാക്കി കറുകോടി മൂത്താൻ സമുദായ ശ്‌മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam